കാന്റർബറി ആർച്ച്ബിഷപ് രാജിവച്ചു
Tuesday, November 12, 2024 11:42 PM IST
ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി രാജിവച്ചു. 1970-80 കാലഘട്ടത്തിൽ ഒരു സഭാംഗം ബ്രിട്ടനിലും ആഫ്രിക്കൻ രാജ്യങ്ങളിലും ബാലപീഡനങ്ങൾ നടത്തിയതായി ആരോപിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രാജി.
പീഡനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും ആർച്ച്ബിഷപ് ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കുറ്റാരോപിതന്റെ പീഡനങ്ങൾ സഭ പതിറ്റാണ്ടുകളായി മറച്ചുവച്ചതായി കമ്മീഷൻ കണ്ടെത്തി. കുറ്റാരോപിതൻ 77-ാം വയസിൽ ഒരു വിചാരണയും നേരിടാതെ ദക്ഷിണാഫ്രിക്കയിൽ മരിച്ചു.
സംഭവത്തിൽ വ്യക്തിപരമായും സഭാപരമായും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്ന് ആർച്ച്ബിഷപ് വെൽബി അറിയിച്ചു.
കുറ്റാരോപിതന്റെ കാര്യം 2013ൽ പോലീസിനു റിപ്പോർട്ട് ചെയ്തെന്നാണ് തന്നെ അറിയിച്ചതെന്നും ഉചിതമായ തുടർ നടപടികളുണ്ടാകുമെന്ന് താൻ തെറ്റായി ധരിച്ചുപോയെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.