കണ്ണിൽ മരച്ചില്ല തുളച്ചുകയറിയ യുവാവിന്റെ കാഴ്ച വീണ്ടെടുത്തു
1494142
Friday, January 10, 2025 6:40 AM IST
തിരുവനന്തപുരം: റോഡപകടത്തിൽ കണ്ണിൽ മരച്ചില്ല തുളഞ്ഞു കയറി ഗുരുതര പരുക്കേറ്റ 24 കാരന്റെ കാഴ്ച അടിയന്തര ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്ത് കിംസ് ഹെൽത്ത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡിലേക്കു വീണപ്പോഴാണു കൊല്ലം സ്വദേശിയായ യുവാവിന്റെ ഇടതു കണ്ണിലേക്ക് മരച്ചില്ല തുളച്ചുകയറിയത്.
രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്തു പ്രാഥമിക ചികിത്സയ്ക്കുശേഷം കൊല്ലത്തുനിന്നു തിരുവനന്തപുരം കിംസ്ഹെൽത്തിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു. ന്യൂറോ സർജന്മാരുടെയും, ഇഎൻടി, ഒഫ്താൽമോളജി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ വിഭാഗം ഡോക്ടർമാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് രോഗിയുടെ ആരോഗ്യനില വീണ്ടെടുത്തത്.
ഇഎൻടി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ. സലിൽ കുമാർ, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൂരജ് കുമാർ, ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഡെയ്സി കരൺ, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ജി. ഗോപൻ, ഡോ. എൻ.എസ്. അരുൺ എന്നിവർ ശസ്ത്രക്രിയയുടെ ഭാഗമായി.