പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾക്ക് ഒരു കൗതുകമായിരുന്നു. ആര് എപ്പോൾ ആവശ്യപ്പെട്ടാലും ചിപ്പി മധുരമായി പാടുമായിരുന്നു. ഒരു ദിവസം ചിപ്പി ശാന്തമായി വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അതിനെ വളർത്തുന്ന സ്ത്രീ അതിന്റെ കൂട് വൃത്തിയാക്കാൻ ശ്രമിച്ചത്. ജോലി എളുപ്പം പൂർത്തിയാക്കാൻ വേണ്ടി ഒരു വാക്വം ക്ലീനർ ആണ് ഉപയോഗിച്ചത്.
ആ വാക്വം ക്ലീനറിന്റെ ക്യാപ് ഊരിമാറ്റിയിട്ട് അതിന്റെ ഹോസ് ഉപയോഗിച്ചു ചിപ്പിയുടെ കൂട്ടിലെ പൊടിയും അഴുക്കുമൊക്കെ വലിച്ചെടുക്കാനായി വാക്വം ക്ലീനർ ഓൺ ചെയ്തു.അതിനിടെയാണ് ആ സ്ത്രീയുടെ ഫോൺ ശബ്ദിച്ചത്. അപ്പോൾ, ഹോസിന്റെ അറ്റം ചിപ്പിയുടെ കൂട്ടിൽ വച്ചിട്ട് ആ സ്ത്രീ ഫോൺ എടുക്കാൻ ഓടി. ഫോൺ എടുത്തു ഹലോ എന്നു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്പ് ചിപ്പി ഹോസിനുള്ളിലേക്കു വലിച്ചെടുക്കപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ആ തത്ത വാക്വം ക്ലീനറിന്റെ ബാഗിനുള്ളിലായി.
ഈ കാഴ്ച കണ്ട് അന്തംവിട്ടുപോയ സ്ത്രീ വേഗം പോയി വാക്വം ക്ലീനറിന്റെ സ്വിച്ച് ഓഫ് ചെയ്തു. എന്നിട്ട് വാക്വം ക്ലീനറിന്റെ ബാഗ് തുറന്നു നോക്കി. അപ്പോൾ ചിപ്പിക്കു ജീവനുണ്ടായിരുന്നു. എങ്കിലും ആ പാവം തത്ത ഞെട്ടിപ്പോയിരുന്നു.
ചിപ്പിയുടെ പേടി
ആ സ്ത്രീ നോക്കിയപ്പോൾ ചിപ്പിയുടെ ദേഹം മുഴുവനും പൊടിയും മുടിയും നാരുകളും മറ്റ് മലിനവസ്തുക്കളുംകൊണ്ട് നിറഞ്ഞിരുന്നു. അപ്പോൾ അല്പംപോലും ആലോചിക്കാതെ ആ സ്ത്രീ ചിപ്പിയെ എടുത്തു കുളിമുറിയിൽ കൊണ്ടുപോയി വെള്ളത്തിൽ കുളിപ്പിച്ചു. ചിപ്പിയെ കുളിപ്പിച്ചുകഴിഞ്ഞപ്പോൾ ചിപ്പി കിടുകിടാ വിറയ്ക്കുന്നത് ആ സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടു.
പെട്ടെന്ന് അവിടെയുണ്ടായിരുന്ന ഹെയർ ഡ്രയർ ഉപയോഗിച്ചു ചിപ്പിയുടെ തൂവലുകൾ ഉണക്കാൻ നോക്കി. ഹെയർ ഡ്രയറിൽനിന്നുള്ള ചൂടുകാറ്റ് ഏറ്റപ്പോൾ ചിപ്പി വീണ്ടും ഞെട്ടി. എന്താണ് തനിക്കു സംഭവിക്കുന്നതെന്നു ചിപ്പിക്ക് ഒരുപിടിയും കിട്ടിയില്ല. ചിപ്പിയങ്ങനെ തരിച്ചിരുന്നു.
ചിപ്പിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ച് ചിപ്പിയുടെ ഉടമസ്ഥ തന്റെ കൂട്ടുകാരിയോടു പറഞ്ഞു. കുറേ ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടുകാരി വിളിച്ചു ചോദിച്ചു, "ചിപ്പിക്ക് എങ്ങനെയുണ്ട്?' അപ്പോൾ ഉടമസ്ഥ പറഞ്ഞു: "എന്തു പറയാനാ. ചിപ്പി ഇപ്പോൾ പാട്ടൊന്നും പാടാറില്ല. വെറുതേ ഇരുന്ന് എപ്പോഴും തുറിച്ചുനോക്കും.'
ചിപ്പിക്ക് സംഭവിച്ചത് വലിയ ദുരന്തംതന്നെ. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ഒന്നിനു പിന്നാലെ ഒന്നായി മൂന്നു ദുരന്തങ്ങളല്ലേ ചിപ്പിയെ ആഞ്ഞടിച്ചത്? വാക്വം ക്ലീനർ അതിന്റെ ഹോസിലൂടെ ക്ലീനിംഗ് ബാഗിലേക്കു ചിപ്പിയെ വലിച്ചെടുത്തതായിരുന്നു ആദ്യത്തെ ദുരന്തം. രണ്ടാമത്തെ ദുരന്തമാകട്ടെ വെള്ളത്തിൽ മുക്കിയതും. അതിനു പിന്നാലെ ഹെയർ ഡ്രയറിൽനിന്നുള്ള ചൂടുകാറ്റടിച്ചു തളർന്നുപോയത് മൂന്നാമത്തെ ദുരന്തവും.
അപ്രതീക്ഷിതം
നമ്മുടെ കാര്യവും ചിലപ്പോൾ ഇതുപോലെ ആയേക്കാം. നാം വിചാരിക്കാതിരിക്കുന്ന സമയത്തായിരിക്കും ഓരോ ദുരന്തങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ആഞ്ഞടിക്കുക. സാധാരണഗതിയിൽ ചിപ്പിയെപ്പോലെ നാം പതറും. സംഗീതം നിലച്ച ചിപ്പിയെപ്പോലെ നാം തരിച്ചിരുന്നുപോകും. മധുരമായി പാടാൻ ചിപ്പിക്ക് ഒരിക്കൽ സാധിക്കുമായിരുന്നു. എന്നാൽ, ദുരന്തങ്ങൾ അതിവേഗം ആഞ്ഞടിച്ചപ്പോൾ ചിപ്പിയുടെ സംഗീതം നിലച്ചു. അതായത്, ചിപ്പിയുടെ ഹൃദയസംഗീതം ദുരന്തങ്ങൾ കവർന്നെടുത്തെന്നു സാരം.
നാം ശ്രദ്ധിക്കുന്നില്ലെങ്കിൽ നമ്മുടെ കാര്യത്തിലും ഇപ്രകാരം സംഭവിക്കാം. അതായത്, നമ്മുടെ ജീവിതത്തിലെ ദുരന്തങ്ങൾവഴി നമ്മുടെ ഹൃദയതാളം അലങ്കോലമാവുകയും നമ്മുടെ ഹൃദയത്തിൽനിന്നുള്ള മധുരസംഗീതം നിലയ്ക്കുകയും ചെയ്യാം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ സങ്കീർത്തകൻ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, അത്യുന്നതന്റെ സംരക്ഷണത്തിൽ നാം വസിക്കണം, സർവശക്തന്റെ തണലിൽ നാം കഴിയണം (സങ്കീർത്തനങ്ങൾ 91:1).
അപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് സങ്കീർത്തകൻ വിവരിക്കുന്നുണ്ട്. "അവിടന്നു വേടന്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടന്നു നിന്നെ മറച്ചുകൊള്ളും. അവിടത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും. അവിടത്തെ വിശ്വസ്തത നിനക്കു കവചവും പരിചയുമായിരിക്കും’ (സങ്കീർത്തനങ്ങൾ 91:24).
സങ്കീർത്തകൻ വീണ്ടും പറയുന്നു, അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ രക്ഷിക്കും. അവൻ എന്നെ വിളിച്ചപേക്ഷിക്കുന്പോൾ ഞാൻ ഉത്തരമരുളും, അവന്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നുനിൽക്കും (സങ്കീർത്തനങ്ങൾ 91: 14-15).
സർവശക്തനായ ദൈവം നമ്മോട് ചേർന്നുനിൽക്കുമെങ്കിൽ നാം ദുരന്തത്തിൽ ഉൾപ്പെട്ടാലും അല്പംപോലും ഭയപ്പെടേണ്ടതില്ല. പത്രോസ് അപ്പസ്തോലൻ പറയുന്നതുപോലെ, തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനു ശേഷം പൂർണരാക്കുകയും സ്ഥീരികരിക്കുകയും ശക്തരാക്കുകയും ചെയ്യും (1 പത്രോസ് 5:10).
ഇറ്റാലിയൻ ചിത്രകാരനും ശാസ്ത്രജ്ഞനുമായിരുന്ന ലെയനാർദോ ദാവിഞ്ചി (1452-1519) എഴുതുന്നു, "നിന്റെ ദൃഷ്ടി ഒരു നക്ഷത്രത്തിൽ പതിക്കുക. അപ്പോൾ ഏതു കൊടുങ്കാറ്റും നീ അതിജീവിക്കും.' നാം എപ്പോഴും നമ്മുടെ ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രമാണ് ദൈവം. അപ്പോൾ ഏതു കൊടുങ്കാറ്റിനെയും ദുരന്തത്തെയും നാം അതിജീവിക്കുകതന്നെ ചെയ്യും. നമ്മുടെ ഹൃദയസംഗീതം ഒരിക്കലും നിലയ്ക്കുകയുമില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ