ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന കാർട്ടൂണിസ്റ്റ് ആരംഭിച്ച ഈ ചിത്രകഥയിലെ കേന്ദ്രകഥാപാത്രം ചാർളി ബ്രൗൺ ആണ്. എഴുപതിലേറെ കഥാപാത്രങ്ങളുള്ള ഈ കാർട്ടൂൺ പരന്പരയിൽ നമ്മുടെ ശ്രദ്ധ ഏറെ ആകർഷിക്കുന്ന മറ്റൊരു കഥാപാത്രമാണ് ലൈനസ്.
ലൈനസിന്റെ പ്രത്യേകത ആ ബാലൻ ജീവിതത്തെ തത്വചിന്താപരമായി വീക്ഷിക്കുന്നു എന്നതാണ്. ലൈനസിന്റെ പല ചിന്തകളും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ച നൽകും. അടുത്ത നാളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കഥ ഇങ്ങനെ. ചാർളി ബ്രൗണും ലൈനസും മാത്രമേ കാർട്ടൂണിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. സംസാരിക്കുന്നതാകട്ടെ ലൈനസ് മാത്രവും.
ലൈനസ് ചാർളി ബ്രൗണിനോടു പറയുന്നു: ജീവിതത്തിന്റെ രഹസ്യം എന്താണെന്ന് എനിക്കു മനസിലായെന്നു തോന്നുന്നു. എനിക്കു തൊണ്ട വേദന കാരണം ഞാൻ ഇന്നലെ ഒരു ഡോക്ടറെ കാണാൻ പോയി. അപ്പോൾ നഴ്സ് എന്നെ ഒരു ചെറിയ മുറിയിൽ ഇരുത്തി. ആ സമയത്ത് അടുത്ത മുറിയിൽനിന്ന് ഒരു കുട്ടി അലറി നിലവിളിക്കുന്നത് ഞാൻ കേട്ടു. ഡോക്ടർ എന്നെ കാണാൻ വന്നപ്പോൾ ഞാൻ ഡോക്ടറോടു പറഞ്ഞു. ഞാൻ മറ്റൊരു മുറിയിൽ അല്ലാത്തതിൽ എനിക്കു സന്തോഷമുണ്ടെന്ന്.
അപ്പോൾ ഡോക്ടർ പറഞ്ഞു, ആ കുട്ടിക്കു ടോൺസിൽസ് മാറ്റാൻ ഓപ്പറേഷൻ വേണമെന്ന്. അല്പനിമിഷത്തെ മൗനത്തിനു ശേഷം ലൈനസ് തുടർന്നു: ""ജീവിതത്തിന്റെ രഹസ്യം എന്നു പറയുന്നത് ശരിയായ മുറിയിൽ ആയിരിക്കുക എന്നതാണ്.'' ഇതുകേട്ട ചാർളി ബ്രൗൺ അദ്ഭുതം കൂറിയിരിക്കുന്ന കാഴ്ചയോടെ ആ കാർട്ടൂൺ അവസാനിക്കുന്നു.
പറഞ്ഞതിന്റെ അർഥം
എന്താണ് ലൈനസ് പറഞ്ഞതിന്റെ അർഥം? നാം ആയിരിക്കുന്ന ജീവിത സാഹചര്യം മറ്റു പലരെയും അപേക്ഷിച്ച് ഏറെ മെച്ചമാണെന്നതാണ് യാഥാർഥ്യം. എന്നാൽ, പലപ്പോഴും അക്കാര്യം നാം മറക്കുന്നു. പകരം, നമുക്കുള്ള പോരായ്മകളിലാണ് ഏറെ സമയവും നമ്മുടെ ശ്രദ്ധ. ഇതുമൂലം നമ്മുടെ ജീവിതം കൂടുതൽ ദുഃഖപൂർണമാകുന്നു. എന്നാൽ, ലൈനസിന്റെ കാര്യത്തിൽ സംഭവിച്ചത് അതല്ല. തനിക്കു തൊണ്ടവേദന ഉണ്ടായതിനെക്കുറിച്ചു ലൈനസിനു വിഷമമുണ്ട്. എന്നാൽ, അടുത്ത മുറിയിലിരിക്കുന്ന കുട്ടിയുടെ ഗതികേട് തനിക്ക് ഉണ്ടായില്ലല്ലോ എന്ന ആശ്വാസവും അവനുണ്ട്.
ജീവിതത്തിന്റെ രഹസ്യം എന്നു ലൈനസ് പറയുന്പോൾ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യമാണ് അവൻ വിവരിക്കുന്നതെന്നു നാം അനുമാനിക്കണം. മറ്റേ കുട്ടിയുടെ ദുർഗതി തനിക്കുണ്ടായില്ലല്ലോ എന്നതാണ് അവന്റെ സന്തോഷത്തിന്റെ ഒരു കാരണം. അതായത് അവന്റെ ചിന്താഗതിയുടെ പ്രത്യേകതയാണ് അവന്റെ സന്തോഷത്തിന്റെ കാരണമെന്നു വ്യക്തം. ആ സന്തോഷമാകട്ടെ, അവന്റെ ചെറിയ ദുഃഖം വിസ്മരിക്കാൻ അവനെ സഹായിക്കുന്നു.
ആയിരിക്കുന്ന മുറി
നാം ആയിരിക്കുന്ന മുറി അതായത് നാം ആയിരിക്കുന്ന അവസ്ഥ എപ്പോഴും ഏറ്റവും സന്തോഷകരമായിരിക്കണമെന്നില്ല. സന്തോഷം നൽകുന്ന അവസ്ഥയിലേക്കു മാറാൻ സാധിച്ചാൽ നല്ല കാര്യമാണ്. എന്നാൽ, അതു നാം വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമല്ല. അതിനു പല ഘടകങ്ങൾ അനുകൂലമായി വരണം. അത് അത്ര എളുപ്പവുമല്ല.
ഇത്തരം സാഹചര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുക? ആഗ്രഹിക്കുന്ന അവസ്ഥയിലേക്കു മാറാൻ ശ്രമിക്കുന്നതിനൊപ്പം ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താനും നമുക്കു സാധിക്കണം. ജീവിതത്തിന്റെ രഹസ്യം എന്നു പറയുന്നതു നമ്മുടെ ജീവിതപ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നതു മാത്രമല്ല, പ്രത്യുത ആ പ്രശ്നങ്ങൾക്കിടയിലും ദൈവതിരുമനസ് എന്താണെന്നു കണ്ടെത്തുക എന്നുള്ളതുകൂടിയാണ്. ആയിരിക്കുന്ന മുറിയിൽ നാം ദൈവത്തിന്റെ പരിപാലനയിലാണെന്നതും മറന്നുപോകരുത്.
ആയിരിക്കുന്ന അവസ്ഥ ക്ലേശപൂർണമാണോ? ദൈവവചനം പറയുന്നു: ""ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, അവിടന്നു സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ'' (റോമ 8: 28). നമ്മുടെ ഏതുതരം ബുദ്ധിമുട്ടുകൾക്കിടയിലും ദൈവത്തിനു പ്രവർത്തിക്കാനാകുമെന്നും അതുവഴി എല്ലാം നന്മയ്ക്കായി ഭവിക്കുമെന്നുമുള്ളത് മറക്കാതിരുന്നാൽ ആയിരിക്കുന്ന അവസ്ഥ ഏതായാലും അതു നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തുകയില്ലെന്നു തീർച്ച.
ബുദ്ധിരാക്ഷസനും ശാസ്ത്രജ്ഞനുമായിരുന്ന ആൽബർട്ട് ഐൻസ്റ്റൈനിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, അതിങ്ങനെ: ""രണ്ടു രീതിയിൽ മാത്രമേ നമുക്കു ജീവിതം നയിക്കാനാവൂ. ഒന്നാമത്തേത്, ഒന്നും ഒരു അദ്ഭുതമല്ല എന്നു കരുതിക്കൊണ്ടുള്ള ജീവിതമാണ്. രണ്ടാമത്തേത് എല്ലാ ഒരു അദ്ഭുതമാണ് എന്നു കരുതിക്കൊണ്ടുള്ള ജീവിതവും.'' ഡോക്ടറുടെ ഓഫീസിൽ ലൈനസിനുണ്ടായത് അവന്റെ ചിന്താരീതിയിലുള്ള ഒരു അദ്ഭുതമാണ്. അതായത്, അവൻ ആയിരിക്കുന്ന അവസ്ഥയിലുള്ള അനുഗ്രഹം അവനു കാണാൻ സാധിച്ചു. ഓപ്പറേഷൻ വേണ്ടിവരില്ല എന്ന ചിന്ത അവനു സന്തോഷം നൽകി.
"ശരിയായ റൂം' എന്ന ലൈനസിന്റെ ചിന്ത മറ്റൊരു കാര്യംകൂടി നമ്മെ ഓർമപ്പെടുത്തുന്നു. അതായത് ഇരിക്കുന്ന മുറി ശരിയായ മുറി അല്ലെങ്കിൽ ശരിയായ മുറിയിലേക്കു മാറാൻ നാം ശ്രമിക്കണം. അതായത്, നമ്മുടെ കുറ്റം കൊണ്ടാണ് നമ്മുടെ മുറി എന്നു പറയുന്ന ജീവിതാവസ്ഥ മോശമായതെങ്കിൽ അതിൽനിന്നു മാറാൻ ശ്രമിക്കണം. അപ്പോൾ മാത്രമേ, യാഥാർഥ സന്തോഷം കണ്ടെത്താൻ സാധിക്കൂ.
ആയിരിക്കുന്ന അവസ്ഥയെക്കുറിച്ചും എങ്ങനെ അവിടെ ആയി എന്നതിനെക്കുറിച്ചും നമുക്കു നല്ല ധാരണയില്ലായിരിക്കും. ദൈവവചനം പറയുന്നു: ""കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക, സ്വന്തം ബുദ്ധിയിൽ ആശ്രയിക്കയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്നു നിനക്കു വഴി തെളിച്ചു തരും'' (സുഭാഷിതങ്ങൾ 3:5-6). അതായത്, ദൈവത്തിൽ പൂർണ വിശ്വാസമർപ്പിച്ച് അവിടുത്തെ കൈപിടിച്ചു നടന്നാൽ നാളെ ശരിയായ മുറിയിൽ-ജീവിതാവസ്ഥയിൽ എത്തിക്കുമെന്നു വ്യക്തം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ