ചൈനയിൽ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറി 35 മരണം
Tuesday, November 12, 2024 11:42 PM IST
ബെയ്ജിംഗ്: ചൈനയിലെ ഷുഹായ് നഗരത്തിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 35 പേർ മരിക്കുകയും 43 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നഗരത്തിലെ സ്പോർട്സ് സ്റ്റേഡിയത്തിനു പുറത്തായിരുന്നു സംഭവം.
ആളുകൾ ഗ്രൂപ്പായി സ്റ്റേഡിയത്തിനു ചുറ്റും നടത്തവും ഓട്ടവും അടക്കമുള്ള വ്യായാമങ്ങളിലേർപ്പെട്ടിരിക്കേയാണ് കാർ ഇടിച്ചുകയറിയത്. അതിവേഗത്തിൽ വന്ന കാർ ആളുകളെ ഇടിച്ചുതെറിപ്പിച്ചു പോവുകയായിരുന്നു. കാർ ഓടിച്ച ഫാൻ എന്ന അറുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെടാൻശ്രമിച്ച ഇയാളെ പിടികൂടുകയായിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട വസ്തു ഇടപാടിലെ അതൃപ്തിയാണ് ഇയാളെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന സംശയമുണ്ട്. സ്വയം ഏൽപ്പിച്ച പരിക്കുമൂലം അബോധാവസ്ഥയിലായ ഇയാളെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ചൈനീസ് സേനയുടെ എയർഷോ നടന്നുവരുന്ന ഷുഹായ് നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. കാർ അപകടത്തിന്റെ ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യങ്ങളിൽ ഭൂരിഭാഗവും ചൈനീസ് സോഷ്യൽ മീഡിയകളിൽനിന്നു നീക്കം ചെയ്യപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.