പനയോലയില്‍ പഴമ തീര്‍ത്ത് വി.പി. സയോണ
Monday, December 4, 2023 1:59 AM IST
തിരുവനന്തപുരം: മണ്മറഞ്ഞു പോയ നാടന്‍ വീട്ടുപകരണങ്ങള്‍ പനയോലയില്‍ നിര്‍മിച്ച് പഴമയെ വീണ്ടെടുത്ത സയോണ ശാസ്ത്രമേളയിലെ പനയോല ഉപകരണ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പല വര്‍ണത്തിലുള്ള പനയോലകള്‍ ഉപയോഗിച്ച് സയോണ നിര്‍മിച്ചത് മുറം, വട്ടി, കൊട്ട, തുടങ്ങിയ നാടന്‍ ഉപകരണങ്ങളായിരുന്നു.
നാലാം ക്ലാസ് മുതല്‍ താന്‍ പനയോല കൊണ്ട് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയെന്നു സയോണ പറയുന്നു. പഴയ ഉപകരണങ്ങള്‍ മാത്രമല്ല പനയോലയില്‍ ഭംഗിയായി ഹാൻഡ് ബാഗും, അതിമനോഹര പൂക്കൊട്ടയും ഉണ്ടാക്കാന്‍ സയോണയ്ക്ക് അറിയാം.
കണ്ണൂര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സയോണ 17 വ്യത്യസ്ത ഉപകരണങ്ങളാണ് മത്സരത്തിനു വേണ്ടി നിര്‍മിച്ചത്. ചേച്ചി സാന്ത്വനയാണ് തന്നെ പലയോല ഉപയോഗിച്ചുള്ള ഉപകരണ നിര്‍മാണം പഠിപ്പിച്ചതെന്നും അമ്മ രാഖിയാണ് ചേച്ചിയെ പനയോല ഉപകരണ നിര്‍മാണം പഠിപ്പിച്ചതെന്നും സയോണ പറഞ്ഞു.
സയോണ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കറുണ്ടെന്നു അമ്മ രാഖി പറയുന്നു. ജില്ലയിലും ഉപജില്ലയിലും എ ഗ്രേഡ് നേടിയ സയോണയും കുടുംബവും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ്.