ആറളം ഫാമിലെ ആനമതിൽ; മന്ത്രിയുടെ നിർദേശത്തിനും പുല്ലുവില
1488868
Saturday, December 21, 2024 5:56 AM IST
ഇരിട്ടി: ആറളം ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ. കേളു നൽകിയ നിർദേശത്തിനും പുല്ലുവില. കഴിഞ്ഞ മാസം 23ന് മന്ത്രി ഫാമിൽ നടത്തിയ അവലോകന യോഗത്തിൽ ആനമതിൽ നിർമാണം സംബന്ധിച്ചു മന്ത്രി സമയക്രമം നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുമാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഒരുവർഷം കഴിഞ്ഞാലും ആനമതിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം.
പ്രവൃത്തി വേഗത്തിലാക്കാനുള്ള ഒരു നടപടിയും കരാറുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നേരത്തേ മരംമുറിച്ചു മാറ്റിയ 1.896 കിലോമീറ്റർ ദൂരം മതിലിന്റെ പ്രവർത്തി ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു.
എന്നാൽ, ഇതുവരെ ഇവിടെ അരകിലോമീറ്റർ ദൂരത്തിൽ കൂപ്പുറോഡിന്റെ നിർമാണം പോലും പൂർത്തിയാക്കിയിട്ടില്ല. 1.896 കിലോമീറ്ററോളം കൂപ്പുറോഡ് നിർമാണം പൂർത്തിയാക്കിയിട്ടുവേണം മതിലിന്റെ പ്രവർത്തി ആരംഭിക്കാൻ. വളയംചാൽ വനം ഓഫിസ് പരിസരത്തു നിന്ന് തുടങ്ങി പരിപ്പ്തോട് ബ്ലോക്ക് 13/ 55 വരെ 9.890 കിലോമീറ്റർ നീളത്തിലാണു 37.9 കോടി രൂപ ചെലവിൽ മതിൽ നിർമിക്കുന്നത്. ഇതിൽ 3.150 കിലോമീറ്റർ ദൂരം മാത്രമാണ് പൂർണമായി മതിലിന്റെ നിർമാണം പൂർത്തിയായിരിക്കുന്നത്.
3.93 കിലോമീറ്റർ ദൂരം മതിലിന്റെ യാതൊരു നിർമാണവും ഇനിയും ആരംഭിച്ചിട്ടില്ല. ഇവിടെ 164 മരങ്ങൾ മുറിക്കണം. ഇക്കാര്യത്തിൽ മന്ത്രി നൽകിയ നിർദേശം ഉദ്യോഗസ്ഥ തലത്തിൽ അതേപടി നടപ്പാക്കിയതിനാൽ 23ന് ലേലം വച്ചിട്ടുണ്ട്. അവശേഷിച്ച ഒരു കിലോമീറ്ററോളം ദൂരം പ്രവൃത്തി നടക്കുന്നുണ്ട്. ഇതേസമയം പണി തുടങ്ങേണ്ട 3.93 കിലോമീറ്റർ ദൂരത്തിൽ 164 മരങ്ങൾ മുറിച്ചു നീക്കാൻ പരിഹാര വനവത്ക്കരണം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചിട്ടുണ്ട്. 23ന് മരംമുറി ലേലം വച്ചിട്ടുണ്ട്.