കുട്ടനാട്ടിലെ ജപ്തി ചെയ്ത മിച്ചഭൂമി ലേലത്തിൽ വിറ്റതു സാധൂകരിക്കും
Wednesday, November 29, 2023 2:02 AM IST
തിരുവനന്തപുരം: കുട്ടനാട്ടിലെ ജപ്തി ചെയ്ത മിച്ചഭൂമി ലേലത്തിൽ വിറ്റ നടപടിയെ സാധൂകരിക്കാനും ഭൂമിയിൽ ക്രയവിക്രയത്തിന് അടക്കം ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ആലപ്പുഴയിലെ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജിൽ ഭൂമിയുടെ ക്രയവിക്രയവും പോക്കുവരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങൾ പിൻവലിക്കാനാണു തീരുമാനം.
കുട്ടനാട്ടിൽ മുരിക്കന്റെ കൈവശമുണ്ടായിരുന്ന മിച്ചഭൂമി കർഷകർക്കായി നൽകിയിരുന്നു. കൃഷിക്കായി നൽകിയ ഭൂമിയിൽ സഹകരണ ബാങ്കിൽനിന്നു വായ്പയെടുത്ത കർഷകർ പണം തിരികെ അടച്ചില്ല. ഇതേ തുടർന്നു ബാങ്ക് മിച്ചഭൂമി ജപ്തി ചെയ്തു. എന്നാൽ, ജപ്തി ചെയ്ത ഭൂമി പിന്നീട് ലേലത്തിൽ വില്പന നടത്തി. ബാങ്ക് ജപ്തി ചെയ്ത മിച്ചഭൂമി ലേലത്തിൽ വില്പന നടത്തിയതിൽ നിയമപ്രശ്നമുണ്ടെന്നും ഇതിൽ ഏറെ ദുരൂഹതയുണ്ടെന്നും ആരോപിച്ചു നൽകിയ പരാതിയിൽ 2012ൽ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ, വിജിലൻസ് അന്വേഷണത്തിൽ ബാങ്ക് ജപ്തി ചെയ്ത മിച്ചഭൂമി ലേലത്തിൽ വില്പന നടത്തിയതിൽ നിയമപ്രശ്നങ്ങളില്ലെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് നൽകി.
ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഭൂമിയുടെ ക്രയവിക്രയവും പോക്കുവരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.