കണ്ടത് പുലിതന്നെയെന്ന് നാട്ടുകാർ; കാട്ടുപൂച്ചയെന്ന് വനപാലകർ
1489385
Monday, December 23, 2024 3:54 AM IST
ഉളിക്കൽ: ഉളിക്കൽ നെല്ലൂരിൽ ഇന്നലെ രാവിലെ ടാപ്പിംഗിനെത്തിയ ബെന്നിയെന്ന തൊഴിലാളിയാണ് തോട്ടത്തിൽ പുലിയെ കണ്ടതായി പറയുന്നത്. ബെന്നി വിവരം അറിയച്ചതിനെത്തുടർന്ന് ഉളിക്കൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പോലീസ് അറിയിച്ചതിനെത്തുടർന്ന് വനപാലകർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . എന്നാൽ ഇത് കാട്ടുപൂച്ചയോ മറ്റോ ആകാമെന്നാണ് വനപാലകരുടെ നിഗമനം. വന്യജീവിയെ കണ്ടതിന്റെ ഭയത്തിലാണ് സമീപവാസികൾ. വന്യജീവിയെ കണ്ടു എന്നുപറയുന്ന പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനാണ് വനപകരുടെ തീരുമാനം. റബർ ടാപ്പിംഗ് സീസണായതുകൊണ്ട് പുലർച്ചെ ടാപ്പിംഗ് പോകുന്ന തൊഴിലാളികൾ അതീവ ജാഗ്രതപാലിക്കണമെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പുലിപ്പേടിയിലാണ് മലയോരം.