റബർ വിലയിടിവ്; കർഷകർ നിരാശയിൽ
1464830
Tuesday, October 29, 2024 7:02 AM IST
അഞ്ചൽ: രണ്ടുമാസം മുമ്പുവരെ ഉത്സവ പ്രതീതിയിലായിരുന്ന റബര്‍ മേഖലയില്‍ ഇപ്പോള്‍ ഉയരുന്നത് കര്‍ഷകന്റെ വിലാപം. റബര്‍ ബോര്‍ഡ് 184 രൂപ വില പറയുന്നുണ്ടെങ്കിലും ഇതിലും 10 മുതല്‍ 14 രൂപ വരെ കുറച്ച് എടുക്കാമെന്ന നിലപാടിലാണ് വ്യാപാരികള്‍.
സംസ്ഥാനത്തെ പലയിടത്തും റബര്‍ഷീറ്റ് വാങ്ങുന്നത് കച്ചവടക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടിക്കടി വില താഴുന്നതിനാല്‍ നഷ്ടം വരുന്നതും ടയര്‍ കമ്പനികള്‍ ചരക്ക് വാങ്ങാന്‍ താല്പര്യം കാണിക്കാത്തതുമാണ് മാന്ദ്യത്തിന് കാരണം.
രാജ്യത്തെ പ്രമുഖ ടയര്‍ കമ്പനികളെല്ലാം കഴിഞ്ഞ രണ്ടു മാസത്തിനിടെ ടണ്‍ കണക്കിന് റബറാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിച്ചത് ഒരൊറ്റ കാര്യമാണ്, ആഭ്യന്തര വില ഇടിക്കുക. ഇപ്പോള്‍ ആഭ്യന്തര ഡിമാന്‍ഡ് കൂപ്പുകുത്തിയതോടെ വിലയും താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിയാണെങ്കിൽ വില താഴുമോയെന്ന് ആശങ്കയുള്ളതായി കർഷക കോൺഗ്രസ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
ടയര്‍ കമ്പനികളുടെ പക്കൽ ആവശ്യത്തിലധികം ചരക്ക് കരുതലായുണ്ട്. അവർ വിപണിയിൽ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. പരിധിയില്‍ കൂടുതല്‍ താഴുന്ന അവസരത്തില്‍ സ്റ്റോക്ക് ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ടയര്‍ കമ്പനികള്‍. രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ സിംഹഭാഗവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. അതിനാൽ ടയര്‍ കമ്പനികള്‍ക്ക് വില നിശ്ചയിക്കാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
പ്രതിദിനം വില പ്രസിദ്ധീകരിക്കുക എന്നതിലുപരി മറ്റൊരു കാര്യവും റബര്‍ ബോര്‍ഡ് ചെയ്യുന്നില്ല. റബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കര്‍ഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ല. ടാപ്പിംഗ് നടത്തുന്നതിനുള്ള കൂലി പോലും ലഭിക്കാത്ത അവസ്ഥയിലാണ് കര്‍ഷകരില്‍ പലരും.
റബറിന് 250 രൂപയിലെത്തിയപ്പോള് വലിയ ആവേശത്തോടെ തോട്ടങ്ങളിൽ കളയെടുപ്പും വളം ഇടീലും മഴമറയും ഒക്കെ ഇട്ട് ടാപ്പിംഗ് ആരംഭിച്ചിരുന്നു. ഇപ്പോൾ കിട്ടുന്ന വരുമാനം കൂലി കൊടുക്കാന്‍ പോലും തികയില്ലെന്ന സ്ഥിതിയായി. ദീര്‍ഘകാലത്തിനുശേഷം റബര്‍ മേഖലയില്‍ ഉണ്ടായ ഉണര്‍വ് രണ്ടുമാസത്തിനുള്ളില്‍ കെട്ടടങ്ങിയത് മലയോര മേഖലകളില്‍ സാമ്പത്തികമാന്ദ്യത്തിനും കാരണമായിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും കേരള സർക്കാരും അടിയന്തിരമായി കേന്ദ്രത്തിൽ ഇടപെട്ട് റബർ കർഷകരുടെ ആശങ്ക അകറ്റുന്നതിന് പരിശ്രമിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആവശ്യപ്പെട്ടു.