ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
സുപ്രസിദ്ധ റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയി (1828-1910) "രണ്ട് സഹോദരങ്ങൾ' എന്ന പേരിൽ എഴുതിയ ഒരു കഥ. രണ്ടു സഹോദരന്മാർ ഒരുമിച്ച് ഒരു യാത്ര പോയി. നട്ടുച്ചനേരമായപ്പോൾ അവർ ഒരു വനത്തിലെ മരത്തണലിൽ ഭക്ഷണം കഴിച്ചു വിശ്രമിച്ചു. ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഇപ്രകാരം എഴുതപ്പെട്ടിരുന്നു: "ഈ കല്ല് ആരു കാണാനിടയാകുന്നുവോ അയാൾ അതിരാവിലെ വനത്തിന്റെ ഉള്ളിലേക്കു പോകണം.
കുറെ കഴിയുന്പോൾ അവിടെ ഒരു നദി കാണാനാവും. ആ നദി നീന്തിക്കടന്ന് മറുകരയെത്തണം. അപ്പോൾ ഒരു കരടിയെയും അതിന്റെ കുഞ്ഞുങ്ങളെയും കാണാനാവും. ഉടനെ ആ കരടിക്കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് അടുത്തു കാണുന്ന ഉയരമുള്ള മലയിലേക്കു പിന്നോട്ടു തിരിഞ്ഞുനോക്കാതെ ഓടിക്കയറണം. മലയുടെ മുകളിൽ ഒരു വീടുണ്ടാകും. ആ വീട്ടിൽ അയാൾ സന്തോഷം കണ്ടെത്തണം.'
ഈ സന്ദേശം വായിച്ചപ്പോൾ ഇളയവൻ പറഞ്ഞു: "നമുക്കൊരുമിച്ചു പോകാം. നദി എളുപ്പത്തിൽ നീന്തിക്കടക്കാം. കരടിക്കുഞ്ഞുങ്ങളെയും എടുത്തുകൊണ്ടു മലയിലേക്ക് ഓടിക്കയറാം. അപ്പോൾ, നമുക്കൊരുമിച്ചു സന്തോഷം കണ്ടെത്താനാകും.’
ഉടനെ, മൂത്തവൻ പറഞ്ഞു: "വനത്തിലേക്കു പോകാനും നദി നീന്തിക്കടക്കാനും കരടിക്കുഞ്ഞുങ്ങളെയുംകൊണ്ടു മലമുകളിലേക്ക് ഓടിക്കയറാനും എന്നെക്കിട്ടില്ല. കല്ലിൽ എഴുതിയിരിക്കുന്ന സന്ദേശം ശരിയാണോ എന്ന് എങ്ങനെ അറിയാം? ആരെങ്കിലും തമാശയ്ക്ക് എഴുതിയതായിരിക്കാം'.
അല്പം ആലോചിച്ച ശേഷം മൂത്തവൻ തുടർന്നു: "ഈ സന്ദേശം ശരിയാണെന്നിരിക്കട്ടെ. എന്നാൽ, നമ്മൾ വനത്തിലേക്കു പോയാൽ ഇരുട്ടാകുന്പോൾ വഴിതെറ്റി നദി കണ്ടെത്താൻ സാധിച്ചു എന്നു വരില്ല. ഇനി, നദി കണ്ടെത്തിയാൽത്തന്നെ അതു നീന്തിക്കടക്കാനാവുമെന്ന് എന്താണ് ഉറപ്പ്. ഒരു പക്ഷേ, നദി നീന്തിക്കടക്കാൻ സാധിച്ചാൽത്തന്നെ എങ്ങനെയാണ് കരടിയുടെ കൈകളിൽനിന്ന് അതിന്റെ കുഞ്ഞുങ്ങളെ പിടിച്ചെടുക്കാൻ സാധിക്കുക? അതും നമുക്കു സാധിച്ചെന്നു കരുതുക. ആ കരടിക്കുഞ്ഞുങ്ങളെയുംകൊണ്ടു മലമുകളിലെത്താനും സാധിച്ചുവെന്നു കരുതുക. പക്ഷേ, ആ മലമുകളിൽ കണ്ടെത്തുന്ന സന്തോഷമാണ് നാം ആഗ്രഹിക്കുന്ന സന്തോഷമെന്ന് എന്തു തീർച്ചയാണുള്ളത്?'
മലമുകളിലേക്ക്
അപ്പോൾ അനുജൻ പറഞ്ഞു: എന്റെ അഭിപ്രായത്തിൽ ജ്യേഷ്ഠൻ പറയുന്നതു തെറ്റാണ്. എന്തെങ്കിലും നല്ല കാരണമില്ലാതെ ഈ കല്ലിൽ ഇങ്ങനെയൊരു സന്ദേശം ആരെങ്കിലും കൊത്തിവയ്ക്കാൻ ഇടയില്ല. അതു മാത്രമല്ല. ഈ ലോകത്തിൽ നാം വിജയിക്കണമെങ്കിൽ അതിനു നാം പരിശ്രമിച്ചേ മതിയാകൂ. നാം പരിശ്രമിക്കാതിരുന്നാലോ? അതു പിന്നീടു നഷ്ടബോധത്തിൽനിന്നുണ്ടാകുന്ന ദുഃഖത്തിനു കാരണമാകും.'
ഈ വാദഗതികളൊന്നും മൂത്തവന്റെ മനസു മാറ്റാൻ പര്യാപ്തമായില്ല. ഇത്തരമൊരു സാഹസത്തിനു താനില്ല എന്ന് അയാൾ തീർത്തുപറഞ്ഞു. അപ്പോൾ, അനുജൻ ജ്യേഷ്ഠനോടു യാത്ര പറഞ്ഞിട്ടു കല്ലിലെ സന്ദേശമനുസരിച്ചുള്ള യാത്ര തുടങ്ങി. അവൻ വനത്തിനുള്ളിലെത്തിയപ്പോൾ നദി കണ്ടു. നദി നീന്തിക്കടന്നപ്പോൾ കരടിയെയും അതിന്റെ കുഞ്ഞുങ്ങളെയും കണ്ടു. കരടി ഉറങ്ങുകയായിരുന്നതുകൊണ്ട് അനായാസം അതിന്റെ കുഞ്ഞുങ്ങളെ പിടിച്ചെടുക്കാനും തിരിഞ്ഞുനോക്കാതെ മലയിലേക്ക് ഓടിക്കയറാനും അനുജനു സാധിച്ചു.
മലയിലെത്തിയപ്പോൾ അവിടെയുള്ളവർ അനുജനെ അവരുടെ രാജാവായി വാഴിച്ചു. അഞ്ചു വർഷം അനുജൻ രാജാവായി വിശിഷ്ടസേവനം അനുഷ്ഠിച്ചു. ആറാം വർഷം അയൽ രാജാവുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടു. അപ്പോൾ, അനുജൻ ചുറ്റിത്തിരിഞ്ഞു ജ്യേഷ്ഠൻ വസിക്കുന്ന ഭവനത്തിലെത്തി.
നല്ലോർമകൾ
അനുജന്റെ കഥ കേട്ടപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: "ഞാൻ പറഞ്ഞതായിരുന്നു ശരി. ഞാൻ ഇവിടെ സമാധാനത്തിൽ ജീവിച്ചു. എന്നാൽ, നീ ആകട്ടെ രാജാവാണെങ്കിലും ഇന്നു നിനക്ക് ഒന്നുമില്ലല്ലോ.’ ഉടനെ അനുജൻ പറഞ്ഞു: "വനത്തിൽ പോയതിനെക്കുറിച്ചും നദി നീന്തിക്കടന്നു മലകയറി രാജാവായതിനെക്കുറിച്ചും എനിക്കു ദുഃഖമില്ല. എനിക്കിപ്പോൾ സ്വന്തമായി ഒന്നുമില്ലെങ്കിലും ഓർമിക്കാനും ഓമനിക്കാനും എനിക്ക് എത്രയോ ഓർമകളാണുള്ളത്. എന്നാൽ, ജ്യേഷ്ഠനാകട്ടെ, അങ്ങനെ ഒരെണ്ണം പോലുമില്ല.'
ഈ കഥയിലെ കേമൻ ആരാണ്? ജ്യേഷ്ഠനോ അനുജനോ? ജ്യേഷ്ഠൻ എളുപ്പമുള്ള വഴി തെരഞ്ഞെടുത്തു. പരാജയം ഒഴിവാക്കുന്നതിലും തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലുമായിരുന്നു അയാളുടെ ശ്രദ്ധ മുഴുവനും. അയാൾ ഏറ്റക്കുറച്ചിലുകളില്ലാത്ത ഒരു ജീവിതം തെരഞ്ഞെടുത്തു. തന്മൂലം, അസാധാരണമായവയൊന്നും അയാളുടെ കാര്യത്തിൽ സംഭവിച്ചില്ല. അതുവഴിയായി ജീവിതത്തിൽ നേടാനാവുമായിരുന്ന വലിയ നേട്ടങ്ങളും അവ നൽകുന്ന സന്തോഷവും മധുരിക്കുന്ന ഓർമകളും അയാൾക്കു നഷ്ടമായി.
എന്നാൽ, അനുജന്റെ സ്ഥിതി അതായിരുന്നില്ല. അയാൾ തെരഞ്ഞെടുത്തത് സാഹസികതയുടെയും അജ്ഞാതമായവയുടെയും അപകടസാധ്യതയുള്ളവയുടെയും വഴികളായിരുന്നു. യാത്രാമധ്യേ പല വെല്ലുവിളികളും അയാൾ നേരിട്ടു. അപ്പോഴൊന്നും പതറാതെ അയാൾ മുന്നോട്ടു പോയി. അത് അയാളെ വിജയത്തിലെത്തിക്കുകയും ചെയ്തു. ആ വിജയം അധികകാലം നീണ്ടുനിന്നില്ല എന്നതു വാസ്തവം. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ ദൈർഘ്യം എത്രയോ കുറവാണെന്നു നാം അനുസ്മരിക്കുന്പോൾ അയാൾക്കു നഷ്ടമായവയൊന്നും വലിയ നഷ്ടമായി കരുതേണ്ടതില്ല.
ടോൾസ്റ്റോയിയുടെ ഈ കഥ എന്താണു നമ്മെ പഠിപ്പിക്കുന്നത്? ജ്യേഷ്ഠന്റേതുപോലെയുള്ള സുരക്ഷിതവഴി തെരഞ്ഞെടുക്കണമെന്നോ? അതോ അനുജന്റെ പോലുള്ള സാഹസികത നിറഞ്ഞ വഴി തെരഞ്ഞെടുക്കണമെന്നാണോ അദ്ദേഹം വിവക്ഷിക്കുന്നത്?
തീർച്ചയായും ജീവിതത്തിൽ ഒരു ബാലൻസ് വേണം. എന്നാൽ, അതു സാഹസികതയുടെയും അജ്ഞാതമായവ കണ്ടെത്താനുള്ള വഴികളെയും ഉപേക്ഷിച്ചുകൊണ്ടാകരുത്. അങ്ങനെ പോയാൽ ലോകത്തിലും നമ്മുടെ ജീവിതത്തിലും ഒരു പുരോഗതിയും ഉണ്ടാകില്ല. എന്നാൽ, അതോടൊപ്പം നാം മറന്നു പോകരുതാത്ത ഒരു കാര്യമുണ്ട്. ഈ ലോകത്തിലെ പല നേട്ടങ്ങളും നിത്യമായി നീണ്ടുനിൽക്കുന്നവയല്ല. അവ ഇന്നല്ലെങ്കിൽ നാളെ അപ്രത്യക്ഷമാകും. തന്മൂലം നിത്യമായി നിലനിൽക്കുന്ന നേട്ടങ്ങളിലാകട്ടെ, അതായതു നന്മ പ്രവൃത്തികളിലാകട്ടെ നമ്മുടെ പ്രധാന ശ്രദ്ധ.
അപ്പോൾ ഓർമിക്കാനും ഓമനിക്കാനുമായി നമുക്ക് ഏറെ അനുഭവങ്ങൾ ഉണ്ടാകും. അവയാകും നമ്മെ സംബന്ധിച്ചിടത്തോളം ദൈവം ഓർമിക്കാനും ഓമനിക്കാനും ആഗ്രഹിക്കുന്ന സ്മരണകൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ