നന്നങ്ങാടി പുനരാവിഷ്കരിച്ച് വിദ്യാര്‍ഥിനികൾ
1465393
Thursday, October 31, 2024 6:31 AM IST
കൊല്ലം: ആയിരം വർഷത്തിലേറെ മുന്‍പുള്ള കാലത്തെ മൃതദേഹ സംസ്കാര രീതിയായ നന്നങ്ങാടികൾ പുനരാവിഷ്കരിച്ച് വിദ്യാർഥിനികൾ. കൊല്ലം സെന്റ് ജോസഫ് കോൺവന്റ് എച്ച്എസ്എസിൽ നടന്ന സോഷ്യൽ സയൻസ് മേളയിലാണ് പുരാതന ജീവിത രീതികൾ ആവിഷ്കരിച്ചത്.
മുനിമാരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന സ്ഥലമാണ് മുനിയറ. വീര മൃത്യു വരിച്ച സൈനികരെ അടക്കുന്നിടമാണ് വീരക്കല്ലുകൾ. മഹാശിലായുഗ കാലഘട്ടത്തിൽ മൃതദേഹ സംസ്കാരം നടത്തിയിരുന്ന വലിയ മൺപാത്രങ്ങളാണ് നന്നങ്ങാടികൾ.
ഇതിന്റെ അവശിഷ്ടങ്ങൾ എല്ലാ ജില്ലകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൺമറഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പാതയിലേക്ക് വിരൽ ചൂണ്ടുന്ന അനുഭവ ശിലകളാണ് വിദ്യാർഥിനികൾ രൂപപ്പെടുത്തിയത്.
കരുനാഗപ്പള്ളി ബോയ്സ് എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാർഥിനി ദേവികയും പ്ലസ് വൺ വിദ്യാർഥിനി തസ്നിയുമാണ് നന്നങ്ങാടി ചിത്രീകരിച്ചത്.