തോട്ടണ്ടി വാങ്ങിയതിൽ 10.34 കോടി രൂപയുടെ അഴിമതിയെന്ന്
Thursday, October 27, 2016 12:21 PM IST
തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനും കാപ്പക്സും തോട്ടണ്ടി വാങ്ങിയതിൽ 10.34 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. അടിസ്‌ഥാനരഹിതമായ ആരോപണമെന്ന് ഫിഷറീസ്– കശുവണ്ടി വ്യവസായം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മറുപടി നൽകി. ആരോപണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ നിരാകരിച്ചു.

ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നു മന്ത്രി പറഞ്ഞു. തെളിഞ്ഞാൽ പണി അവസാനിപ്പിക്കാം. നാട്ടിൽ നന്നായി ജോലി ചെയ്തു വളർന്നു വന്നവളാണ്. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല ഇത്: മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

സ്പീക്കർക്ക് പ്രത്യേകം എഴുതി നല്കിയാണ് സതീശൻ ആരോപണം ഉന്നയിച്ചത്. ജൂൺ 17ന് ഐവറികോസ്റ്റ് തോട്ടണ്ടി സീബീ കമോഡിറ്റീസ് ടണ്ണിന് 1584 യുഎസ് ഡോളർ ക്വോട്ട് ചെയ്ത് നൽകിയ ടെൻഡറും പിന്നീട് എക്സൽ സയന്റിഫിക് നൽകിയ 1689 ഡോളറിന്റെ ക്വോട്ടും കൂടിയ വിലയാണെന്നു പറഞ്ഞു നിരസിച്ചു പത്തു ദിവസത്തിനകം ഒലാം ഇന്ത്യ എന്ന കമ്പനിയുടെ 1858 ഡോളറിന്റെ ടെൻഡർ സ്വീകരിച്ചു എന്നാണ് ഒരു ആരോപണം. ഒരു ടണ്ണിൽ 272 ഡോളറിന്റെ വ്യത്യാസമാണു വന്നത്. ഇതുവഴി 1.82 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. കമ്പനി പറഞ്ഞിരുന്ന ഗുണനിലവാരം തോട്ടണ്ടിക്ക് ഇല്ലായിരുന്നു.

ജൂലൈയിൽ വിനായക കൊമേഴ്സ്യൽ കമ്പനി 1886 ഡോളർ ആയി കാപ്പക്സിൽ ടെൻഡർ നൽകിയപ്പോൾ കൂടിയ വിലയാണെന്നു പറഞ്ഞു നിരസിച്ചു. ഇതേ കമ്പനി 2119 ഡോളറിന് കശുവണ്ടി വികസന കോർപറേഷന് തോട്ടണ്ടി നൽകി. തൂത്തുക്കുടി തുറമുഖത്തു കിടന്ന ഒരേ കൺസൈൻമെന്റ് തന്നെയാണ് രണ്ടു പ്രാവശ്യമായി രണ്ടു നിരക്കിൽ ടെൻഡർ നൽകിയത്.

കശുവണ്ടി കോർപറേഷനിൽ നാലു ടെൻഡറുകളിലൂടെ 3900 ടൺ തോട്ടണ്ടി വാങ്ങിയതിൽ 6.87 കോടി രൂപയും കാപ്പക്സിൽ രണ്ടു ടെൻഡറുകളിലായി 2000 ടൺ തോട്ടണ്ടി വാങ്ങിയതിൽ 3.47 കോടി രൂപയും ഉൾപ്പെടെ 10.34 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോപണങ്ങളുടെ പേരിൽ മാറ്റി നിർത്തപ്പെട്ടയാളാണ് കാപ്പക്സ് മാനേജിംഗ് ഡയറക്ടർ. കശുവണ്ടി വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ പശ്ചാത്തലവും അന്വേഷിക്കണം.


വിജിലൻസ് അന്വേഷണം നടത്തിയാൽ ഈ സർക്കാരിന്റെ രണ്ടാമത്തെ വിക്കറ്റ് വീഴുമെന്നും തെളിവു നൽകാൻ തയാറാണെന്നും സഭയ്ക്കു പുറത്ത് സതീശൻ പറഞ്ഞു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും. രണ്ടു മാനേജിംഗ് ഡയറക്ടർമാരെയും വിജിലൻസ് ക്ലിയറൻസ് വാങ്ങിയും മുഖ്യമന്ത്രിയുടെ അറിവോടെയുമാണു നിയമിച്ചതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്‌തമാക്കി.

ഇവരേക്കുറിച്ച് ഒരു പരാതിയും ഇപ്പോൾ നിലനിൽക്കുന്നില്ല. നാളുകളായി അടഞ്ഞു കിടന്ന ഫാക്ടറികൾ തുറക്കാനുള്ള ശ്രമങ്ങളെ തടയാൻ തുടക്കത്തിൽ തന്നെ നീക്കമുണ്ടായിരുന്നു.

കശുവണ്ടി കോർപറേഷനിൽ കിലോയ്ക്ക് 142 രൂപയ്ക്കാണ് ടെൻഡർ ഉറപ്പിച്ചത്. അവകാശപ്പെട്ട ഗുണനിലവാരം ഇല്ലാതിരുന്നതിനാൽ 138 രൂപ നൽകി. തൊട്ടടുത്ത ദിവസം കൂടുതൽ വിലയ്ക്ക് കാപ്പക്സിന് ക്വോട്ട് ചെയ്തതിനാൽ അതു നിരസിച്ചു. ഒലാം എന്ന കമ്പനി 125 രൂപയ്ക്കു ടെൻഡർ സമർപ്പിച്ചു.

ഗുണനിലവാരത്തിൽ കുറവു വന്നതിനാൽ 105 രൂപയേ കൊടുത്തുള്ളു. യാതൊരു അടിസ്‌ഥാനവുമില്ലാത്ത ആരോപണം സഭയിൽ വന്നു പറയുകയാണെന്നു മന്ത്രി കുറ്റപ്പെടുത്തി. സതീശൻ ആരോപിച്ചതു പോലെ ഡോളർ നിരക്കിലല്ല കശുവണ്ടി വാങ്ങിയത്.

ലോക്കൽ പർച്ചേസിന് രൂപ നിരക്കിൽ തന്നെയാണു വാങ്ങുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കാര്യം ഓർത്തായിരിക്കാം സതീശൻ ആരോപണം ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.

ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാകുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എന്നാൽ, വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.