പ്രഫ. കെ. അയ്യപ്പൻപിള്ളയെ അനുസ്മരിച്ചു
1494140
Friday, January 10, 2025 6:40 AM IST
തിരുവനന്തപുരം: വളരെ സംശുദ്ധമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. കെ. അയ്യപ്പൻപിള്ളയെന്നു മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അഡ്വ. കെ. അയ്യപ്പൻപിള്ളയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു സഹൃദയവേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസ് ക്ലബ് ഹാളിലായിരുന്നു ചടങ്ങ്. പ്രശസ്ത ന്യൂറോളജിസ്റ്റും സഹൃദയവേദി പ്രസിഡന്റുമായ ഡോ. ഷാജി പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. അയ്യപ്പൻ പിള്ളയുടെ മകൾ ഗീതരാജ്കുമാർ അച്ഛന്റെ ഓർമകൾ പങ്കുവച്ചു.
പ്രശസ്ത എഴുത്തുകാരൻ പ്രഫ. ജി.എൻ. പണിക്കർ, ബിജെപി നേതാവ് കെ. രാമൻപിള്ള, ചരിത്രപണ്ഡിതൻ പ്രഫ. ടി.പി. ശങ്കരൻകുട്ടി നായർ, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തന്പാൻ, പ്രശസ്ത പ്രമേഹ രോഗ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്, കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി,
അഡ്വ. യൂനുസ് കുഞ്ഞ്, സുരേഷ് രാജ്, മെട്രോസ്കാൻസ് എംഡി ഐ.സി. ചെറിയാൻ, ശ്രീദേവി ലാബ് ആൻഡ് സ്കാൻസ് എംഡി എസ്. അജിത എന്നിവരെ ടി.പി. ശ്രീനിവാസൻ പൊന്നാട ചാർത്തി ആദരിച്ചു. സഹൃദയവേദി സെക്രട്ടറി പൂവച്ചൽ ഉഷ സ്വാഗതവും അഡ്വ കൊണ്ണിയൂർ എസ്. ഹരിശ്ചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.