പീറ്റ് ഹെഗ്സെത്ത് പെന്റഗൺ മേധാവി
Thursday, November 14, 2024 12:59 AM IST
വാഷിംഗ്ടൺ ഡിസി: ടെലിവിഷൻ അവതാരകനും മുൻ സൈനികനുമായ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നാല്പത്തിനാലുകാരനായ ഹെഗ്സെത്ത് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പെന്റഗൺ മേധാവി എന്ന നിലയിൽ യുക്രെയ്ൻ യുദ്ധത്തിലും പശ്ചിമേഷ്യാ സംഘർഷത്തിലും നിർണായക തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്വം പീറ്റ് ഹെഗ്സെത്തിന് ആയിരിക്കും. ട്രംപിനെ പിന്തുണയ്ക്കുന്ന ഫോക്സ് ന്യൂസ് ചാനലിൽ ഹെഗ്സെത്ത് പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
നാഷണൽ ഇന്റലിജൻസ് മുൻ മേധാവി ജോൺ റാറ്റ്ക്ലിഫിനെ സിഐഎ തലവനായി നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. അർക്കൻസാസ് ഗവർണർ മൈക്ക് ഹക്കബി ഇസ്രയേലിലെ അമേരിക്കൻ അംബാസഡറാകും.
മുൻ സൈനികരും ജനപ്രതിനിധിസഭാംഗവുമായ മൈക്കിൾ വാൾട്സ് ആണ് അമേരിക്കയുടെ അടുത്ത ദേശീയസുരക്ഷാ ഉപദേഷ്ടാവ്. സൗത്ത് ഡെക്കോട്ട ഗവർണർ ക്രിസ്റ്റി നോയമിനെ ആഭ്യന്തരസുരക്ഷാ സെക്രട്ടറിയായി നിയമിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.