ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്ദേഹം കവി, ചെറുകഥാകൃത്ത്, തത്വചിന്തകൻ, ഉപന്യാസകാരൻ, വിവർത്തകൻ, ഇംഗ്ലീഷ് പ്രഫസർ, എഡിറ്റർ, ലൈബ്രേറിയൻ എന്നീ നിലകളിൽ പ്രശോഭിച്ചു.
സാഹിത്യവാസനയുള്ള കുടുംബത്തിലാണ് ബോർഹസ് ജനിച്ചത്. നിയമജ്ഞനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു സാഹിത്യകാരനുംകൂടിയായിരുന്നതുകൊണ്ട് അവരുടെ ഭവനം ഒരു ലൈബ്രറി പോലെയായിരുന്നു. തന്മൂലം, അദ്ദേഹത്തിനു ധാരാളം പുസ്തകങ്ങൾ വായിക്കാൻ അവസരം ലഭിച്ചു. പിതാവിന്റെ ആരോഗ്യകാരണങ്ങളാൽ അവർ സ്വിറ്റ്സർലൻഡിലേക്കു താമസം മാറ്റിയതുകൊണ്ട് അവിടെ പഠിക്കാനും വിവിധ ഭാഷകളിൽ വൈദഗ്ധ്യം നേടാനും അദ്ദേഹത്തിനു സാധിച്ചു.
ചുറ്റിക്കുന്ന ലാബിറിന്ത്
ഇരുപത്തിരണ്ടാം വയസിൽ ബ്യൂണസ് ഐറസിൽ മടങ്ങിയെത്തിയ അദ്ദേഹം കവിതകളും ചെറുകഥകളുമൊക്കെ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ചെറുകഥാരചനകളിൽ ശരിക്കും പ്രശോഭിച്ച അദ്ദേഹം 1939ൽ പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് "ടൂ കിംഗ്സ് ആൻഡ് ടൂ ലാബിറിന്ത്സ്.' ഉള്ളിൽ പ്രവേശിച്ചാൽ പുറത്തുകടക്കാൻ അസാധ്യമായ വിധത്തിൽ ചുറ്റിക്കുന്ന വഴികളുള്ള ഒരു സംവിധാനമാണ് ലാബിറിന്ത്.
ഇതു രണ്ടു രാജാക്കന്മാരെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അവരിലൊരാൾ ബാബിലോണിലെ രാജാവും അപരൻ അറേബ്യയിലെ രാജാവുമാണ്. അവർക്കു രണ്ടുപേർക്കും കഥയിൽ പേരുകൾ നൽകിയിട്ടില്ല. ബാബിലോണിലെ രാജാവ് അതീവ ബുദ്ധിശാലിയായിരുന്നു. അതുപോലെതന്നെ, വലിയ തന്ത്രജ്ഞനും. അദ്ദേഹം ഏറെ പണം ചെലവഴിച്ച് ആരെയും അന്പരപ്പിക്കുകയും അതുപോലെ കുടുക്കുകയും ചെയ്യുന്ന ഒരു ലാബിറിന്ത് നിർമിച്ചു. കറങ്ങിത്തിരിയുന്ന വഴികളും ഉയരംകൂടിയ ഭിത്തികളുമുള്ള ആ ലാബിറിന്തിൽ ആരു കയറിയാലും അതിൽ കുടുങ്ങിയതുതന്നെ.
ലാബിറിന്തിന്റെ പണി പൂർത്തിയായപ്പോൾ അറേബ്യയിലെ രാജാവിനെ ബാബിലോൺ രാജാവ് സൗഹൃദ സന്ദർശനത്തിനു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അറേബ്യൻ രാജാവ് ബാബിലോണിലെത്തിയപ്പോൾ ബാബിലോൺ രാജാവ് അദ്ദേഹത്തെ ചതിവിൽ ലാബിറിന്തിൽ പ്രവേശിപ്പിച്ചു. ലാബിറിന്തിൽ കുടുങ്ങിപ്പോയ അറേബ്യൻ രാജാവ് അവിടെനിന്നു പുറത്തുകടക്കാൻ സാധിക്കാതെ ഏറെ വിഷമിച്ചു. അപ്പോൾ, അവസാനത്തെ അഭയമെന്ന രീതിയിൽ അദ്ദേഹം ദൈവത്തിലേക്കു തിരിഞ്ഞു. അങ്ങനെ ദൈവാനുഗ്രഹത്താൽ ആ ദുർഘട സ്ഥലത്തുനിന്നു രക്ഷപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു.
അറേബ്യയിൽ മടങ്ങിയെത്തിയ അറേബ്യൻ രാജാവ് കുറേ വർഷം കഴിഞ്ഞപ്പോൾ വലിയൊരു സൈന്യവുമായി ബാബിലോണിലെത്തി അവിടത്തെ രാജാവിനെ ബന്ധനസ്ഥനാക്കി അറേബ്യയിലേക്കു കൊണ്ടുപോയി. അറേബ്യയിൽ എത്തിയ ശേഷം ബാബിലോൺ രാജാവിനെ വലിയൊരു മരുഭൂമിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോൾ, അറേബ്യൻ രാജാവ് ബാബിലോൺ രാജാവിനോടു പറഞ്ഞു, "'ഇതാണ് എന്റെ ലാബിറിന്ത്.''
ഇതിനുശേഷം ബാബിലോണിയൻ രാജാവിനെ അവിടെ ഉപേക്ഷിച്ച് അറേബ്യൻ രാജാവും പരിവാരവും മടങ്ങി. ഇതോടെ കഥ അവസാനിക്കുന്നു. ബാബിലോണിയൻ രാജാവിനു മരുഭൂമിയായ ലാബിറിന്തിൽനിന്നു പുറത്തുകടക്കാൻ സാധിക്കുമോ? സംശയമാണ്. കാരണം, ദിക്കും ദിശയുമൊന്നും വിവേചിച്ചറിയാൻ പറ്റാത്ത മരുഭൂമിയിൽ പരസഹായംകൂടാതെ രക്ഷപ്പെടുക അസാധ്യം. അല്ലെങ്കിൽ അതിനു ദൈവത്തിന്റെ അസാധാരണമായ ഇടപെടൽ വേണ്ടിവരും.
പുറത്തു കടക്കാൻ
ഈ ചെറുകഥയിലൂടെ എന്തു സന്ദേശമാണ് കഥാകൃത്ത് നമുക്കു നൽകുന്നത്? അഹങ്കാരം നമ്മുടെ വീഴ്ചയ്ക്കു കാരണമാകുമെന്നോ? ബാബിലോൺ രാജാവ് ബുദ്ധിമാനായിരുന്നു. എല്ലാ കാര്യങ്ങളും തന്റെ ചൊല്പടിയിൽ നിൽക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ, മരുഭൂമിയിൽ അകപ്പെട്ടപ്പോൾ എങ്ങനെ രക്ഷപ്പെടാൻ സാധിക്കുമെന്നറിയാതെ അദ്ദേഹം കുഴങ്ങി. അപ്പോഴാണ് തന്റെ ബുദ്ധിയും അറിവുമൊക്കെ എത്ര നിസാരമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാകുന്നത്.
ഇനി, നമുക്ക് അറേബ്യൻ രാജാവിന്റെ കാര്യമെടുക്കാം. ലാബിറിന്തിൽനിന്നു രക്ഷപ്പെടുക തന്റെ സ്വന്തം ശക്തിയാൽ അസാധ്യമാണെന്ന് അറേബ്യൻ രാജാവ് മനസിലാക്കി. തന്മൂലം, അദ്ദേഹം വിനയാന്വിതനായി ദൈവത്തിലേക്കു തിരിഞ്ഞു. ദൈവം അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
പ്രസിദ്ധ ബ്രിട്ടീഷ് ഗ്രന്ഥകാരനായ സി.എസ്. ലൂവിസ് എഴുതുന്നു, "അഹങ്കാരം മറ്റെല്ലാ തിന്മകളിലേക്കും നയിക്കുന്നു. അതു ദൈവത്തിന്റെ സ്ഥാനം തള്ളിപ്പറയുന്ന ഒരു മാനസികാവസ്ഥയാണ്.' ജീവിതത്തിൽ വിജയം കൊയ്യാൻ സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്നവരുടെ മാനസികാവസ്ഥയാണിത്. എല്ലാം സ്വന്തം ശക്തിയാൽ നേടാമെന്നായിരിക്കും അവരുടെ ചിന്ത.
എന്നാൽ, നാം എത്ര കേമന്മാരാണെങ്കിലും ദൈവസഹായമില്ലാതെ ഒരിടത്തും എത്തുകയില്ലെന്നതാണ് യാഥാർഥ്യം. അതായത്, ജീവിതത്തിൽ നേരിടുന്ന ലാബിറിന്തുകളിൽ അകപ്പെട്ടാൽ ദൈവസഹായം കൂടാതെ അവിടെനിന്നു പുറത്തുകടക്കാനാവില്ല. എന്നാൽ, അറേബ്യൻ രാജാവിനെപ്പോലെ ദൈവസഹായം തേടിയാൽ എത്ര സങ്കീർണമായ ലാബിറിന്തിൽ അകപ്പെട്ടാലും അവിടെനിന്നു പുറത്തുകടക്കുമെന്നു സാരം. എന്നാൽ, ആ സഹായം സ്വീകരിക്കാനുള്ള എളിമ നമുക്കുണ്ടാകണമെന്നു മാത്രം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ