2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ ഒലാവ് ഫോസെ. 1959ൽ നോർവേയിൽ ജനിച്ച അദ്ദേഹം സാഹിത്യ നൊബേൽ നേടുന്ന നാലാമത്തെ നോർവേക്കാരനാണ്. ഹെൻറിക് ഇബ്സനു ശേഷം നോർവീജിയൻ നാടകരംഗത്ത് ഏറ്റവുമധികം പ്രശോഭിച്ച പ്രതിഭയാണ് ഫോസെ. അദ്ദേഹത്തിന്റെ നാടകങ്ങൾ ലോകവ്യാപകമായി ആയിരത്തിലേറെ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
ഫോസെയുടെ വിവിധ പുസ്തകങ്ങൾ അന്പതിലധികം ഭാഷകളിലേക്ക് ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുന്നതാണ് വിഷാദം എന്ന അർഥം വരുന്ന "മെലൻകോളി'' എന്ന നോവൽ. നോർവീജിയൻ ചിത്രകാരനായിരുന്ന ലാർസ് ഹെർട്ടർവിഗ് (1830-1902) ആണ് ഈ നോവലിലെ പ്രധാന കഥാപാത്രം. എന്നാൽ, അക്ഷരാർഥത്തിൽ ഇതൊരു ചരിത്രനോവലോ ജീവചരിത്ര പുനരാഖ്യാനമോ അല്ല.
വെല്ലുവിളികളുടെ ജീവിതം
ലാൻഡ്സ്കേപ് ചിത്രകാരനായിരുന്ന ലാർസ് ജീവിതത്തിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹത്തിനു നേരിട്ട മാനസികവിഭ്രാന്തി. തത്ഫലമായി കുറേമാസം ഒരു മാനസിക ചികിത്സാലയത്തിൽ കഴിയേണ്ടിയുംവന്നു.
ജീവിതത്തിന്റെ അവസാനത്തെ മുപ്പതു വർഷം അദ്ദേഹം സാന്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ചു. കാൻവാസ് വാങ്ങാൻ പണമില്ലാതിരുന്നതുകൊണ്ട് ഈ കാലഘട്ടത്തിൽ കടലാസിൽ വാട്ടർ കളർ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രങ്ങൾ രചിച്ചത്. ചില അവസരങ്ങളിൽ തുണ്ടു കടലാസിൽപോലും ചിത്രരചന നടത്തി. ദാരിദ്ര്യം മൂലം ഒരു അഗതിമന്ദിരത്തിലാണ് ഈ പ്രതിഭ അവസാനകാലം ചെലവഴിച്ചത്. എന്നാൽ, മരിച്ച് പന്ത്രണ്ടു വർഷം കഴിഞ്ഞപ്പോൾ ഓസ്ലോയിൽ നടന്ന ഒരു എക്സ്ബിഷനെത്തുടർന്ന് അദ്ദേഹം പ്രസിദ്ധനായി മാറി.
നോവലിലെ കഥ അനുസരിച്ച്, ലാർസിനു ചിത്രരചനയിലുള്ള തന്റെ കഴിവിനെക്കുറിച്ചു വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. തന്റെ ദർശനവും അതു പ്രതിഫലിപ്പിക്കപ്പെടുന്ന തന്റെ ചിത്രങ്ങളും ലോകത്തെത്തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് നോർവേയുടെ പ്രകൃതിരമണീയമായ ദൃശ്യങ്ങൾ വർണത്തിൽ ചാലിച്ചു കാൻവാസിൽ പകർത്തിയത്. ലാർസിന്റെ ആദ്യകാല ചിത്രങ്ങൾ ആ കലാകാരനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു.
എന്നാൽ, കാലം കുറെ കഴിഞ്ഞപ്പോൾ, തന്റെ ചുറ്റുമുള്ള ലോകം തന്നിൽനിന്ന് ഏറെ അകലെ ആയിരിക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നി. ചിത്രരചനയെക്കുറിച്ച് മുൻപ് ഉണ്ടായിരുന്ന സുവ്യക്തമായ ദർശനം അദ്ദേഹത്തിനു നഷ്ടപ്പെട്ടു. അതോടൊപ്പം, തന്റെ കഴിവിലുള്ള സംശയവും ആകുലചിന്തകളും അദ്ദേഹത്തെ വേട്ടയാടി. ഇതിനിടെ, അദ്ദേഹത്തിന്റെ മാനസികരോഗം കൂടുതൽ ശക്തിപ്പെടുകയും ചെയ്തു.
എങ്കിലും കൂടുതൽ ചിത്രങ്ങൾ വരയ്ക്കണമെന്നും ആ രംഗത്തു വിജയം വരിക്കണമെന്നുമുള്ള ആഗ്രഹം അദ്ദേഹത്തിൽ നിലനിന്നു. അങ്ങനെയാണ് ചിത്രരചന അദ്ദേഹം തുടർന്നത്. എന്നാൽ, കലാലോകം അദ്ദേഹത്തെ മാനിക്കാൻ തയാറായില്ല. അതിന്റെ പ്രധാന കാരണമാകട്ടെ അദ്ദേഹത്തിന്റെ മാനസികവിഭ്രാന്തിയും അസ്ഥിരതയും.
എന്നിട്ടും പിന്മാറാതെ
ലാർസിന്റെ സ്വഭാവത്തിലെ ഈ പ്രത്യേകതകൾ അദ്ദേഹത്തിന്റെ ചിത്രരചനയിൽ പ്രതിഫലിച്ചു. ഒരു കാലത്ത് ജീവനും വികാരവും തുളുന്പിനിന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ, അസ്ഥിരതയുടെയും മാനസികവിഭ്രാന്തിയുടെയും കാലഘട്ടത്തിൽ പ്രവേശിച്ച നാൾ മുതൽ അദ്ദേഹം രചിച്ച ചിത്രങ്ങൾക്കു ജീവനുണ്ടായിരുന്നില്ല. അവ അപൂർണങ്ങളായി നിലനിന്നു. അവയെ അംഗീകരിക്കാനും ആദരിക്കാനും ആരും മുന്നോട്ടുവന്നില്ല.
എന്നാൽ, അപ്പോഴും അദ്ദേഹം ചിത്രരചന നിർത്തിയോ? ഇല്ലേയില്ല. ആന്തരികസംഘർഷങ്ങൾക്കിടയിലും അദ്ദേഹം ചിത്രരചന തുടർന്നു. മറ്റാരും അംഗീകരിച്ചില്ലെങ്കിലും തന്റെ ചിത്രങ്ങൾക്കു വലിയ മൂല്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. എങ്കിലും ഒരു ദിവസം ചിത്രരചനയ്ക്കിടെ തന്റെ ബ്രഷ് വലിച്ചെറിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു, ""ആരും ഇതു മനസിലാക്കില്ല. അതിന്റെ സൗന്ദര്യം ആർക്കും കാണാനാവുകയുമില്ല. പിന്നെ, ഞാൻ എന്തിനു ചിത്രരചന തുടരണം?”
അടുത്ത നിമിഷം അദ്ദേഹം തന്റെ കസേരയിലിരുന്നു നിശബ്ദനായി തന്റെ കലാസൃഷ്ടിയെ നോക്കി. എന്നിട്ടു സ്വയം പറഞ്ഞു, ""എന്നിലെ അപൂർണതകളാണ് ഈ ചിത്രത്തിൽ പ്രതിഫലിക്കുന്നത്. ഞാൻ പൂർണനല്ലാത്തതുപോലെ ഈ ചിത്രവും പൂർണമല്ല.” തന്റെ പോരായ്മകളെക്കുറിച്ച് ലാർസിന് ബോധ്യമുണ്ടായിരുന്നു. എന്നാൽ, അതുകൊണ്ട് ചിത്രരചന അദ്ദേഹം ഉപേക്ഷിച്ചില്ല മരിക്കുന്നതുവരെ അതു തുടരുകതന്നെ ചെയ്തു.
എല്ലാം തികഞ്ഞവരോ?
ജീവിതത്തിൽ എല്ലാം തികഞ്ഞവർ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ, അനുദിന ജീവിതത്തിൽ നമ്മുടെ അപൂർണതകളായിരിക്കും പലപ്പോഴും ദൃശ്യമാകുന്നത്. എന്നാൽ, അതുകൊണ്ട് പൂർണത കൈവരുത്താനുള്ള പരിശ്രമം നാം ഉപേക്ഷിക്കണമോ? ഒരിക്കലും പാടില്ല. തന്റെ മാനസികവിഭ്രാന്തിക്കും അപൂർണതയ്ക്കുമിടയിൽ ലാർസ് ചിത്രരചന തുടർന്നുകൊണ്ട് മുന്നോട്ടുപോയതുപോലെ നമ്മളും പൂർണതയ്ക്കായി ശ്രമിച്ചുകൊണ്ടു മുന്നോട്ടുപോകുകതന്നെ വേണം.
ജീവിതത്തിലെ നമ്മുടെ വിജയം എന്നു പറയുന്നത് എല്ലാം തികഞ്ഞവരായിരിക്കുക എന്നതു മാത്രമല്ല. പ്രത്യുത, ഓരോ പ്രതിസന്ധിയും തരണംചെയ്തു മുന്നോട്ടുപോകുന്പോഴും ജീവിതത്തിൽ വിജയം നേടുകതന്നെയാണു ചെയ്യുന്നത്. പരാജയം സമ്മതിക്കാതെ മുന്നോട്ടുപോകുന്നതുതന്നെ വലിയ വിജയമായി കാണണം. ലാർസ് അതാണ് ചെയ്തത്. ചിത്രരചനയിൽ പൂർണത നേടാൻ സാധിക്കാതെ വന്നപ്പോഴും ചിത്രരചന തുടരുകയാണ് അദ്ദേഹം ചെയ്തത്. അതുവഴിയാണ് പിൽക്കാലത്ത് അദ്ദേഹം ആദരിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ഇടയായതും.
ഫാ. പന്തപ്ലാംതൊട്ടിയിൽ