അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസം അവിടെയെത്തിയ അതിഥികളിൽ ഒരു ആധ്യാത്മിക ഗുരുവുമുണ്ടായിരുന്നു. സേവകർ അദ്ദേഹത്തെ അതിവേഗം രാജസന്നിധിയിലെത്തിച്ചു.
അതിഥിയെ തിരിച്ചറിഞ്ഞ രാജാവ് സന്തോഷപൂർവം സ്വാഗതം ചെയ്തു. ആദരിച്ച് ഇരുത്തിയ ശേഷം രാജാവ് ചോദിച്ചു: "അങ്ങേയ്ക്ക് എന്താണ് ആവശ്യം?' ഉടനെ ഗുരു പറഞ്ഞു: "ഈ സത്രത്തിൽ താമസിക്കാൻ എനിക്ക് ഒരു സ്ഥലം തരണം.'
"ഇതു സത്രമല്ല. എന്റെ കൊട്ടാരമാണ്.'- രാജാവ് പറഞ്ഞു. ഉടനെ ഗുരു ചോദിച്ചു: "അങ്ങേക്ക് മുമ്പ് ഈ കൊട്ടാരത്തിന്റെ ഉടമ ആരായിരുന്നു?'
രാജാവ് പറഞ്ഞു: "എന്റെ പിതാവ്. അല്ലാതെ ആരാണ്?'
"അദ്ദേഹം ഇപ്പോൾ എവിടെയാണ്?' ഗുരു ചോദ്യം തുടർന്നു. ഉടനെ രാജാവ് പറഞ്ഞു: "അദ്ദേഹം മരിച്ചുപോയി.'
ഉടൻ ഗുരുവിന്റെ ചോദ്യം: "അങ്ങയുടെ പിതാവിനു മുൻപ് ആരായിരുന്നു ഈ കൊട്ടാരത്തിന്റെ ഉടമസ്ഥൻ?'
"അത് എന്റെ മുത്തച്ഛനായിരുന്നു'- രാജാവ് മറുപടി നൽകി.
"അങ്ങയുടെ മുത്തച്ഛൻ എവിടെയാണിപ്പോൾ?'- ഗുരുവിന്റെ അടുത്ത ചോദ്യം. ഉടനെ രാജാവ് പറഞ്ഞു: "അദ്ദേഹം പണ്ടേ മരിച്ചു.'
അല്പനിമിഷത്തെ മൗനത്തിനുശേഷം ഗുരു പറഞ്ഞു: "അങ്ങ് പറഞ്ഞതനുസരിച്ച്, ഇവിടെ താമസിക്കുന്നവരെല്ലാം കുറച്ചു കാലത്തേക്കു മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. അതിനുശേഷം അവർ എങ്ങോട്ടോ യാത്ര തുടരുകയാണ്. അങ്ങനെയെങ്കിൽ ഈ രാജകൊട്ടാരം ഒരു സത്രമല്ലാതെ മറ്റൊന്നുമല്ല!' ഈ വാക്കുകൾ കേട്ടപ്പോൾ രാജാവിനു മറുപടിയില്ലായിരുന്നു.
സ്വന്തമായിട്ടുള്ളത്
റോമൻ ചക്രവർത്തിയും തത്വചിന്തകനുമായിരുന്ന മാർക്കസ് ഔറേലിയസ് (121-180) ഒരിക്കൽ എഴുതി: "ജീവിതമെന്നു പറയുന്നത് ഒരു വഴിപോക്കന്റെ തത്കാല താമസസ്ഥലമാണ്; സത്രത്തിലെ ഒരു രാത്രി.' നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും വ്യക്തമാക്കുന്ന മനോഹരമായ ഒരു ഉദ്ധരണിയാണിത്. മുകളിൽ കൊടുത്തിരിക്കുന്ന കഥ വ്യക്തമാക്കുന്നതും അതുതന്നെ.
ജീവിതത്തിൽ അധികാരവും പ്രൗഢിയും സന്പത്തുമൊക്കെയുള്ളപ്പോൾ അത് എക്കാലവും നീണ്ടുനിൽക്കുമെന്നാണ് പലരും വിചാരിക്കുന്നത്. ഒരുപക്ഷേ, അവർ അങ്ങനെ ചിന്തിക്കുന്നില്ലെങ്കിൽതന്നെ അവരുടെ പ്രവൃത്തി പലപ്പോഴും വ്യക്തമാക്കുന്നത് അതാണ്.
നിത്യതയുമായി തുലനം ചെയ്യുന്പോൾ നമ്മുടെ ഈലോക ജീവിതം എന്നുപറയുന്നതു സത്രത്തിലെ ഒരു രാത്രിക്കുപോലും തുല്യമാണെന്നു പറയാൻ സാധിക്കില്ല. അത്രമാത്രം ഹ്രസ്വമാണു നമ്മുടെ ജീവിതം. അപ്പോൾപിന്നെ, ഈ ലോകത്തിലെ സുഖത്തിനും സന്തോഷത്തിനുംവേണ്ടി മാത്രം നമ്മുടെ ജീവിതം മാറ്റിവയ്ക്കുന്നതു ഭോഷത്തമല്ലേ?
ദൈവവചനം പറയുന്നു: "ഇവിടെ നമുക്കു നിലനിൽക്കുന്ന നഗരമില്ല' (ഹെബ്രായർ 13:14) അങ്ങനെയെങ്കിൽ, എവിടെയാണ് നിലനിൽക്കുന്ന നഗരം? എവിടെയാണ് നിത്യമായി നമുക്കു ജീവിക്കാനുള്ള വാസസ്ഥലം? ദൈവവചനം വീണ്ടും പറയുന്നു: "നമ്മുടെ പൗരത്വം സ്വർഗത്തിലാണ്'(ഫിലിപ്പി 3:20). അതായത്, സ്വർഗമാണ് നിത്യമായി നിലനിൽക്കുന്ന നമ്മുടെ നഗരം. അവിടെയാണ് നാം നിത്യമായി വസിക്കേണ്ടത്.
തന്മൂലമാണ്, മലയിലെ പ്രസംഗത്തിൽ ദൈവപുത്രനായ യേശു പറഞ്ഞത്: "ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുന്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുന്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയുമില്ല'(മത്തായി 6:19-20).
നിക്ഷേപം കൂട്ടുക
നാം നിത്യമായി വസിക്കേണ്ട സ്വർഗത്തിൽ എങ്ങനെയാണ് നമുക്കു നിക്ഷേപങ്ങൾ കൂട്ടാൻ സാധിക്കുക? അത് എളുപ്പമാണ്. ഈ ലോകത്തിലെ നമ്മുടെ നിക്ഷേപങ്ങൾ നമ്മുടേതെന്നപോലെ മറ്റുള്ളവരുടെയും നന്മയ്ക്കായി വിനിയോഗിക്കുക. ആ നിക്ഷേപങ്ങളിൽ നമ്മുടെ സമയവും സന്പത്തും നിരവധിയായ നമ്മുടെ കഴിവുകളും ഉൾപ്പെടും.
ഈ ലോകത്തിലെ ഹ്രസ്വമായ ജീവിതം ഏറ്റവും മെച്ചപ്പെട്ടതാക്കാനായി സമയവും സന്പത്തും സകല കഴിവുകളും വിനിയോഗിക്കുന്നതിൽ നാം എപ്പോഴും ബദ്ധശ്രദ്ധരാണ്. അതു നല്ല കാര്യം. എന്നാൽ, അതിനെക്കാളേറെ, നിത്യകാലം നീണ്ടുനിൽക്കുന്ന നമ്മുടെ ജീവിതം സന്തോഷപൂർണമായിരിക്കുമെന്ന് ഉറപ്പാക്കാനാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. അതു ചെയ്യുന്നില്ലെങ്കിൽ നാം പന്പരവിഡ്ഢികൾതന്നെ.
"നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും, (മത്തായി 6:21). എന്നു ദൈവവചനം പറയുന്നുണ്ട്. നമ്മുടെ നിക്ഷേപം സ്വർഗത്തിലാണെന്ന് ഉറപ്പാക്കാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ, നമ്മുടെ ഹൃദയം എപ്പോഴും സ്വർഗീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാകും.
ശ്രീരാമകൃഷ്ണ പരമഹംസൻ പറയുന്നു: "കടന്നുപോകുന്ന സന്പത്തിനോടും ജീവിതസുഖങ്ങളോടുമുള്ള നിങ്ങളുടെ ആസക്തി അനുദിനം കുറഞ്ഞുവരാൻ ദൈവത്തോടു നിങ്ങൾ പ്രാർഥിക്കുക.' അങ്ങനെ പ്രാർഥിക്കാൻ സാധിച്ചാൽ നമ്മുടെ ഹൃദയം സ്വർഗത്തിലായിരിക്കുകയും അവിടെയെത്താൻ ഇടയാവുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ