കേരള ഫോക്ഫെസ്റ്റിവലില് നാട്ടുമലയാളം
1493852
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ യും കേന്ദ്ര സാംസ്കാരിക വകുപ്പ് സൗത്ത് സോണ്‍ കള്‍ച്ചര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കേരള ഫോക്ക് ഫെസ്റ്റിവല്‍ "നാട്ടുമലയാളം' സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വൈലോപ്പിള്ളി സംസ്കൃതിഭവനില് ഉദ്ഘാടനം ചെയ്തു.
എല്ലാ മനുഷ്യര്‍ക്കും അസ്വദിക്കാന്‍ കഴിയുന്ന കലാരൂപങ്ങളാണ് നാടന്‍ കലകള്‍. പരമ്പരാഗതമായ അറിവുകളാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നതെന്നും ദിവ്യ എസ്. അയ്യര്‍ അഭിപ്രായപ്പെട്ടു.
വൈലോപ്പിള്ളി സംസ്കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ് അധ്യക്ഷനായി. കോളീജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കെ. സുധീര്‍, ഭരണ സമിതിയംഗം രാജേഷ് ചിറപ്പാട്, അഡ്വ. സുരേഷ് സോമ, എസ്. വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള ഗ്രാമങ്ങളില്‍ നിന്നും അന്യമായി പോകുന്ന നാടന്‍കലകളായ തെയ്യം, തിറ, പൂതന്‍, കരിങ്കാളിയാട്ടം, കാവടിയാട്ടം, കാളകളി, ആനകളി, കരകാട്ടം, പന്തക്കാളിയാട്ടം, മയിലാട്ടം, നാടന്‍പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള നാട്ടുമലയാളം പരിപാടി ജനാര്ദ്ദനന് പുതുശേരിയും സംഘവും അവതരിപ്പിച്ചു.
രാജുവള്ളുവനാട്, സുബി, സുഭില, ശ്രീലക്ഷ്മി, സുഭാഷ്നാഥ്, അമൃതദാസ്, രാജേഷ് തുടങ്ങി ഇരുപതോളം കലാകാരന്മാരാണ് വേദിയിലെത്തിയത്. ജനുവരി 10 വരെ ഫോക് ഫെസ്റ്റിവല്‍ ഉണ്ടാകും.