തേനി ദേശീയപാത നിർമാണം: ബൈപ്പാസ് ഒഴിവാക്കി അലൈൻമെന്റ് നടത്തണമെന്ന് കേരള കോൺഗ്രസ് -ജേക്കബ്
1465552
Friday, November 1, 2024 2:03 AM IST
കൊല്ലം: തേനി ദേശീയപാതയിലെ ബൈപ്പാസ് ഒഴിവാക്കി അലൈൻമെന്റ് നടത്തണമെന്ന് കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ്.
കുണ്ടറ നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെരിനാട് റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗത്ത് നിന്ന് തുടങ്ങുന്ന ബൈപ്പാസ് മുട്ടം വഴി ഭരണിക്കാവിൽ എത്തുന്നതിനിടയിൽ നൂറുകണക്കിന് വീടുകൾ മാറ്റേണ്ടിവരും.
കല്ലടയിലെ കൃഷിയിടങ്ങളേയും പാടശേഖരങ്ങളേയും സാരമായി ബാധിക്കും. നിലവിലെ പാത നിലനിർത്തി ദേശീയപാത വികസനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ടി. ബാബു അധ്യക്ഷത വഹിച്ചു. ഉന്നത അധികാര സമിതി അംഗം അഡ്വ. പ്രവീൺകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എഡ്വേർഡ് പരിച്ചേരി, മിനി സത്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ റാണി സുരേഷ്, പ്രജാത, ടി.ഡി. സിറിൽ, എ.പി. ഫ്രാൻസിസ്, ജോൺ ലോറൻസ്, പാസ്കാൾ, സുനിൽ, സജി, സെബാസ്റ്റ്യൻ, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.