ഓരോ ദിവസവും കൊല്ലപ്പെടുന്നത് 1500 റഷ്യൻ സൈനികർ: ബ്രിട്ടീഷ് സേനാ മേധാവി
Monday, November 11, 2024 12:17 AM IST
ലണ്ടൻ: യുക്രെയ്ൻ അധിനിവേശത്തിനു റഷ്യൻ സേന വലിയ വിലകൊടുക്കുന്നതായി ബ്രിട്ടീഷ് സായുധസേനാ മേധാവി അഡ്മിറൽ ടോണി റഡാകിൻ. കഴിഞ്ഞമാസം റഷ്യൻ സേനയ്ക്കു വലിയതോതിൽ ആൾനാശമുണ്ടായി. ഓരോ ദിവസവും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന റഷ്യൻ സൈനികരുടെ എണ്ണം ശരാശരി 1500 ആണെന്ന് അദ്ദേഹം ബിബിസിയോടു പറഞ്ഞു. രണ്ടരവർഷം പിന്നിട്ട അധിനിവേശത്തിൽ റഷ്യൻ ഭാഗത്ത് ഏറ്റവും കൂടുതൽ ആൾനാശം നേരിട്ട സമയമാണിത്.
റഷ്യൻസേന യുക്രെയ്നിൽ മുന്നേറുന്നതായി അഡ്മിറൽ സമ്മതിച്ചു. എന്നാൽ ഒരുതുണ്ട് ഭൂമിക്കുവേണ്ടി വലിയ വിലയാണു റഷ്യൻ സേന നല്കുന്നത്. റഷ്യൻ സർക്കാർ പൊതുചെലവിന്റെ 40 ശതമാനവും യുദ്ധാവശ്യത്തിന് ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മോസ്കോയിൽ വൻ ഡ്രോൺ ആക്രമണം
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണു യുക്രെയ്ൻ തൊടുത്തത്. മോസ്കോ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഡ്രോണുകളെല്ലാം വെടിവച്ചിട്ട് ആക്രമണം പരാജയപ്പെടുത്തിയെന്നു റഷ്യ അറിയിച്ചു. ഒരാൾക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മോസ്കോയിലെ മൂന്നു വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. 36 സർവീസുകൾ വഴിതിരിച്ചുവിടേണ്ടിവന്നു. റഷ്യയിലെ ബ്രിയാൻസ്കിലുള്ള ആയുധപ്പുരയ്ക്കു നേർക്കും ഡ്രൗോൺ ആക്രമണം നടത്തിയെന്നു യുക്രെയ്ൻ അറിയിച്ചു.
ഇതേസമയം, റഷ്യൻ സേന യുക്രെയ്നിൽ 145 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി.