വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു രത്നവ്യാപാരിയും. ആ സ്ത്രീ അണിഞ്ഞിരുന്നത് അതിമനോഹരമായ ഒരു വജ്രമായിരുന്നു. രത്നവ്യാപാരിക്ക് ആ വൈരക്കല്ല് ഏറെ ഇഷ്ടപ്പെട്ടു.
""നിങ്ങൾ ധരിച്ചിരിക്കുന്ന ഡയമണ്ട് എനിക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അതിമനോഹരമായിരിക്കുന്നു ഇത്. എന്താണ് ഇതിന്റെ പേര്?'' അയാൾ ആ സ്ത്രീയോടു ചോദിച്ചു. ഉടനെ അവർ പറഞ്ഞു: ""ഇതിന്റെ പേര് ക്ലോപ്മൻ ഡയമണ്ട്.''
ആ രത്നവ്യാപാരിക്കു പരിചിതമല്ലാത്ത ഒരു ഡയമണ്ടായിരുന്നു അത്. ""എന്താണ് ഇതിന്റെ പ്രത്യേകത?'' അയാൾ ചോദിച്ചു. അപ്പോൾ ഒരു പുഞ്ചിരിയോടെ ആ സ്ത്രീ പറഞ്ഞു: ""ഈ ഡയമണ്ട് ധരിക്കുന്നവർക്ക് ഒരു ശാപമുണ്ട്. ഇത് അവരുടെ ഹൃദയം കവർന്നെടുക്കും. അപ്പോൾ അവർ ഇതിന്റെ അടിമകളായി മാറും.''
ക്ലോപ്മൻ ഡയമണ്ട് മനുഷ്യരെ അതിന്റെ അടിമകളാക്കി മാറ്റുമെന്നോ? അങ്ങനെ സംഭവിക്കുമെന്നാണു പോപ്പുലർ മീഡിയയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ലോകപ്രസിദ്ധമായ ഗാർഫീൽഡ് എന്ന കാർട്ടൂൺ ചിത്രപരന്പരയിൽ ഈ ഡയണ്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സ്പൈഡർമാൻ (1981) എന്ന സിനിമയിലും ഈ ഡയമണ്ടിനെക്കുറിച്ചു പരാമർശമുണ്ട്.
എന്നാൽ, ഈ ഡയമണ്ട് ഒരു ഭാവനാസൃഷ്ടിയാണെന്നതാണു യാഥാർഥ്യം. അമേരിക്കൻ കൊമേഡിയനും ഫലിതപ്രിയനുമായിരുന്ന മിറോൺ കോഹൻ (1910-2009) ആണത്രെ ശാപമുള്ള ഈ ഡയമണ്ടിനെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്.
ശാപം രത്നത്തിലോ?
എന്താണ് ഈ ഡയമണ്ടിന്റെ കഥകൊണ്ട് അർഥമാക്കുന്നത്? നാം പ്രത്യേകം ശ്രദ്ധിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ പല ആകർഷണങ്ങളുടെയും അടിമകളായി നാം മാറാം എന്നതാണത്. നമ്മളെ ആകർഷിക്കുന്നതു സ്വർണമാകാം, രത്നാഭരണങ്ങളാകാം, പണമാകാം, പ്രശസ്തിയാകാം, കൊട്ടാരസദൃശ്യമായ വസതികളാകാം, ആഡംബര വാഹനങ്ങളാകാം, വലിയ സ്ഥാനമാനങ്ങളാകാം, അധികാരമാകാം അങ്ങനെ മറ്റു പലതുമാകാം.
നമ്മെ ആകർഷിക്കുന്ന ഇവയൊക്കെ നേടാനുള്ള നമ്മുടെ പരിശ്രമത്തിനിടെ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നമുക്കു നഷ്ടപ്പെട്ടുപോകുന്നു. അതിനു പകരം നമ്മെ ആകർഷിക്കുന്നതെന്തോ അതു നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. പിന്നെ, നമ്മുടെ സകലശ്രദ്ധയും പരിശ്രമവും അതു നേടുന്ന കാര്യത്തിലായിരിക്കും.
അതുവഴിയായി നമുക്കു സംഭവിക്കുന്നതെന്താണെന്നോ? ജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പലതും നാം വിസ്മരിച്ചുപോകും. പ്രത്യേകിച്ചും നമ്മുടെ ജീവിതത്തിൽ ദൈവത്തിനു നാം കൊടുക്കേണ്ട പരമപ്രധാന സ്ഥാനവും അതുപോലെ മനുഷ്യർക്കു നാം നൽകേണ്ട സ്നേഹവും സേവനവും പരിഗണനയുമൊക്കെ.
കോപ്മൻ ഡയമണ്ടിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ഈ ഡയമണ്ടിനു ഒരു ശാപമുണ്ടെന്നാണല്ലോ അതു ധരിച്ചിരുന്ന സ്ത്രീ പറഞ്ഞത്. എന്നാൽ, ആ ശാപത്തിന്റെ ഉറവിടം ആ രത്നമാണോ അതോ അതു ധരിക്കുന്ന വ്യക്തിയാണോ? ആ രത്നത്തോടു നമുക്ക് അല്പംപോലും ആകർഷണമില്ലെങ്കിൽപിന്നെ അതിൽ എന്തു ശാപമിരിക്കുന്നു? അപ്പോൾ, ആ ശപത്തിന്റെ ഉറവിടം നാം തന്നെയാണെന്നു സാരം. അതുകൊണ്ടാണല്ലോ നമ്മെ അമിതമായി ആകർഷിക്കുന്നതെന്തും നമുക്കൊരു ശാപമായി മാറുന്നത്.
ഭക്തനു സംഭവിച്ചത്
ഒരിക്കൽ സാത്താൻ ഒരു വേട്ടയ്ക്കിറങ്ങി. ദൈവഭക്തനായ ഒരുവനെ തന്റെ വലയിൽ വീഴിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ദൈവഭക്തനായ ഒരാളെ കണ്ടുമുട്ടിയ ഉടനെ സാത്താൻ തന്റെ ആദ്യത്തെ കൂരന്പ് നെഞ്ചിനിട്ടുതന്നെ അയച്ചു. എന്നാൽ, ആ ഭക്തൻ നീതിയുടെ കവചം ധരിച്ചിരുന്നതുകൊണ്ട് ആ കൂരന്പിന്റെ മുനയൊടിഞ്ഞു താഴെ വീണു.
സാത്താൻ തന്റെ അഗ്നിജ്വലിക്കുന്ന അടുത്ത അന്പ് എയ്തതു ഭക്തന്റെ തലയ്ക്കിട്ടായിരുന്നു. ആ അന്പ് മുനയൊടിഞ്ഞു താഴെ വീണു. കാരണം, രക്ഷയുടെ പടത്തൊപ്പിയായിരുന്നു ആ ഭക്തൻ അണിഞ്ഞിരുന്നത്. അടുത്ത അന്പ് എവിടേക്കു പായിക്കണം എന്നു സാത്താൻ ആലോചിച്ചുനിൽക്കുന്പോഴാണ് ഭക്തന്റെ അരയിൽ തൂക്കിയിട്ടിരുന്ന പണസഞ്ചി സാത്താൻ ശ്രദ്ധിച്ചത്. പിന്നെ ആലോചിച്ചു സമയം കളഞ്ഞില്ല. അടുത്ത അന്പ് സാത്താൻ വേഗം ആ പണസഞ്ചിയിലേക്ക് എയ്തുവിട്ടു. അന്പ് പണസഞ്ചിയും തുളച്ചുകയറി ആ ഭക്തനെ വീഴ്ത്തി.
എന്താണ് ഈ ദൈവഭക്തന്റെ കാര്യത്തിൽ സംഭവിച്ചത്? ഭക്തനായിരുന്ന അയാൾക്കു നല്ല ഗുണങ്ങൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ, ധനമോഹം അയാളുടെ വലിയ ഒരു പോരായ്മയായിരുന്നു. അതു മുതലെടുത്താണു സാത്താൻ അയാളെ തന്റെ വലയിൽ വീഴിച്ചത്. ആ വീഴ്ചയാകട്ടെ വലുതായിരുന്നുതാനും.
ദൈവവചനം പറയുന്നു: ""ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുന്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്മാർ തുരുന്നു മോഷ്ടിക്കും. എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുന്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയുമില്ല. നിങ്ങളുടെ നിക്ഷേപം എവിടെയായിക്കുന്നുവോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയം'' (മത്തായി 6:19-20).
നമ്മുടെ നിക്ഷേപം മുഴുവൻ ക്ലോപ്മൻ ഡയമണ്ടിനു തുല്യമായ എന്തെലെങ്കിലുമാണെങ്കിൽ, നമ്മുടെ ഹൃദയം എപ്പോഴും അവിടെയായിരിക്കും. അതായത് ഈ ലോകത്തിൽ നമ്മെ ആകർഷിക്കുന്നതെന്തും ഈ ലോകത്തിലേക്കു തളച്ചിടും എന്നു സാരം. അതു മാത്രമല്ല അവയൊക്കെ നമുക്കു ഭാരവുമായി മാറും.
അവയ്ക്കു പകരം സ്വർഗത്തിൽ നമുക്കു നിക്ഷേപങ്ങൾ നേടിത്തരുന്ന കാര്യങ്ങളിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അപ്പോൾ ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം ഉണ്ടാകില്ല. സാത്താൻ എത്രമാത്രം ആക്രമിച്ചാലും നാം ഒരിക്കലും വീഴുകയുമില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ