കേരള യൂത്ത് ഫ്രണ്ട്-എം വനനിയമ ഭേദഗതി കരട് ബില്ല് കത്തിച്ചു പ്രതിഷേധിച്ചു
1489375
Monday, December 23, 2024 3:54 AM IST
കണ്ണൂർ: വനംവകുപ്പുദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതിനെതിരെ കേരള യൂത്ത് ഫ്രണ്ട്-എം വനനിയമ ഭേദഗതി കരട് ബില്ലിന്റെ പകർപ്പ് കത്തിച്ചു. കണ്ണൂരിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു.
വന്യജീവി ആക്രമണം തടയുന്നതിന് പകരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്ന ബിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള യൂത്ത് ഫ്രണ്ട്-എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പോലീസ് ഓഫീസര്‍മാര്‍ക്കു പോലും വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കണമെന്നിരിക്കെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് പോലും ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാമെന്ന പുതിയ നിയമം വലിയ തോതിൽ ദുരുപയോഗം ചെയ്യും. ഉദ്യോഗസ്ഥ മേധാവിത്വം മാത്രം ലക്ഷ്യമിട്ടുള്ള ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കേരള യൂത്ത് ഫ്രണ്ട്-എം മുന്നറിയിപ്പ് നൽകി.
കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, അമൽ ജോയി കൊന്നക്കൽ, ജയിംസ് മരുതാനിക്കാട്ട്, തോമസ് ചൂരനോലിൽ, റോഹൻ പൗലോസ്, ടോമിൻ തോമസ് പോൾ, മെൽബിൻ പാമ്പക്കൽ, കിഷോർ ചൂരനോലിൽ, റോയി ജോസഫ്, ലിന്റോ കുടിലിൽ, അരുൺ അയ്യമല, ബാബു അഴീക്കോട്, അമൽ കാവുങ്കൽ, ജിസ് കവുന്നുകാട്ടിൽ, വിനയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.