അലംഭാവം അനീതിക്കു കൂട്ടുനിൽക്കൽ: കാലാവസ്ഥാ ഉച്ചകോടിയിൽ വത്തിക്കാൻ
Thursday, November 14, 2024 12:59 AM IST
ബാക്കു: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ പുലർത്തുന്ന അലംഭാവം അനീതിക്കു കൂട്ടുനിൽക്കലാണെന്ന് വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയത്രോ പരോളിൻ.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 29-ാമതു കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി29) ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഭ്യമായ ശാസ്ത്രീയ പഠനങ്ങളെല്ലാംതന്നെ കാലാവസ്ഥാ വ്യതിയാനത്തിൽ അടിയന്തര നടപടികളാവശ്യപ്പെടുന്നുവെന്ന് കർദിനാൾ പറഞ്ഞു. സൃഷ്ടിയുടെ സംരക്ഷണമാണ് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയം. സൃഷ്ടിയുടെ സംരക്ഷണം സമാധാനത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആളുകളെ കൂടുതൽ അടുപ്പിക്കുന്ന ആഗോളവത്കരണം മൂലം നമുക്കാർക്കും സഹോദരീ സഹോദരങ്ങളെന്ന തോന്നലുണ്ടാകുന്നില്ല. സാന്പത്തികവികസനം അസമത്വം ദൂരീകരിക്കുന്നില്ല.
ലാഭത്തിലും പ്രത്യേക താത്പര്യങ്ങളിലും അധിഷ്ഠിതമായ ആഗോളവത്കരണം പാരിസ്ഥിതിക പ്രശ്നങ്ങളെ വഷളാക്കുകയേ ചെയ്യുന്നുള്ളൂവെന്ന് കർദിനാൾ പരോളിൻ ഓർമിപ്പിച്ചു. 11ന് അരംഭിച്ച കാലാവസ്ഥാ ഉച്ചകോടി 22നാണ് അവസാനിക്കുന്നത്.