മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിച്ചാൽ എൻജിൻ പണിമുടക്കും...ജാഗ്രത
1465056
Wednesday, October 30, 2024 6:22 AM IST
കൊല്ലം : മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിച്ചാൽ എൻജിൻ പണിമുടക്കുന്ന ചെപ്പടിവിദ്യയുമായാണ് വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അലനും അനന്തനും ജില്ലാ സ്കൂൾ ശാസ്ത്രോത്സ വത്തിന്റെ ഭാഗമായി സെന്റ് അലോഷ്യസ് സ്ളുളിൽ നടന്ന വൊക്കേഷണൽ എക്സ്പോയിലെത്തിയത്.
ആൽക്കഹോൾ ഡിറ്റക്ഷൻ ആന്റ് എൻജിൻ ലോക്കിംഗ് സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്. എം ക്യൂ ത്രി സെൻസർ, ആർഡി നോ നാനോ ബോർഡ്, റിലേ മൊഡ്യൂൾ കൂടാതെ പവർ സപ്ലൈ ചെയ്യാൻ ലാപ്ടോപ് വേണമെങ്കിൽ ഉപയോഗിക്കാം.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഏറെകുറെ തടയാനാകുമെന്നാണ് ഇരുവരും പറയുന്നത്. ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാൽ രണ്ടായിരം രൂപയോളം മാത്രമെ നിർമാണചെലവ് വരികയുള്ളു. ഒരാഴ്ച മൂന്നുമണിക്കുറോളം ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ഉദ്ഘാടന സമ്മേളനം വൈകി
കൊല്ലം : വൈകിയ ഉദ്ഘാടന സമ്മേളനത്തോടെയാണ് ഇക്കുറി ജില്ലാ ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞത്. രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനം പറഞ്ഞെങ്കിലും മന്ത്രി വരാൻ വൈകിയതു മൂലം സമ്മേളനം വൈകുകയായിരുന്നു. അധ്യാപരും വിദ്യാർഥികളും രക്ഷിതാക്കളും പൊരിവെയിലത്ത് മന്ത്രിയെ കാത്ത് നിൽക്കുകയായിരുന്നു.
ഒടുവിൽ എം. മുകേഷ് എംഎൽഎ യുടെ അധ്യക്ഷതയിൽ 12 ന് യോഗം തുടങ്ങി. ചടങ്ങിൽ വൊക്കേഷണൽ എക്സ്പോയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിച്ചു. ഇതിനിടയിൽ12.45 ഓടെ മന്ത്രി കെ.എൻ. ബാലഗോപാലെത്തി. നട്ടുച്ചയായതുകൊണ്ടാകാം മന്ത്രിയെ ആനയിക്കാൻ ആരുമെത്തിയില്ല. അപ്പോഴേക്കും പലവഴിക്ക് നിന്ന സംഘാടകർ ഉൾപ്പടെയുള്ളവരെല്ലൊം ഉദ്ഘാട വേദിയിലേക്ക് എത്തി.
പ്രസംഗത്തിന് പ്രസക്തി നഷ്ടപ്പെട്ടതായി മന്ത്രിക്ക് തോന്നിയതുകൊണ്ടാകാം വളരെ കുറഞ്ഞ വാക്കുകളിൽ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദി വിട്ടു.