ക്രിസ്മസ്-പുതുവത്സരം കളർഫുള്ളാക്കാൻ പടക്ക വിപണി
1489381
Monday, December 23, 2024 3:54 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ക്രിസ്മസ്-പുതുവത്സരത്തിന് കാഴ്ച്ചവിസ്മയം ഒരുക്കാൻ പുതിയ ഉത്പന്നങ്ങളുമായി പടക്ക വിപണി സജീവമാകുന്നു. അഞ്ചുവശങ്ങളിലൂടെ പലതരത്തിൽ കത്തി മയിൽപ്പീലിക്കാഴ്ചയൊരുക്കുന്ന ‘പീകോക്ക് ’ വിപണിയിലെ പുതിയ താരമാണെന്നു കണ്ണൂർ താളിക്കാവ് റോയൽ ഫയർ ഉടമ കെ.പി. രാജീവൻ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ വിപണി സജീവമാകും.
അഞ്ച് സൈഡ് പീകോക്കിന് 400 രൂപയും നാല് സൈഡിന് 250 രൂപയുമാണു വില. കടും മഞ്ഞ നിറത്തിൽ കത്തുന്ന പൂക്കൾക്ക് 125 രൂപയും സ്വർണനിറത്തിന് 150 രൂപയുമാണു നൽകേണ്ടത്. വാട്ടർകൂൾ-180, പത്തെണ്ണമുള്ള ബട്ടർഫ്ലൈ പായ്ക്കറ്റിന് 150 , 30 ഷോട്ട് മേശപ്പൂ-450, കളർഷോട്ട് -600 എന്നിങ്ങനെയാണു വില. ബിഗസ്റ്റ് എന്നപേരിലുള്ള പൊട്ടുന്ന 200 എണ്ണമുള്ള ഒരു പെട്ടി പടക്കത്തിന് 8,500 രൂപയാണ് വില. പൊട്ടുന്ന പടക്കങ്ങളോടാണ് ഇപ്പോഴും പ്രിയം. ശബ്ദമുള്ള കമ്പിത്തിരിക്ക് 10 എണ്ണത്തിന് 150 രൂപയാണ് ഈടാക്കുന്നത്. തീയിൽ തൊട്ടാലും പൊള്ളാത്ത വാട്ടർ കൂൾ, വർണം പടർത്തി ചിത്രശലഭം പറന്നുയരുന്ന തരത്തിൽ നിന്നുകത്തുന്ന ബട്ടർഫ്ലൈ, 50 സെന്റീമീറ്റർ വരെ നീളമുള്ള പലനിറത്തിൽ കത്തുന്ന കമ്പിത്തിരികൾ, വർണവൈവിധ്യങ്ങളുടെ മേശപ്പൂക്കൾ, മാജിക് പെൻസിൽ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കഴിഞ്ഞു.
മുൻവർഷങ്ങളെപ്പോലെ സാമ്പത്തികമാന്ദ്യം ജനങ്ങളിൽ ഇത്തവണ ഇല്ലെന്നാണു 80 വർഷത്തിലധികമായി പടക്കവിപണിയിലുള്ള രാജീവൻ പറഞ്ഞു. അതിന് തെളിവാണ് ഇത്തവണ വിഷുവിന് നടന്ന മികച്ച വില്പന. പടക്കവിലയിൽ കാര്യമായ മാറ്റം ഇത്തവണയില്ല. ശിവകാശിയില്‍ നിന്നുള്ള പടക്കവും, പൂത്തിരിയും, നിലച്ചക്രവുമൊക്കെ ഉത്തര മലബാറിനെ ആഘോഷത്തിമിർപ്പിലാക്കാൻ എത്തിയിരിക്കുന്നത്. ക്രിസ്മസിന് ഏറ്റവുമധികം പടക്കങ്ങളും മറ്റും വിറ്റു പോകുന്നത് മലയോരമേഖലയിലാണ്. പുതുവത്സരത്തിനാകട്ടെ ടൗൺ പ്രദേശങ്ങളിലുമാണ്.
ഡാന്‍സിംഗ് അമ്പ്രല, ഗോള്‍ഡന്‍ ഡക്ക്, ബാറ്റ് ആൻഡ് ബോള്‍, ഗ്രാൻഡ് ഷോക്ക്,റൂബി എമറാൾഡ്, ഗ്രാൻഡ് ഓപ്പൺ എന്നിവയാണ് ഇത്തവണത്തെ താരങ്ങളെങ്കിലും ന്യൂജനറേഷന് ഏറ്റവും പ്രിയം ഹെലികോപ്റ്റര്‍ ഡ്രോണിനോടാണ്. ഡ്രോണ്‍ പോലെ ആകാശത്ത് പറന്ന് വര്‍ണ്ണങ്ങള്‍ വാരി വിതറും ഇവ. ആയിരം തവണ വരെ പൊട്ടുന്ന മള്‍ട്ടി ഷോട്സും യുവാക്കളുടെ ഹരമാണ്.
കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ കയ്യില്‍ കറങ്ങുന്ന കമ്പിത്തിരി, മഴവില്ല് തീര്‍ക്കുന്ന പൂക്കുറ്റി, ഉപരിതലത്തില്‍ നിറപ്പകിട്ടേകുന്ന നിലച്ചക്രം, കത്തിച്ച് രസിക്കാവുന്ന മാജിക് വിപ്പ് എന്നിവയും സുലഭമാണ്. ആയിരം രൂപം മുതല്‍ പതിനായിരങ്ങൾ വരെ വില വരുന്ന പടക്കങ്ങള്‍ വിപണിയിലുണ്ട്. ഹരിത പടക്കമാണ് പതിവുപോലെ ഇത്തവണയും മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മാലിന്യ മുക്തവും, പുക നിയന്ത്രണവുമാണ് പടക്കങ്ങളെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പടക്കങ്ങള്‍
വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
കടകള്‍ക്ക് അംഗീകൃത ലൈസന്‍സ് ഉണ്ടോ എന്നതാണ്. ഓണ്‍ലൈന്‍ ആയും വാഹനങ്ങളില്‍ എത്തിച്ചുമുള്ള പടക്ക കച്ചവടം ഇപ്പോള്‍ വ്യാപകമാണ്. അതിനാല്‍ തന്നെ ജില്ലാതല ലൈസന്‍സും പെട്രോളിയം ആൻഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ലൈസന്‍സുമുള്ള കടകളില്‍ നിന്നു വേണം പടക്കങ്ങള്‍ വാങ്ങാന്‍. ആഘോഷ വേളകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇതുതന്നെ മാര്‍ഗം.