പോളണ്ടിൽ അമേരിക്കയുടെ പുതിയ മിസൈൽ ആസ്ഥാനം
Thursday, November 14, 2024 12:59 AM IST
വാർസോ: റഷ്യയോട് അടുത്തു കിടക്കുന്ന പോളണ്ടിൽ അമേരിക്കയുടെ പുതിയ മിസൈൽ ആസ്ഥാനം ഇന്നലെ തുറന്നു. ബാൾട്ടിക് തീരത്ത് റെഡ്സിക്കോവോ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം 24 വർഷം മുന്പ് നിർമാണമാരംഭിച്ചതാണ്.
നിർമാണം പൂർത്തിയാക്കാൻ ഏറെനാൾ എടുത്തെങ്കിലും അമേരിക്കയുമായുള്ള സൈനികസഖ്യത്തിന്റെ ദൃഢത വ്യക്തമാക്കുന്നതാണു മിസൈൽ ആസ്ഥാനമെന്ന് പോളിഷ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഹ്രസ്വ, മധ്യദൂര ബാലിസ്റ്റ് മിസൈലുകളെ വെടിവച്ചിടാൻ ശേഷിയുള്ള ആസ്ഥാനം തങ്ങളെ ലക്ഷ്യമിട്ടാണെന്നു റഷ്യ ആരോപിക്കുന്നു.
എന്നാൽ പശ്ചിമേഷ്യയിൽനിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാനേ നിലവിൽ ഈ കേന്ദ്രത്തിനു കഴിയൂ എന്നും റഷ്യൻ ആക്രമണത്തെ ചെറുക്കണമെങ്കിൽ റഡാറിന്റെ ദിശ മാറ്റേണ്ടിവരുമെന്നും സൈനികവൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നാറ്റോ രാജ്യങ്ങളുടെ സംരക്ഷണത്തിനുള്ള വിപുലമായ മിസൈൽ പ്രതിരോധത്തിന്റെ ഭാഗമാണ് ഈ ആസ്ഥാനം. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ പോകുന്നതിനു മുന്പായിട്ടാണ് ആസ്ഥാനത്തിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നാറ്റോ ഫണ്ടിലേക്ക് അംഗരാജ്യങ്ങൾ വേണ്ടത്ര സംഭാവന നല്കുന്നില്ലെന്ന ആക്ഷേപം ട്രംപിനുണ്ട്. ഫണ്ട് വിഹിതം കുറവുള്ള രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക ഉണ്ടാവില്ലെന്നു ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.