ഭൂഗര്‍ഭജലം താഴുന്നു; വെള്ളംകുടി മുട്ടുമെന്ന് മുന്നറിയിപ്പ്
Thursday, November 30, 2023 1:15 AM IST
റെജി ജോസഫ്
കോട്ടയം: വേനലിനു മുന്‍പേ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ ഗണ്യമായ കുറവുള്ളതായി മുന്നറിയിപ്പ്. മഴയില്‍ ഇക്കൊല്ലം 30 ശതമാനത്തിന്റെ കുറവുള്ളതിനാല്‍ ചൂടും ജലക്ഷാമവും രൂക്ഷമാകാനിരിക്കേയാണ് കുഴല്ക്കിണറുകളേറെയും വറ്റിക്കൊണ്ടിരിക്കുന്നത്.
സമീപകാല പ്രളയങ്ങളില്‍ മേല്‍മണ്ണ് ഒളിച്ചുപോയതിനാല് വെള്ളം സംഭരിക്കുന്നതില്‍ മണ്ണിന്റെ ശേഷിയിലുണ്ടായ കുറവും താപനില വര്‍ധനവുമാണ് കുഴല്‍ക്കിണറുകള്‍ വറ്റാന്‍ പ്രധാന കാരണങ്ങള്‍. മഹാപ്രളയങ്ങളില്‍ നദികളിലെ തടസങ്ങള്‍ നീങ്ങി ഒഴുക്ക് കൂടിയതിനാല്‍ മണ്ണിന് വെള്ളം സംഭരിക്കാനുള്ള ശേഷി കുറഞ്ഞു.
കേരളത്തില്‍ ഉപയോഗ്യമായ ഭൂഗര്‍ഭ ജലത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6.93 ശതമാനം കുറവുവന്നതായാണ് കേന്ദ്ര ഭൂഗര്‍ഭ ജലവകുപ്പിന്റെ പഠനം. കാസര്‍ഗോഡ് ജില്ലയാണ് കുഴല്‍ക്കിണര്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ മുന്നിലുള്ളത്. കുറവ് വയനാടും.
ശരാശരി 30 മുതല്‍ 40 ശതമാനം വരെ ഭൂഗര്‍ഭജലം സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. വീടുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കുഴല്‍കിണറുകളുടെ എണ്ണവും വര്‍ധിക്കുന്നു. കാസര്‍ഗോഡ്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഭൂഗര്‍ഭജല വിതാനം ഇക്കൊല്ലം കുത്തനെ താഴുമെന്നാണ് നിരീക്ഷണം.
കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് കാസര്‍ഗോഡ് ബ്ലോക്കിലെ 97.68 ശതമാനവും പാലക്കാട് ചിറ്റൂരിലെ 95 ശതമാനവും കോഴിക്കോട് ബാലുശേരി ബ്ലോക്കിലെ 80 ശതമാനവും ഭൂഗര്‍ഭജലം വിനിയോഗിച്ചു കഴിഞ്ഞു.
ഡിസംബര്‍ രണ്ടാം വാരത്തോടെ മഴ നിലയ്ക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് ഭൂജലവകുപ്പ് കണക്കാക്കുന്നു. തീര മേഖലയിലും ഭൂഗര്‍ഭജലം വലിയതോതില്‍ കുറയുന്നുണ്ട്. ഓരുവെള്ളത്തിന്റെ കയറ്റവും കൂടിയാകുമ്പോള്‍ തീരങ്ങളില്‍ കുഴല്‍ക്കിണറുകള്‍ ഉപയോഗിക്കാനാകാതെ വരും. തീരമേഖലയിലെ ഭൂഗര്‍ഭജലവിതാനത്തില്‍ അഞ്ച് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ കുറവുണ്ട്.
ജൂണ്‍- സെപ്റ്റംബര്‍ മാസങ്ങളില്‍ 55 ശതമാനവും തുലാമഴയില്‍ 15 ശതമാനവുമാണ് ഇക്കൊല്ലം മഴയില്‍ കുറവുണ്ടായിരിക്കുന്നത്.
വരുംവര്‍ഷം ജനുവരി മുതല്‍ മേയ് വരെ കഠിന വേനലിനാണ് സാധ്യതയെന്നും താപനില 40 ഗിഡ്രി കടന്നേക്കാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം. പ്രതിസന്ധി മുന്നില്‍കണ്ട് ജല ഉപയോഗം പരമാവധി കുറയ്ക്കാനാണ് നിർദേശം.