അഞ്ച് ഇറേനിയൻ സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു
Monday, November 11, 2024 11:44 PM IST
ടെഹ്റാൻ: ഇറാനിലെ പാക്കിസ്ഥാൻ അതിർത്തിക്ക് സമീപം ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സുരക്ഷാസൈനികർ കൊല്ലപ്പെട്ടു. റെവലൂഷനറി ഗാർഡിന്റെ ബസിജ് ഫോഴ്സിലെ അംഗങ്ങളാണ് മരിച്ചത്. സിസ്റ്റൻ ആൻഡ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ സരവൺ നഗരത്തിലാണ് സംഭവം.
ടെഹ്റാനിൽനിന്ന് 1,400 കിലോമീറ്റർ അകലെയുള്ള നഗരമാണ് സരവൺ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മൂന്നു തീവ്രവാദികളെ റെവലൂഷനറി ഗാർഡ് വധിച്ചതായും ഒൻപതു പേരെ അറസ്റ്റ് ചെയ്തതായും സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തെങ്കിലും അവർ ഏത് വിഭാഗത്തിൽപ്പെട്ടവർ ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കിയില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ സമാനരീതിയിൽ നടന്ന ആക്രമണത്തിന് പിന്നിൽ ജയ്ഷ് അൽ അദ്ൽ എന്ന സംഘടനയായിരുന്നു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ആക്രമണങ്ങൾ പതിവാണ്. സുന്നി ഭൂരിപക്ഷപ്രദേശമായ ഇവിടത്തെ ജനങ്ങളും ഇറാനിലെ ഷിയ ഭരണകൂടവുമായി നല്ല ബന്ധമല്ല നിലനിൽക്കുന്നത്.