കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ചു
Thursday, July 25, 2024 2:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ചു. ഓഗസ്റ്റ് ഒന്നിനു പുതിയ നിരക്കുകൾ നിലവിൽ വരും. കഴിഞ്ഞ വർഷം ഏപ്രിൽ 10നാണു കെട്ടിടനിർമാണ പെർമിറ്റ് ഫീസ് സർക്കാർ കുത്തനെ ഉയർത്തിയത്. വിവിധ മേഖലകളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നെങ്കിലും വർധിപ്പിച്ച ഫീസ് കുറയ്ക്കാൻ സർക്കാർ തയാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ, പെർമിറ്റ് ഫീസ് വർധിപ്പിച്ചതു പുനഃപരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു കൂട്ടിയ നിരക്കുകൾ 60 ശതമാനം വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാന്പത്തികവർഷത്തിന്റെ ആദ്യമാസമായ ഏപ്രിൽ 30 നകം ഒടുക്കുകയാണെങ്കിൽ അഞ്ചു ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർധനയിൽനിന്നു നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽനിന്നു 25 രൂപയായി കുറയ്ക്കും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽനിന്ന് 40 രൂപയായുമാണു കുറയ്ക്കുന്നത്.
300 സ്ക്വയർ മീറ്ററിനു മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറയ്ക്കും, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽനിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവു വരുത്തിയിട്ടുണ്ട്.
അധികമായി വാങ്ങിയ ഫീസ് തിരിച്ചു നല്‍കും
തിരുവനന്തപുരം: അധികമായി വാങ്ങിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് തുക തിരിച്ചു നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു കൊണ്ടുള്ള തീരുമാനത്തിന് 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.
അതിനാല്‍ ഈ കാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക്, ഒടുക്കിയ അധിക തുക തിരിച്ചു നല്‍കുക തന്നെ ചെയ്യുമെന്നും ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐഎല്‍ജിഎംഎസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം തയാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പെര്‍മിറ്റിനായുള്ള ഫീസ്, ഒരു ചതുരശ്ര മീറ്ററിനുള്ള നിരക്ക് രൂപയില്‍ (പഴയ നിരക്ക് ബ്രായ്ക്കറ്റില്‍). കെട്ടിടത്തിന്റെ തരം/ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി/ കോര്പറേഷന്
81-150 ചതുരശ്രമീറ്റര്‍
താമസം 25(50) 35(70) 40(100)
വ്യവസായം 30(50) 40(70) 50(120)
വാണിജ്യം 40(70) 50(90) 60(100)
മറ്റുള്ളവ 30(50) 40(70) 50(100)
151-300 ചതുരശ്ര മീറ്റര്‍
താമസം 50(100) 60(120) 70(150)
വ്യവസായം 50(100) 60(120) 70(150)
വാണിജ്യം 70(150) 80(150) 100(170)
മറ്റുള്ളവ 60(100) 70(120) 80(150)
300 ചതുരശ്ര മീറ്ററിന് മുകളില്‍
താമസം 100(150) 150(200) 150(200)
വ്യവസായം 100(150) 150(200) 150(200)
വാണിജ്യം 120(200) 150(250) 150(300)
മറ്റുള്ളവ 90(150) 100(200) 120(200)