ഇരുൾ മാഞ്ഞു, വെളിച്ചത്തിലേക്ക്
Wednesday, November 29, 2023 2:02 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: ഉള്ളുരുകിയ പ്രാർഥനകൾ സഫലമായി. ഓയൂരിൽനിന്നു നാലംഗ അജ്ഞാത സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേൽ സാറായെ കൊല്ലം ആശ്രാമം മൈതാനിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഇതോടെ 20 മണിക്കൂർ നീണ്ട അനിശ്ചിതത്വവും ആശങ്കയും ആശ്വാസത്തിനു വഴിമാറി. ഇന്നലെ ഉച്ചയ്ക്ക് 1.30-നാണു കുട്ടിയെ കണ്ടെത്തിയത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനൽ സംഘത്തെ കണ്ടെത്താൻ രാത്രി വൈകിയും പോലീസിനു കഴിഞ്ഞിട്ടില്ല.
ഓട്ടോറിക്ഷയിൽ എത്തിയ യുവതിയാണു കുട്ടിയെ മൈതാനത്തെ ബെഞ്ചിൽ ഇരുത്തിയശേഷം മുങ്ങിയത്. കുട്ടിയും 35 വയസ് തോന്നിക്കുന്ന യുവതിയും പാർക്കിലെ ബെഞ്ചിൽ ഇരിക്കുന്നതു സമീപത്തുണ്ടായിരുന്ന കൊല്ലം എസ്എൻ കോളജിലെ വിദ്യാർഥിനികൾ കണ്ടിരുന്നു. അമ്മയും മകളുമാണെന്നാണ് അവർ കരുതിയത്.
മഞ്ഞ ചുരിദാറും വെള്ള ഷാളുമായിരുന്നു യുവതിയുടെ വേഷം. ഷാൾകൊണ്ടു മുഖം മറച്ചിരുന്നുവെന്നു മാത്രമല്ല, മാസ്കും ധരിച്ചിരുന്നു. കുട്ടിക്കും മാസ്ക് ഉണ്ടായിരുന്നു. കുറെ കഴിഞ്ഞ് അവിടുന്നു പോയ യുവതി തിരികെ വന്നില്ല. കുട്ടി ഒറ്റയ്ക്കിരിക്കുന്നതു കണ്ട വിദ്യാർഥിനികൾ അടുത്തു ചെന്ന് വിവരങ്ങൾ ആരാഞ്ഞു.
അപ്പോഴാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയാണു തങ്ങളുടെ മുന്നിലുള്ളതെന്ന് അവർ തിരിച്ചറിഞ്ഞത്. പരിസരത്ത് ഉണ്ടായിരുന്നവരുടെ സഹായത്തോടെ ഉടൻ ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി കുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം കൊല്ലം എആർ ക്യാമ്പിലേക്കു മാറ്റി.
കുട്ടിയെ ഒരു പോറൽ പോലും ഏൽക്കാതെയാണു തിരികെ കിട്ടിയതെന്നത് പോലീസിനും വലിയ ആശ്വാസമായി. ക്ഷീണിതയായ കുട്ടിക്കു ഭക്ഷണവും വെള്ളവുമൊക്കെ നൽകിയശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ കിട്ടിയതറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ അടക്കമുള്ളവരും ക്യാമ്പിൽ എത്തി. പിന്നാലെ പിതാവ് റെജിയെത്തി മകളെ വാരിപ്പുണർന്നു. തുടർന്ന് കുട്ടി മൊബൈൽ വീഡിയോ കോളിൽ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിച്ചു. ഇതിനുശേഷം അമ്മ സിജിയും എആർ ക്യാന്പിലെത്തി.
കുട്ടിയെയുംകൂട്ടി യുവതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലിങ്ക് റോഡിൽനിന്നാണ് ഓട്ടോറിക്ഷയിൽ കയറി ആശ്രാമം മൈതാനത്ത് ഇറങ്ങിയത്. കുട്ടിയെ കിട്ടിയ വിവരം അറിഞ്ഞ ഉടൻ ഓട്ടോ ഡ്രൈവർ സജീവൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി.
കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞ കോളജ് വിദ്യാർഥിനികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ ഒരു ഓട്ടോയും കാറും കിടക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ഇവയിൽ ഏതിലെങ്കിലും കയറി യുവതി കടന്നുകളഞ്ഞു എന്നാണു പോലീസ് കരുതുന്നത്.
അതേസമയം, തട്ടിക്കൊണ്ടു പോകലിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്ന് എഡിജിപി എം.ആർ. അജിത്കുമാർ പറഞ്ഞു. തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയത് ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണെന്നു കുട്ടി പോലീസിനോടു പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അവരിൽ ആരെയും പരിചയമില്ല. വലിയ വീട്ടിലാണു താമസിച്ചത്. കാർട്ടൂൺ കാണിച്ച് ഭക്ഷണവും നൽകി. അടുത്ത ദിവസങ്ങളിൽ കുട്ടിയിൽനിന്നു കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.