ക്രിസ്മസ് കൂട്ടായ്മകൾ നാടിനെ ധന്യമാക്കും: മാർ ജോസഫ് പണ്ടാരശേരിൽ
1488866
Saturday, December 21, 2024 5:56 AM IST
കണ്ണൂർ: ക്രിസ്തുവിന്റെ ജനനം ഓർക്കുന്പോൾ പ്രതീക്ഷ വർധിക്കുകയാണു വേണ്ടതെന്നും അടുത്ത കുറച്ചുനാളുകളായി യുവജനതയിൽ പ്രതീക്ഷ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്നും കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. കണ്ണൂർ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സ്നേഹിക്കാൻ ഒരാളുണ്ടാകുന്നതും ഏറ്റുവാങ്ങാൻ ഒരാളുണ്ടാകുന്നതുമാണ് ക്രിസ്മസ് നൽകുന്ന സന്ദേശം. സ്നേഹം കുറയുന്നതിന് കൂട്ടായ്മ ഇല്ലാത്ത പ്രവർത്തനമാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇത്തരം കൂടിച്ചേരലുകൾ സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും പ്രവർത്തിക്കുന്നതിന് ഇടയായാൽ ക്രിസ്മസ് ധന്യമായെന്നും നാടിന്റെ മുന്നോട്ടുള്ള നല്ല യാത്രയ്ക്ക് കൂട്ടായ്മകൾ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്നും മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാത പിന്തുടർന്ന് ഐക്യത്തോടെ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് നാടിന്റെ ആവശ്യമെന്ന് അധ്യക്ഷത വഹിച്ച കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. ഇതിനായി എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കണം. അതിനാകണം ക്രിസ്മസ് ആഘോഷം. ക്രിസ്തുവിന്റെ ജീവിതം ഉൾക്കൊണ്ടുകൊണ്ട് സാക്ഷികളായി പ്രവർത്തിക്കണം. സഭാ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിഷപ് ഓർമിപ്പിച്ചു.
ദൈവം കൂടെയുള്ള ജനതയാണ് ഇന്നിന്റെ ആവശ്യമെന്നും ക്രിസ്മസ് സന്ദേശവും ദൈവം കൂടെയുണ്ടാകണമെന്നുള്ളതാണെന്നും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. നമ്മൾ മറ്റുള്ളവരെ കൂട്ടിച്ചേർത്ത് കൊണ്ടുപോകുന്നിടത്താണ് ക്രിസ്മസ് യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈഎംസിഎ ദേശീയ പ്രസിഡന്റ് വിൻസെന്റ് ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിസ്റ്റർ അർച്ചന യുഎംഐ, കപ്പൂച്ചിൻ പ്രൊവിൻഷ്യൽ റവ. ഡോ. സന്തോഷ് കരിങ്ങട, കണ്ണൂർ രൂപത പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ നഗരത്തിലെ വിവിധ ഇടവകകളിൽ നിന്നും സ്കൂളുകളിൽനിന്നും കലാപരിപാടികളും അവതരിപ്പിച്ചു.