രാഷ്ട്രപതി ഒപ്പിട്ടതു ഗവർണർക്കു തിരിച്ചടി: എം.വി. ഗോവിന്ദൻ
Friday, March 1, 2024 2:28 AM IST
പാലക്കാട്: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതു ഗവര്‍ണര്‍ക്കുള്ള വലിയ തിരിച്ചടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജില്ലയില്‍ ലോക്സഭാ തെരഞ്ഞടുപ്പു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
വ്യക്തമായ ധാരണയോടെ ജനാധിപത്യസംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയില്‍തന്നെയായിരുന്നു ഇതും. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയായിരുന്നു.
സുപ്രീംകോടതി ഇടപെടലുണ്ടായതോടെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന നില വന്നതോടെയാണ് ഗവർണർ ബില്ല് രാഷ്ട്രപതിക്ക് അയച്ചത്. ഒരു തരത്തിലും കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമാകരുത് എന്ന നിലയിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. രാഷ്ട്രപതി ഒപ്പിട്ടതോടെ സംസ്ഥാനസര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് അംഗീകരിക്കപ്പെട്ടു.
ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനുംകൂടിയുള്ള തിരിച്ചടിയാണിത്. വിഷയങ്ങളുടെ മെറിറ്റ് നോക്കിയല്ല പ്രതിപക്ഷത്തിന്റെഎതിര്പ്പ്. ഗവണ്മെന്റിനെ എന്തിലും എതിര്‍ക്കുകയെന്നതാണ് അവരുടെ നിലപാടെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.