കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു വിജയിക്കാനാവശ്യമായ ഒരു സാഹചര്യം ഒരുക്കുക മാത്രമാണ് ആ ധനികൻ ചെയ്തത്.
രണ്ട് സുഹൃത്തുക്കൾ. അവരിലൊരാൾ കുബേരൻ. മറ്റെയാൾ കുചേലൻ. കുചേലനായ സുഹൃത്തിനെ സഹായിക്കാൻ കുബേരനായ ആൾ ഒരു പദ്ധതി ആവിഷ്കരിച്ചു. അതനുസരിച്ച്, ആ ധനികൻ തന്റെ ദരിദ്രനായ സുഹൃത്തിനെ വിളിച്ചുവരുത്തി വലിയൊരു തുക വായ്പയായി നൽകി.
ആ വായ്പ ഒരു വ്യാപാരം ചെയ്യാനായിരുന്നു. ചെറുകിട വ്യാപാരികൾക്കു സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന മൊത്തവ്യാപാരം. ഏതൊക്കെ ചെറുകിട വ്യാപാരികൾക്കാണു സാധനങ്ങൾ എത്തിച്ചുകൊടുക്കേണ്ടതെന്നും ധനികൻ തന്റെ സുഹൃത്തിനോടു പറഞ്ഞു.
ധനികനായ സുഹൃത്ത് നൽകിയ വായ്പ സ്വീകരിച്ച്, ദരിദ്രനായ ആൾ മൊത്തവ്യാപാരം തുടങ്ങി. സുഹൃത്ത് പറഞ്ഞതനുസരിച്ച്, പ്രത്യേകം തെരഞ്ഞെടുത്ത ചെറുകിട വ്യാപാരികൾക്കാണ് അയാൾ സാധനങ്ങൾ എത്തിച്ചുകൊടുത്തത്. ആ വ്യാപാരികളെല്ലാവരും മൊത്തവ്യാപാരിയായിത്തീർന്ന ദരിദ്രനു സഹകരണവും പ്രോത്സാഹനവും നൽകി. വാങ്ങുന്ന സാധനങ്ങളുടെ വില അവർ മുൻകൂറായി നൽകുകയും ചെയ്തു.
ബിസിനസ് വിജയകരമായി മുന്നോട്ടുപോകാൻ തുടങ്ങിയപ്പോൾ വായ്പ തിരിച്ചടയ്ക്കാനും നന്ദി പ്രകടിപ്പിക്കാനുമായി ദരിദ്രനായിരുന്നയാൾ തന്റെ ധനികനായ സുഹൃത്തിനെ കാണാനെത്തി. "ബിസിനസ് വൻ വിജയമാണ്', അയാൾ പറഞ്ഞു. "ഇത്രപെട്ടെന്ന്, എനിക്കു നല്ലകാലം വരുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല. എല്ലാത്തിനും പ്രത്യേകം നന്ദി.'
ഉടനെ ധനികൻ പറഞ്ഞു: "നിങ്ങൾ അതിഭാഗ്യവാൻതന്നെ. നിങ്ങൾ സമീപിച്ച എല്ലാ ചെറുകിട വ്യാപാരികളും എത്ര മനോഹരമായിട്ടാണ് നിങ്ങളോടു സഹകരിച്ചത്!' താൻ ഭാഗ്യവാനാണെന്ന കാര്യത്തിൽ ആ മൊത്തവ്യാപാരിക്ക് അല്പംപോലും സംശയമുണ്ടായിരുന്നില്ല.
എന്നാൽ, യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നോ? ധനികനായ മനുഷ്യന്റെ സഹായം ലഭിച്ചിരുന്നവരായിരുന്നു ആ ചെറുകിട വ്യാപാരികളെല്ലാവരും. ധനികൻ അവരോടു മുൻകൂട്ടി പറഞ്ഞതനുസരിച്ചായിരുന്നു അവർ മൊത്ത വ്യാപാരത്തിനിറങ്ങിത്തിരിച്ച ആളോടു പൂർണമായി സഹകരിച്ചത്.
കഥയിലെ ദൈവം
ഇതൊരു യഹൂദകഥയാണ്. കഥയനുസരിച്ച്, ദൈവമാണ് ധനികനായ സുഹൃത്ത്. നാമെല്ലാവരും ദൈവത്തിന്റെ പ്രിയപ്പെട്ടവരും. അതിന്റെ സുപ്രധാന കാരണം നാം എല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്നതുതന്നെ. നാം ദൈവത്തിന്റെ മക്കളും അവിടത്തേക്കു പ്രിയപ്പെട്ടവരുമാണെങ്കിലും വിവിധ കാരണങ്ങളാൽ നാം പലവിധത്തിൽ ദരിദ്രരാണ്. നമ്മുടെ ദാരിദ്ര്യം പലവിധത്തിലാകാം.
സാന്പത്തിക ദാരിദ്ര്യമാകാം നമ്മിൽ പലരെയും ഏറെ അലട്ടുന്നത്. എന്നാൽ, അതോടൊപ്പം ആത്മീയദാരിദ്ര്യവും അലട്ടുന്നുണ്ട്. നാം അതു മനസിലാക്കാതെപോകുന്നു എന്നതു വേറേ കാര്യം. നമ്മുടെ ദാരിദ്ര്യം ഏതു മേഖലയിലുള്ളതാണെങ്കിലും അതിനു പരിഹാരം കാണുന്നതിനു നമ്മെ സഹായിക്കാൻ ദൈവം എപ്പോഴും കൂടെയുണ്ട് എന്നതു മറന്നുപോകരുത്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു വിജയിക്കാനാവശ്യമായ ഒരു സാഹചര്യം ഒരുക്കുക മാത്രമാണ് ആ ധനികൻ ചെയ്തത്. അതു തന്റെ സുഹൃത്തിനോടുള്ള അതിയായ സ്നേഹംമൂലമായിരുന്നു.
ജീവിതത്തിൽ നമ്മൾ വിജയിക്കാൻവേണ്ടി ദൈവം നമുക്ക് ഏറെ അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, നാം അതെക്കുറിച്ചു പലപ്പോഴും ബോധവാന്മാരല്ലെന്നു മാത്രം. ദൈവം നമുക്കു നൽകിയിരിക്കുന്ന വിവിധ കഴിവുകൾ മാത്രം എടുക്കുക. ധാരാളംപേർ തങ്ങളുടെ കഴിവുകൾ നന്നായി വികസിപ്പിച്ചു ജീവിതത്തിൽ വിജയം നേടാൻ അവ ഉപയോഗിക്കുന്പോൾ മറ്റു ചിലരാകട്ടെ അങ്ങനെയൊന്നും ചെയ്യാതെ അലസരായി ജീവിക്കുന്നു. തന്മൂലം, അവർ ജീവിതത്തിൽ പരാജയപ്പെടുന്നു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ദൈവദത്തമായ കഴിവുകൾ വികസിപ്പിച്ചാൽ മാത്രം പോരാ. അവ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ വിനിയോഗിക്കുകയും വേണം. അതുപോലെതന്നെ, ദൈവകല്പനാ ചട്ടങ്ങളും അതനുസരിച്ചുകൊണ്ടുള്ള ജീവിതമായിരിക്കുകയും വേണം. അപ്പോൾ മാത്രമേ, ദൈവം അനുദിനം നമുക്കു നൽകുന്ന അനുഗ്രഹങ്ങളും നന്മകളും പൂർണമായി നമുക്കു സ്വീകരിക്കാനും അങ്ങനെ ജീവിതത്തിൽ വിജയം നേടാനും സാധിക്കൂ.
യഥാർഥ മക്കൾ
ദൈവത്തോടൊപ്പം നടക്കാത്തവർ ജീവിതത്തിൽ വൻവിജയങ്ങൾ നേടുന്നതു ചിലപ്പോൾ നാം കാണാറുണ്ട്. എന്നാൽ, അവരുടെ ആ വിജയത്തിന്റെ പിന്നിലും ദൈവകരം ഉണ്ടെന്നതാണ് വാസ്തവം. അവർ ദൈവത്തെ മറന്നാലും ദൈവം അവരെ മറക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അവരും എത്രയും വേഗം തന്നെ അറിയണമെന്നും തന്റെ സ്നേഹം അനുഭവിക്കണമെന്നുമാണ് കരുണാനിധിയായ അവിടന്ന് ആഗ്രഹിക്കുന്നത്.
നാമാരും സാന്പത്തികമോ ആധ്യാത്മികമോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള ദാരിദ്ര്യം അനുഭവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. നേരേ മറിച്ച്, അവിടത്തെ പൂർണതയിൽനിന്നു ധാരാളമായി നമുക്കു വാരിക്കോരി നൽകുന്നവനാണ് ദൈവം. അവ സന്തോഷപൂർവം സ്വീകരിക്കാൻ നാം സന്നദ്ധരാകണമെന്നു മാത്രം. അതു സാധിക്കണമെങ്കിൽ നാം ദൈവത്തിന്റെ യഥാർഥ മക്കളായിത്തന്നെ ജീവിക്കണം.
ദൈവത്തെ മറന്നു സ്വന്തം വഴികളിലൂടെ പോകാനാണ് പലരും പലപ്പോഴും ശ്രമിക്കുന്നത്. അതാണു പലപ്പോഴും നമ്മുടെ പരാജയങ്ങൾക്കു കാരണവും. നമ്മുടെ നന്മ എപ്പോഴും ആഗ്രഹിക്കുന്നവനാണ് ദൈവം. അതിനാൽ, ദൈവത്തെ മറക്കാതെ അവിടുന്നു നൽകുന്ന നന്മകൾക്ക് അനുദിനം നന്ദി പറഞ്ഞു ജീവിക്കാം. അതാണ് എല്ലാ രീതിയിലും സന്പന്നരാകാനുള്ള ഏക വഴി.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ