വൈക്കം സത്യഗ്രഹം, നിർമിതബുദ്ധി വിജ്ഞാന കോശങ്ങളുടെ പ്രകാശനം
1493853
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വൈക്കം സത്യഗ്രഹം, നിർമിതബുദ്ധി വിജ്ഞാനകോശങ്ങളുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
നിയമസഭാ മന്ദിരത്തിൽ നടക്കുന്ന മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പ്രകാശന ചടങ്ങ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ വൈക്കം സത്യഗ്രഹം വിജ്ഞാനകോശവും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എഡിറ്റർ ആർ. അനിരുദ്ധൻ നിർമിതബുദ്ധി വിജ്ഞാനകോശവും മന്ത്രി സജി ചെറിയാനിൽനിന്നും സ്വീകരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ പുറത്തിറക്കിയിരുന്ന മഹാകവി കുമാരനാശാൻ വിജ്ഞാനകോശത്തിന്റെ മുഖചിത്രത്തിനുവേണ്ടി സംഘടിപ്പിച്ച രചനാമത്സരത്തിലെ വിജയികൾക്കു മന്ത്രി പുരസ്കാരം സമ്മാനിച്ചു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ജോസഫൈൻ നന്ദിയും പറഞ്ഞു.