സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാണ് പലരും പതറിപ്പോവുകയും പരാജയപ്പെടുകയും ചെയ്യുന്നത്.
വിയറ്റ്നാം സാഹിത്യത്തിനു ലോകശ്രദ്ധ നേടിക്കൊടുത്ത ഒരു മനോഹരകാവ്യമാണ് "ദ ടെയിൽ ഓഫ് കീയു'. 3,254 വരികളുള്ള ഈ കവിത രചിച്ചതു നുഗ്യെൻ ഡു (1766-1820) എന്ന പണ്ഡിതനായ പ്രതിഭാശാലിയാണ്. ബുദ്ധിസത്തിലും കണ്ഫ്യൂഷനിസത്തിലും ചൈനീസ് സാഹിത്യത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഡു ഒരു ചൈനീസ് കഥയെ ആധാരമാക്കിയാണ് ഈ കവിത രചിച്ചത്.
വിയറ്റ്നാം സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ കവിത എഴുതിയതുവഴി വിയറ്റ്നാമിൽ ഇന്നും അദ്ദേഹം ആദരിക്കപ്പെടുന്നു. 1965ൽ ഡുവിന്റെ ജനനത്തിന്റെ ഇരുനൂറാം വാർഷികം യുനെസ്കോ ആഘോഷിച്ചത് അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾക്കു ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായിരുന്നു. ഇനി ഈ കവിതയിലെ കഥയിലേക്കു കടക്കാം.
ദുരന്തമെത്തിയപ്പോൾ
വീണ വായിക്കുന്നതിൽ അതിവിദഗ്ധയായിരുന്ന കീയൂ അതീവസുന്ദരിയും ബുദ്ധിശാലിയുമായിരുന്നു. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഭാവിജീവിതത്തെ അവൾ സ്വപ്നംകണ്ടു. കിം എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടിയപ്പോൾ അവളുടെ സ്വപ്നങ്ങൾ പൂവണിയാൻ പോവുകയാണെന്ന് അവൾ കരുതി. അവർ പരസ്പരം അനുരാഗബദ്ധരായി ഭാവിപരിപാടികളെക്കുറിച്ചു പ്ലാൻ ചെയ്തു.
അപ്പോഴാണ് അശനിപാതംപോലെ ഒരു ഭീകരദുരന്തം അവളുടെ ജീവിതത്തിൽ ആഞ്ഞടിച്ചത്. അവളുടെ പിതാവിനെയും സഹോദരനെയും ഒരാൾ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കി. ആ കേസിൽനിന്നു രക്ഷപ്പെടാൻ ധാരാളം പണം വേണ്ടിയിരുന്നു. പക്ഷേ, ആ തുക നൽകാനുള്ള സാന്പത്തികശേഷി അവർക്കില്ലായിരുന്നു. അപ്പോൾ കീയു ചെയ്തത് എന്താണെന്നോ?
ഈ അവസരത്തിൽ ധനികനായ ഒരാൾ അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ടുവന്നു. അവളുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പണം നൽകാനും അയാൾ തയാറായിരുന്നു. കിം എന്ന യുവാവിനെ വിവാഹം കഴിക്കുന്നതു സ്വപ്നം കണ്ടുനടന്നിരുന്ന അവൾക്കു ധനികനെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചു ചിന്തിക്കുക പോലും അസാധ്യമായിരുന്നു.
എങ്കിലും തന്റെ പിതാവിനെയും സഹോദരനെയും വിസ്മരിച്ചു തന്റെ ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ പിതാവിനെയും സഹോദരനെയും രക്ഷിക്കുക തന്റെ കടമയായി അവൾ കരുതി. തന്മൂലം, തന്റെ ജീവിതസ്വപ്നങ്ങൾ പാടേ അവഗണിച്ചുകൊണ്ട് അവൾ ആ ധനികനെ വിവാഹം കഴിച്ചു. അതുവഴിയായി തന്റെ പിതാവിനെയും സഹോദരനെയും തടവിൽനിന്നു മോചിപ്പിക്കാൻ സാധിച്ചു.
പിതാവിനെയും സഹോദരനെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവളുടെ ജീവിതം വീണ്ടും ഒരു ദുരന്തകഥയായി മാറി. ധനികൻ കീയെ വിവാഹം കഴിച്ചത് അവൾക്കു സൗഭാഗ്യപ്രദമായ ഒരു ദാന്പത്യജീവിതം നൽകാനല്ലായിരുന്നു.
അവൾവഴി കൂടുതൽ പണമുണ്ടാക്കുകയായിരുന്നു ആ കശ്മലന്റെ ലക്ഷ്യം. അയാൾ അവളെ വേശ്യാവൃത്തിക്കു നിർബന്ധിച്ചു. എന്നാൽ, അവൾ അതിനു തയാറായില്ല. ഈ സാഹചര്യത്തിലാണ് അവൾ ആത്മഹത്യയ്ക്കു ശ്രമം നടത്തിയത്. ആത്മഹത്യാശ്രമത്തിൽനിന്നു രക്ഷിക്കപ്പെട്ട കീയുവിന് തന്റെ ഭർത്താവിന്റെ ഹിതമനുസരിച്ച് പിന്നീടു വേശ്യാവൃത്തിക്കു വഴങ്ങേണ്ടിവന്നു.
ഈ പശ്ചാത്തലത്തിലാണ് മറ്റൊരു പണക്കാരനു കീയുവിനോടു താത്പര്യം തോന്നുകയും അവളുടെ ഭർത്താവിനു പണം കൊടുത്ത് അവളെ വാങ്ങുകയും ചെയ്തത്. ആ രാജ്യത്തെ പ്രധാനമന്ത്രിയുടെ മകളെ വിവാഹം കഴിച്ചിരുന്നയാളായിരുന്നു അയാൾ. ഇക്കാര്യം അയാളുടെ ഭാര്യ അറിഞ്ഞപ്പോൾ ആ സ്ത്രീ കീയുവിനെതിരേ തിരിഞ്ഞു. തന്മൂലം, കീയു അവിടെനിന്ന് ഒളിച്ചോടി. എങ്കിലും ഒന്നിനു പിന്നാലെ മറ്റൊന്നായി ദുരന്തങ്ങൾ അവളെ പിന്തുടരുകയായിരുന്നു.
ഈ ദുരന്തങ്ങൾക്കിടയിലാണ് ആ രാജ്യത്തെ റവല്യൂഷണറി ആർമിയുടെ നേതാവ് കീയുവിന്റെ സൗന്ദര്യം മൂലം ആകർഷിക്കപ്പെടുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തത്. പിന്നീട്, മറ്റൊരു ആർമിയുടെ നേതാവിനാൽ കീയുവിന്റെ ഭർത്താവ് മരിച്ചു. കുറെ നാളുകൾക്കു ശേഷം താൻ ആദ്യം വിവാഹം കഴിക്കാൻ ആഗ്രഹിച്ച കിം അവളെ തേടി കണ്ടെത്തി. വൈകാതെ, അവൾ കിമ്മിന്റെ ഭാര്യയായി മാറി. ഇതോടെ ഡുവിന്റെ കവിത അവസാനിക്കുന്നു.
അതിജീവനത്തിന്റെ കഥ
എന്താണ് ഈ കവിതയുടെ സന്ദേശം? കീയുവിന്റേത് അതിജീവനത്തിന്റെ കഥയാണ്. അവളുടെ ദീർഘമായ സഹനയാത്രയിൽ രണ്ടുതവണ ജീവിതത്തോടു സുല്ലിടാൻ അവൾ ശ്രമിച്ചതാണ്. അവളുടെ ജീവിതത്തിൽ ആത്മഹത്യാശ്രമം ഉൾപ്പെടെയുള്ള ചില ഗൗരവമായ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാനമൂല്യങ്ങൾ കൈവിടാതെ അവൾ പോരാടുന്നതായിട്ടാണ് കാണുന്നത്.
അതോടൊപ്പം, നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പ്രധാന കാര്യം അവളുടെ സ്നേഹത്തിന്റെ ആഴമാണ്. തന്റെ പിതാവും സഹോദരനും ഒരു ആപത്തിൽ അകപ്പെട്ടപ്പോൾ തന്നെക്കുറിച്ചാലോചിക്കാതെ അവരുടെ നന്മ ഉറപ്പുവരുത്താനാണ് അവൾ ശ്രമിച്ചത്. തനിക്കെല്ലാം നഷ്ടമാകുമെന്നറിഞ്ഞിട്ടും ത്യാഗം സഹിച്ചു പിതാവിനെയും സഹോദരനെയും അവൾ രക്ഷിച്ചു. സ്വയം മറന്നുള്ള അവളുടെ ഈ സ്നേഹം അവളുടെ ജീവിതത്തിലെ തെറ്റുകുറ്റങ്ങൾ മറയ്ക്കുന്നു എന്നതാണു വാസ്തവം.
നമ്മുടെ സ്നേഹം എങ്ങനെയുള്ളതാണ്? സ്വയം മറന്നുള്ളതോ സ്വന്തം കാര്യം മാത്രം നോക്കുന്നതോ? സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാണ് പലരും പതറിപ്പോവുകയും പരാജയപ്പെടുകയും ചെയ്യുന്നത്.
സ്വയം മറന്നുള്ള നമ്മുടെ സ്നേഹം നമുക്കു വലിയ കഷ്ടനഷ്ടങ്ങൾക്കു കാരണമായെന്നിരിക്കും. അതുകൊണ്ടാണ് സ്വയം മറന്നു സ്നേഹിക്കുന്നതിനു പകരം പലരും സ്വന്തം നന്മ മാത്രം നോക്കി സ്നേഹിക്കുന്നത്. കീയു എന്ന കഥാപാത്രത്തെ വിയറ്റ്നാമിലെ ആളുകൾ ഇന്നും നെഞ്ചിലേറ്റുന്നുണ്ടെങ്കിൽ അതിന്റെ കാരണം അവൾ സ്വയം മറന്നു സ്നേഹിച്ചു എന്നതാണ്.
രണ്ടായിരം വർഷം മുൻപ് ദൈവപുത്രനായ യേശു കുരിശിൽ മരിച്ചതു സ്വയം മറന്നുള്ള സ്നേഹംകൊണ്ടായിരുന്നല്ലോ. ആ സ്നേഹമല്ലേ മാനവരാശിക്ക് ഇഹലോകത്തിൽ പുതുജീവനും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനും പ്രദാനം ചെയ്യുന്നത്? നമ്മുടെ സ്നേഹവും സ്വയം മറന്നുള്ള സ്നേഹമാണെന്ന് ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ