മാള: കുഴിക്കാട്ടുശേരി ഗ്രാമികയിൽ ദേശക്കാഴ്ച 2024 കലാ സാംസ്കാരികോത്സവം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമികയും ആളൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് ദേശക്കാഴ്ച സംഘടിപ്പിക്കുന്നത്. ഗ്രാമിക അക്കാദമി വാർഷികവും നൃത്തോത്സവവും നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.
കെ.ജി. ജോർജ് നഗറിലെ പി. വത്സല വേദിയിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പുരസ്കാര ജേതാക്കൾക്ക് ആദരവും കലാമത്സര വിജയികൾക്ക് അനുമോദനവും നൽകി. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, അംഗങ്ങളായ അഡ്വ. എം.എസ്. വിനയൻ, മിനി പോളി, കൊച്ചുത്രേസ്യ തോമസ്, ഗ്രാമിക ട്രഷറർ എൻ.പി. ഷിന്റോ, ജോയിന്റ് സെക്രട്ടറി അനീഷ് ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മാർഗംകളി, തിരുവാതിരക്കളി, കൈകൊട്ടിക്കളി, നാടോടിനൃത്തം, ഫ്യൂഷൻ ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന നൃത്താവതരണങ്ങൾ നടന്നു.
രണ്ടാം ദിവസം നടന്ന കാർന്നോര് കൂട്ടത്തിൽ ആളൂർ പഞ്ചായത്തിലെ 80 വയസിനു മുകളിൽ പ്രായമുള്ള നൂറ്റി അമ്പതോളം പേർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൊതു പ്രവർത്തകരായ പോൾ കോക്കാട്ട്, കാതറിൻ പോൾ, എൻ.കെ.ജോസഫ്, എം.എസ്. മൊയ്തീൻ, എടത്താട്ടിൽ മാധവൻ എന്നിവരെയും നാടൻപാട്ട് കലാകാരൻ തേശ്ശേരി നാരായണൻ, പാരമ്പര്യ ബാല ചികിത്സകൻ ടി.കെ.ഗോപാലൻ വൈദ്യർ, മികച്ച ജൈവകർഷൻ ഉണ്ണി ആളൂർ, തങ്കമ്മ എന്നിവരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ആദരിച്ചു.
ഇന്നലെ കുട്ടികളുടെ നാടക പരിശീലന കളരി വേനൽമഴ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കുട്ടികൾ ചേർന്നു മങ്കിയ എന്ന നാടകം അവതരിപ്പിച്ചു. തുടർന്ന് നാടകരാവിൽ ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ഭക്തക്രിയ നാടകവും ഉണ്ടാകും. അഞ്ചിനു പൈതൃകോത്സവത്തോടെ ദേശക്കാഴ്ച സമാപിക്കും.