ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനങ്ങൾ മാറ്റുമോ ?
1489372
Monday, December 23, 2024 3:54 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനങ്ങൾ റസ്റ്റ് ഹൗസ് റോഡിനു സമീപം പോലീസ് വക സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് കസ്റ്റഡി വാഹനങ്ങളിലെ ഓയിലും തുരുമ്പും മണ്ണിലേക്ക് ഊർന്നിറങ്ങി ഇരിക്കൂർ ടൗണിലെ കിണർ വെള്ളം മലിനമാകുന്നു എന്നാണ് പ്രധാന ആരോപണം.
കോടതി നിർദേശപ്രകാരം ചില വാഹനങ്ങൾ നീക്കാനുള്ള നടപടി ഇരിക്കൂർ പോലീസ് ആരംഭിച്ചെങ്കിലും ഫണ്ടിന്റെ ദൗർലഭ്യം കാരണം എല്ലാം പാതി വഴിയിലാവുകയായിരുന്നു. വർഷങ്ങളായി വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. നാലുചക്ര വാഹനങ്ങളാണ് കൂടുതലും. മണൽ കടത്തിനു കസ്റ്റഡിയിൽ എടുത്തവയാണ് പിടികൂടിയവയിൽ ഏറെയും.
കേസിലെ തൊണ്ടിമുതലായതിനാൽ കേസ് തീരുന്നതു വരെ ഇവ സൂക്ഷിക്കേണ്ട അവസ്ഥയാണ്. റോഡരികിലും മറ്റും കൂട്ടിയിടുന്ന വാഹനങ്ങൾ പൊതുജനത്തിനു ശല്യമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഇവ നീക്കാൻ ജില്ലാ പോലീസ് ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രധാന റോഡിലും റെസ്റ്റ് ഹൗസ് റോഡിലും ഉള്ള വാഹനങ്ങൾ പോലീസ് സ്റ്റേഷന് പിറകിലെ സ്ഥലത്ത് കൂട്ടിയിട്ടു. 15 വർഷത്തിലധികം പഴക്കമുള്ളതാണെങ്കിൽ ആക്രി വിലയ്ക്ക് ലേലം ചെയ്യാനാണ് നിർദേശം. മോട്ടോർ വാഹനവകുപ്പ് വില നിശ്ചയിച്ചു നൽകും.
എന്നാൽ, നീക്കം ചെയ്യാൻ പോലീസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഭാഗത്തു നിന്ന് കാലതാമസം വന്നു. കാടുകയറി വാഹനങ്ങൾ കാണാനാകാത്ത വിധത്തിലാണുള്ളത്. കാടുവെട്ടി നീക്കാനും ഫണ്ട് വേണം.
വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേർസുകളും ഉള്ളത്. കാടുകയറിയ കസ്റ്റഡിവാഹനങ്ങൾക്കിടയിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.