പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഊരുവലത്ത് ഭക്തിസാന്ദ്രമായി
1465551
Friday, November 1, 2024 2:03 AM IST
ചവറ: പന്മന സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഊരുവലത്ത് നടന്നു. വാദ്യമേളങ്ങള്‍, വായ്ക്കുരവ എന്നിവയുടെ അകമ്പടിയോടെ പന്മന തമ്പുരാന് പന്മന ശരവണന്റെ പുറത്തേറി ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരം വഴി ഊരുവലത്തിനായി പുറപ്പെട്ടു.
ചൂരൂര് മഠം രാജശേഖരന്, നെടുമണ്‍ കാവ് മണികണ്ഠന് എന്നീ ഗജവീരന്മാര് അകമ്പടി സേവിച്ചു. നിരവധി ഭക്തർ ഊരുവലത്ത് പുറപ്പെടുന്നത് കാണാനായി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട ഈരുവലത്ത് ഇടപ്പള്ളിക്കോട്ടയിലെത്തി. തുടര്‍ന്ന് വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി പരിയാരത്ത് ക്ഷേത്രത്തിലെത്തി ഇറക്കി പൂജ നടത്തി.
മുഖംമൂടി മുക്ക്, കൊട്ടുകാട്, ചവറ ഭരണിക്കാവ് വഴി കൊറ്റന്‍കുളങ്ങര വഴി ദേശീയപാതയിലൂടെ ശങ്കരമംഗലം കാമന് കുളങ്ങര മഹാദേവ ക്ഷേത്രത്തിലെത്തി പൂജ നടത്തി. ശേഷം പന്മന ക്ഷേത്രത്തിലെത്തി പള്ളി വേട്ട നടന്നു.
ഊരുവലത്ത് കടന്ന് പോയ സ്ഥലങ്ങളില്‍ ഭക്തർ നിലവിളക്ക്കൊളുത്തി ദേവനെ എതിരേറ്റു. ഇന്ന് മൂന്നിന് പന്മന ക്ഷേത്രത്തില്‍ നിന്ന് ആറാട്ട് എഴുന്നള്ളത്ത് കാമന്‍കുളങ്ങര ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ചശേഷം അഞ്ചുമനയ്ക്കല്‍ ക്ഷേത്രം ടിഎസ് കനാല്‍ കടന്ന് അറബിക്കടലില്‍ ആറാട്ട് നടത്തും. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ ഊരുവലത്ത് ഉത്സവത്തിന് സമാപനമാകും.