നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സഹായം നമുക്കു ലഭിക്കുന്നതാകട്ടെ പലപ്പോഴും മറ്റുള്ളവരിലൂടെയുമായിരിക്കും.
ഒരിക്കൽ ഒരു ദരിദ്രൻ ഒരു വലിയ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടു നടന്നുപോകുകയായിരുന്നു. ഭാണ്ഡക്കെട്ടിന്റെ ഭാരവും വെയിലിന്റെ ചൂടും അയാളെ ഏറെ ക്ഷീണിതനാക്കിയിരുന്നു. അപ്പോഴാണ് ആ ദുർഘടവഴിയിലൂടെ ഒരു കുതിരവണ്ടി കടന്നുവന്നത്. ധനികനായ ഒരാളായിരുന്നു ആ കുതിരവണ്ടിയിലെ യാത്രക്കാരൻ.
കുതിരവണ്ടി ആ ദരിദ്രന്റെ സമീപമെത്തിയപ്പോൾ ധനികൻ അയാളോടു പറഞ്ഞു: "കുതിരവണ്ടിയുടെ പിന്നിൽ സ്ഥലമുണ്ട്. കയറിയിരുന്നു വിശ്രമിച്ചു യാത്രചെയ്തുകൊള്ളൂ.' ധനികൻ പറഞ്ഞതുപോലെ, ദരിദ്രൻ കുതിരവണ്ടിയുടെ പിന്നിൽ കയറിയിരുന്നു.
കുറേക്കഴിഞ്ഞപ്പോൾ ധനികൻ പിന്നിലേക്കു തിരിഞ്ഞുനോക്കി. അപ്പോൾ, കണ്ട കാഴ്ച അദ്ദേഹത്തെ അന്പരപ്പിച്ചു. ആ ദരിദ്രൻ തന്റെ ഭാണ്ഡക്കെട്ട് തലയിൽ ചുമന്നുകൊണ്ടാണ് കുതിരവണ്ടിയുടെ പിൻഭാഗത്ത് ഇരുന്നിരുന്നത്!. "സുഹൃത്തേ, നിങ്ങൾക്കു ഭാണ്ഡക്കെട്ട് താഴെവച്ച് വിശ്രമിക്കാമല്ലോ. അവിടെ ധാരാളം സ്ഥലമുണ്ടല്ലോ.'- ധനികൻ അയാളോടു പറഞ്ഞു.
ഭാരം ചുമക്കൽ
ഉടനെ ദരിദ്രൻ പറഞ്ഞു: "എന്നെ കുതിരവണ്ടിയിൽ കയറ്റിയത് അങ്ങയുടെ വലിയ ഒൗദാര്യമാണ്. അതിന് എനിക്കു നന്ദിയുണ്ട്. എന്നാൽ, ക്ഷീണിച്ചവശരായ കുതിരകളെക്കൊണ്ട് എന്റെ ഭാണ്ഡംകൂടി ചുമപ്പിക്കാൻ മനസു വരുന്നില്ല. അതുകൊണ്ടാണ്, ഞാൻതന്നെ എന്റെ ഭാണ്ഡക്കെട്ട് ചുമക്കാമെന്നു കരുതിയത്.'
അപ്പോൾ, ധനികൻ പറഞ്ഞു: "നിങ്ങൾ എന്താണു ചിന്തിക്കുന്നത്? ഭാണ്ഡക്കെട്ട് നിങ്ങൾ തലയിൽവച്ചു കുതിരവണ്ടിയിൽ യാത്രചെയ്യുന്പോൾ ആ ഭാണ്ഡക്കെട്ടിന്റെ ഭാരവും കുതിരകൾതന്നെയാണ് വലിക്കുന്നത്. എന്തേ നിങ്ങൾ അതു മറന്നുപോയി?'
കുതിരവണ്ടിയിൽ കയറിയിട്ടു ഭാരം ഇറക്കിവയ്ക്കാതെ അതു ചുമന്നുകൊണ്ടു യാത്രചെയ്ത മനുഷ്യനെക്കുറിച്ചു സ്വാഭാവികമായും നമുക്കു തോന്നുക പുച്ഛമോ അല്ലെങ്കിൽ സഹതാപമോ ആയിരിക്കും. അല്ലെങ്കിൽ, എന്തു വിവരക്കേടാണ് അയാൾ കാണിക്കുന്നത് എന്നായിരിക്കും നാം ചോദിക്കുക. പക്ഷേ, അപ്പോൾ ഓർമിക്കണം നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പലപ്പോഴും ഈ ദരിദ്രനെപ്പോലെയാണെന്ന്.
നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ഭാരങ്ങൾ ചുമന്നുകൊണ്ടാണ് നാം ജീവിക്കുന്നത്? കഴിഞ്ഞുപോയ കാലത്തെ നമ്മുടെ വീഴ്ചകളും ഇന്നത്തെ നമ്മുടെ വെല്ലുവിളികളും വരുംനാളുകളിലെ അവ്യക്തതകളുമൊക്കെ ചുമന്നുകൊണ്ടല്ലേ നമ്മുടെ യാത്ര എപ്പോഴും?
എന്നാൽ, നമ്മുടെ ഭാരങ്ങൾ താങ്ങാൻ അതിശക്തനായ ദൈവം നമ്മോടൊപ്പം ഉണ്ടെന്നതു നാം മറന്നുപോകുന്നു. അവിടന്നല്ലേ താങ്ങിനിർത്തുന്നത്? അങ്ങനെയെങ്കിൽ, നമ്മുടെ ജീവിതഭാരങ്ങളോർത്തു നാം എന്തിന് ആകുലപ്പെടണം? നമ്മുടെ ഭാരങ്ങളെല്ലാം ദൈവത്തെ ഏല്പിച്ച് അവിടത്തോടൊപ്പം യാത്ര ചെയ്യുകയല്ലേ നാം വേണ്ടത്?
നാം ദൈവത്തിന്റെ കുതിരവണ്ടിയിലാണു സഞ്ചരിക്കുന്നതെങ്കിൽ നമ്മുടെ ഭാരങ്ങൾ മുഴുവൻ താങ്ങുന്നതു ദൈവമായിരിക്കും. അപ്പോൾ, നമ്മുടെ ഭാരം ലഘുവായി മാറും. തന്മൂലമല്ലേ, ദൈവപുത്രനായ യേശുനാഥൻ പറഞ്ഞത്, "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം' (മത്തായി 11:28). നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സഹായം നമുക്കു ലഭിക്കുന്നതാകട്ടെ പലപ്പോഴും മറ്റുള്ളവരിലൂടെയുമായിരിക്കും.
ഭാരം കുറയുന്നതിങ്ങനെ
മുകളിലത്തെ കഥയിലേക്കു നമുക്കു മടങ്ങിവരാം. ദരിദ്രനായ മനുഷ്യൻ തന്റെ ഭാണ്ഡക്കെട്ടു ചുമന്നു വലഞ്ഞപ്പോൾ ദൈവം അയാളുടെ സഹായത്തിനെത്തിയത് ആ വഴിവന്ന ധനികനായ യാത്രക്കാരനിലൂടെയായിരുന്നു. അത് ആ ദരിദ്രൻ മനസിലാക്കിയോ എന്നതു കഥയിൽ വ്യക്തമല്ല. എന്നാൽ, അയാൾക്ക് ആ സഹായം ലഭിച്ചത് ദൈവത്തിന്റെ പരിപാലനയുടെ തണലിലാണെന്നു വ്യക്തം. ദരിദ്രനായ മനുഷ്യനെ സഹായിക്കാൻ ആ കുതിരവണ്ടിയിൽ യാത്രചെയ്തയാളെ ദൈവം വിനിയോഗിക്കുകയായിരുന്നു.
ഈ സംഭവം വ്യക്തമാക്കുന്ന മറ്റൊരു യാഥാർഥ്യമുണ്ട്. അതായത്, മറ്റു മനുഷ്യരുടെ സഹായത്തോടെയാണു ദൈവം നമ്മുടെ ഭാരങ്ങൾ ചുമക്കുവാൻ നമ്മെ സഹായിക്കുന്നതെങ്കിൽ, മറ്റുള്ളവരുടെ ഭാരം ചുമക്കാൻ ദൈവം നമുക്ക് അവസരം തരുന്പോൾ അതിനു മുന്നിട്ടിറങ്ങുകതന്നെ വേണം. കാരണം, നാം പരസ്പരം ഭാരം വഹിക്കാൻ സഹായിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. ദൈവവചനം പറയുന്നു: "പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കുവിൻ' (ഗലാത്തിയ 6:2).
പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മുന്നോട്ടു പോകുന്പോഴും ഓർമിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ദൈവം ആഗ്രഹിക്കാത്ത ഒരു ഭാരവും നാം ചുമക്കരുത് എന്നതാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതു നമ്മുടെ പാപഭാരമാണ്. നമ്മുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് അവ ഏറ്റുപറഞ്ഞ് പരിഹാരം ചെയ്യാൻ തയാറായി ആ പാപങ്ങളുടെ ഭാരം ദൈവത്തിനു വിട്ടുകൊടുക്കണമെന്നാണ് അവിടത്തെ ആഗ്രഹം. അങ്ങനെ ചെയ്യുന്പോഴാണ് മനസ് ശാന്തവും ഭാരരഹിതവുമാകുന്നത്.
നമ്മുടെ കോപവും വൈരാഗ്യവും ക്ഷമിക്കാനുള്ള മനസില്ലായ്മയും നമ്മുടെ ആകുലതകളുമൊക്കെ പലപ്പോഴും നമ്മുടെ ജീവിതത്തിലെ വലിയ ഭാരങ്ങളാണ്. ഇവയൊന്നും ചുമന്നുകൊണ്ടു നടക്കരുതെന്നാണ് ദൈവത്തിന്റെ ആഗ്രഹം. ഇവയെല്ലാം ദൈവത്തിനു വിട്ടുകൊടുത്താൽ നമ്മുടെ ജീവിതം എത്രയോ ഭാരരഹിതമാകുമായിരുന്നു! ദൈവത്തിന്റെ കുതിരവണ്ടിയിൽ നമുക്കു യാത്രചെയ്യാം. നമ്മുടെ ഭാരമെല്ലാം ആ വണ്ടിയിൽ ഇറക്കിവയ്ക്കാം. അപ്പോൾ, നമ്മുടെ ജീവിതയാത്രയിലെ ഭാരം ഏറെ ലഘൂകരിക്കപ്പെടും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ