സാമന്ത ഹാർവിക്ക് ബുക്കർ പുരസ്കാരം
Thursday, November 14, 2024 12:59 AM IST
ലണ്ടൻ: ഒറ്റ ദിവസം 16 പകലിരവുകൾ. മിനിട്ടുകൾക്കുള്ളിൽ ഇരുട്ടിവെളുക്കുന്ന അഭൗമണ്ഡലത്തിലെ അതിശയജീവിതം. ആ അദ്ഭുതത്തിന്റെ കഥപറഞ്ഞ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക് ഇത്തവണത്തെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലാണ് സാമന്തയ്ക്കു പുരസ്കാരം നേടിക്കൊടുത്തത്.
ആദ്യമായാണ് ബഹിരാകാശ ജീവിതം പറയുന്ന പുസ്തകത്തിനു ബുക്കർ ലഭിക്കുന്നത്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകംകൂടിയാണ് ഓർബിറ്റൽ. ഇക്കൊല്ലം 29,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലംവയ്ക്കുന്ന കഥയാണു നോവൽ പറയുന്നത്.
ഓരോ മനുഷ്യജീവിതത്തിന്റെയും വ്യക്തിപരവും കൂട്ടായതുമായ മൂല്യത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോൾത്തന്നെ ഭൂമിയുടെ മഹത്വം നിരീക്ഷിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ഒതുക്കമുള്ളതും എന്നാൽ, മനോഹരവുമായ നോവൽ എന്നാണ് ജൂറി ഓർബിറ്റലിനെ വിശേഷിപ്പിച്ചത്.
ഭൂമിക്കുവേണ്ടി സംസാരിക്കുന്ന, ഭൂമിക്കെതിരല്ലാത്ത എല്ലാവർക്കുമായി പുരസ്കാരം സമർപ്പിക്കുന്നതായി സാമന്ത പറഞ്ഞു. ബുക്കര്‍ പുരസ്കാര ചരിത്രത്തില്‍, രണ്ടാമത്തെ ഏറ്റവും ചെറിയ പുസ്തകമാണ് ഓര്‍ബിറ്റൽ-136 പേജ് മാത്രം.
ബുക്കർ നേടിയ ഏറ്റവും ചെറിയ കൃതി പെനിലോപ് ഫിറ്റ്സ് ജെറാള്‍ഡിന്റെ ഓഫ്ഷോര്‍ ആണ്. ഇതിന് 132 പേജുകളാണുള്ളത്. ഓര്‍ബിറ്റല്‍, സാമന്തയുടെ അഞ്ചാമത്തെ പുസ്തകമാണ്. 50,000 പൗണ്ടാണ് അവാർഡ് തുക. കോവിഡ് ലോക്ഡൗൺ കാലത്ത് എഴുതാനാരംഭിച്ച നോവൽ 2023 നവംബറിലാണു പ്രസിദ്ധീകരിച്ചത്.