സൂര്യാതപത്തിൽ രണ്ടു പേർ മരിച്ചു
സൂര്യാതപത്തിൽ രണ്ടു പേർ മരിച്ചു
Friday, April 29, 2016 1:35 PM IST
കടുത്തുരുത്തി: മത്സ്യബന്ധനത്തിനു പോയ തൊഴിലാളി സൂര്യാഘാതമേറ്റു മരിച്ചു. കല്ലറ മുണ്ടാർ അഞ്ചാം നമ്പർ വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ സാബു (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം.

കരിയാറിനു സമീപം ഒന്നാം ബ്ലോക്ക് പാടശേഖരത്തിലെ കൈത്തോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു സാബു. സമീപവാസിയായ തൈക്കൂട്ടത്തിൽ തിലകന്റെ ചിറയിലാണ് സൂര്യാഘാതമേറ്റ നിലയിൽ കിടന്നിരുന്നത്.

തിലകൻ നാട്ടുകാരുടെ സഹായത്തോടെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാബുവിനെ പിടിച്ചുയർത്താൻ ശ്രമിച്ചപ്പോൾ പൊള്ളലേറ്റ ഭാഗത്തെ തൊലി പൊളിഞ്ഞ് ഊരിപ്പോയി. മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മൃതദേഹം പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കാരം നടത്തും. ഭാര്യ ഗീത. മക്കൾ– ശ്രൂതി, ശരത്, അർജുൻ.

ആലക്കോട്(കണ്ണൂർ): മലയോരത്തു സൂര്യാതപമേറ്റു തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കരുവഞ്ചാൽ മണാട്ടിയിലെ വലിയകരോട്ട് ജോസഫ് (ജോയ്–65) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിവുപോലെ ജോലിക്കു പോയ ജോസഫിനെ ഉച്ചകഴിഞ്ഞു 2.30ഓടെ മണാട്ടി–കിലുക്കി റോഡിൽ ബോധരഹിതനായ നിലയിൽ നാട്ടുകാർ കാണുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റു കരുവാളിച്ചനിലയിലായിരുന്നു. നാട്ടുകാർ ഉടൻതന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കു ശേഷം പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ജോലി കഴിഞ്ഞു 10.30ഓടെ ജോസഫ് വീട്ടിലേക്കു തിരിച്ചതായാണു പറയുന്നത്. ബോധരഹിതനായി വീണ ഇദ്ദേഹം ദീർഘനേരം കനത്ത ചൂടിൽ റോഡിൽ കിടന്നതായും കരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു സംസ്കരിക്കും.

ഭാര്യ: ഡോളി കോലഞ്ചേരി കുടുംബാംഗം. മക്കൾ: ബിനോയ്, ബോബി, സോണിയ. മരുമകൻ: സെബാസ്റ്റ്യൻ പുത്തേട്ടുകളത്തിൽ (വെള്ളാട്).

<ആ>അട്ടപ്പാടിയിൽ ഒരു ഡസനോളം പേർക്കു സൂര്യാതപം

പാലക്കാട്: അട്ടപ്പാടി കുറവൻപാടിയിൽ ഇന്നലെമാത്രം ഒരു ഡസനോളം പേർക്കു സൂര്യാതപമേറ്റു. ഉണ്ണിമലയിൽ കുന്നിൽ അജിയുടെ കുഞ്ഞിന്റെ കഴുത്തിലും മുഖത്തും അടയാളങ്ങളുണ്ടായി. അജിയുടെ അമ്മ തങ്കമ്മയ്ക്കും പൊള്ളലേറ്റു. ഉണ്ണിമല പള്ളിക്കുസമീപം ജോലി ചെയ്തിരുന്ന പുതുവേലിൽ സനീഷിനും സൂര്യാതപമേറ്റു. ഡ്രൈവർമാരായ ബിനീഷ്, പ്രവീൺ, അജേഷ് എന്നിവരും തങ്കപ്പൻ, ദിനേഷ് എന്നിവരും ചൂടിന് ഇരയായി. ചൂട് 41 സെൽഷസിൽ താഴാതെ നിൽക്കുന്ന മലമ്പുഴയിൽ ഇന്നലെ 41.5 ആണ് താപനില.

ചാലക്കുടി കൊരട്ടി ചിറങ്ങരയിൽ പറമ്പിൽ ജോലിചെയ്തിരുന്ന ഗൃഹനാഥനു സൂര്യാതപമേറ്റു. ചന്ദ്രബോസി(52)നാണ് സൂര്യാതപമേറ്റ് ശരീരത്തിലെ തൊലി പൊളിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.