മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ടുള്ള യാത്ര തുടർന്നു. അങ്ങനെയാണ് അവർ ഒരു വലിയ മതിൽക്കെട്ടിന് അടുത്തെത്തിയത്. ആ മതിലിനപ്പുറത്ത് ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദവും പക്ഷികളുടെ ഗാനാലാപവും അവർ കേട്ടു.അവരിലൊരാൾ മതിലിൽ വലിഞ്ഞുകയറി.
അപ്പോൾ ആ മതിലിനകത്തു കണ്ടതു മനോഹരമായ ഫലവൃക്ഷങ്ങളും പൂക്കൾ നിറഞ്ഞ ചെടികളുമായിരുന്നു. അയാൾ കണ്ട കാഴ്ച വിവരിച്ചപ്പോൾ രണ്ടാമത്തെ ആളും മതിലിൽ വലിഞ്ഞുകയറി ആ കാഴ്ച കണ്ടു. ഒന്നാമൻ പിന്നെ കാത്തുനിന്നില്ല. അയാൾ മതിലിൽനിന്നു ചാടി വെള്ളച്ചാട്ടത്തിനരികിലേക്ക് ഓടി. എത്രയും വേഗം ദാഹം ശമിപ്പിച്ചു വിശ്രമിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
എന്നാൽ, രണ്ടാമൻ അതിനു തയാറായില്ല. അയാൾ പെട്ടെന്ന് തങ്ങളുടെ സംഘത്തിലുണ്ടായിരുന്നവരെ ഓർമിച്ചു. അവർ അപ്പോഴും മരുഭൂമിയിൽ വഴിതെറ്റി അലയുകയാണെന്ന ചിന്ത അയാളെ വേദനിപ്പിച്ചു. ഈ വിശ്രമസങ്കേതത്തിലെത്തിയില്ലെങ്കിൽ അവർ മരിച്ചുപോകുമെന്ന ബോധ്യം അയാളെ മഥിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. അയാൾ മതിലിൽനിന്നു താഴെയിറങ്ങി തന്റെ സംഘാംഗങ്ങളെ തേടി പിറകോട്ടു പോയി.
സെൻ ബുദ്ധിസത്തിൽനിന്നുള്ള ഒരു കഥയാണിത്. ഈ കഥ പലരും പല വിധത്തിൽ പൊരുൾ തിരിച്ചുകാണുന്നുണ്ട്. ഒരാളുടെ അഭിപ്രായം ഒരു ചോദ്യരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. "സ്വന്തം ജീവനും രക്ഷയും ഉറപ്പുവരുത്താനാണോ അതോ സ്വന്തം ജീവിതത്തിൽ ത്യാഗവും നഷ്ടവും സഹിച്ചും മറ്റുള്ളവരുടെ ജീവനും രക്ഷയും ഉറപ്പുവരുത്താനാണോ ഒരുവൻ ശ്രമിക്കേണ്ടത്?'
മറ്റുള്ളവർക്കു വേണ്ടി
ഈ കഥയനുസരിച്ച്, ഒരുവൻ സ്വന്തം കാര്യം നോക്കി മുന്നോട്ടുപോയപ്പോൾ രണ്ടാമൻ സ്വന്തം കാര്യം നോക്കുന്നതിനു പകരം മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണു ചെയ്തത്. അയാളെ സംബന്ധിച്ചിടത്തോളം സ്വർഗവും സൗഭാഗ്യവും തനിക്കു മാത്രമല്ല, അതു മറ്റുള്ളവർക്കുംകൂടി അവകാശപ്പെട്ടതാണ് എന്നായിരുന്നു അയാളുടെ വിശ്വാസം. ത്യാഗം സഹിച്ചും അതു മറ്റുള്ളവർക്ക് ഉറപ്പാക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
നമ്മുടെ അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നത് ഇവരിൽ ആരെപ്പോലെയുള്ളവരെയാണ്? ഒരുപക്ഷേ, ഈ ചോദ്യം നാം ചോദിക്കേണ്ടതു നമ്മോടുതന്നെയായിരിക്കണം. നാം സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ടു പോകുന്നവരാണോ? അതോ മറ്റുള്ളവരുടെ നന്മയും സൗഭാഗ്യവും ഉറപ്പുവരുത്താൻ യത്നിക്കുന്നവരാണോ?അമേരിക്കയിലെ കറുത്ത വർഗക്കാരുടെ നന്മ ഉറപ്പാക്കാൻ ക്രിയാത്മകമായ മാർഗങ്ങളിലൂടെ പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ പറയുന്നതനുസരിച്ചു നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തരവുമായ ചോദ്യം നാം മറ്റുള്ളവർക്കുവേണ്ടി എന്തു ചെയ്യുന്നു എന്നതാണ്.
ഈ ചോദ്യത്തിന്റെ പ്രാധാന്യം മനസിലാക്കിയതുകൊണ്ടാണ് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന ജീവിതത്തിനു മാത്രമേ എന്തെങ്കിലും നന്മയുള്ളൂ എന്നു സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത്.മഹാത്മാഗാന്ധിയും ഈ യാഥാർഥ്യം വ്യക്തമായി മനസിലാക്കിയിരുന്നു. തന്മൂലമാണ്, അദ്ദേഹം ദൈവപുത്രനായ യേശുവിനെക്കുറിച്ച് ഇപ്രകാരം എഴുതിയത്: "തികച്ചും നിരപരാധിയായിരുന്ന ഒരു മനുഷ്യൻ തന്റെ ശത്രുക്കൾ ഉൾപ്പെടെയുള്ള മറ്റുള്ളവരുടെ നന്മയ്ക്കായി തന്നെത്തന്നെ ബലി കഴിക്കുകയും ലോകത്തിന്റെ രക്ഷയ്ക്കായുള്ള മോചനദ്രവ്യമായി തീരുകയും ചെയ്തു. അതു പൂർണതയുള്ള ഒരു പ്രവൃത്തിയായിരുന്നു.'
ദൈവപുത്രനായ യേശുവിനെപ്പോലെ മറ്റുള്ളവരുടെ നന്മയ്ക്കായി നമ്മെത്തന്നെ പൂർണമായി ബലി കഴിക്കാൻ നമുക്കു സാധിച്ചെന്നു വരില്ല. എങ്കിലും നമ്മുടെ നന്മയും രക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം മറ്റുള്ളവരുടെ നന്മയ്ക്കും രക്ഷയ്ക്കുമായി നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്നാൽ, അതു സാധിക്കണമെങ്കിൽ ജീവിതനന്മകളും സ്വർഗസൗഭാഗ്യവുമൊക്കെ മറ്റുള്ളവർക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം നമുക്കുണ്ടാകണം.
സ്വാർഥത
മുകളിൽപ്പറഞ്ഞ കഥയിലേക്കു മടങ്ങിവരട്ടെ. മതിൽ ചാടിക്കടന്നുപോയവൻ തന്റെ നന്മയും സുരക്ഷയും ഉറപ്പുവരുത്തുന്ന കാര്യം മാത്രമേ ചിന്തിച്ചുള്ളൂ. മറ്റുള്ളവരുടെ കാര്യം അയാൾക്ക് ഒരു പ്രശ്നമല്ലായിരുന്നു. അതായത്, അവൻ ശരിക്കും സ്വാർഥനായിരുന്നു എന്നു സാരം. എന്നാൽ, രണ്ടാമൻ തന്റെ ജീവിതത്തിലെ വിജയവും സ്വർഗവും കണ്ടെത്തിയത് മറ്റുള്ളവരെ സഹായിക്കുന്നതിലായിരുന്നു. അതായത്, അയാളെ സംബന്ധിച്ചിടത്തോളം സ്വർഗം എന്നത് സ്വന്ത സുഖം മറന്നും മറ്റുള്ളവരുടെ സുഖം ഉറപ്പുവരുത്തുന്നതിലായിരുന്നു.
തന്മൂലമാണ്, മരുഭൂമിയിൽ വഴിതെറ്റിയ തന്റെ സഹയാത്രികരെ മറന്നു സ്വന്തം സുഖം മാത്രം തേടിപ്പോകാൻ അയാൾക്കു സാധിക്കാതെ വന്നത്.ഒരു ദുർബല നിമിഷത്തിൽ അയാൾ അങ്ങനെ ചെയ്തുപോയിരുന്നെങ്കിൽ പിന്നെ അയാൾക്ക് ഉറക്കം വരികയില്ലെന്നതു വേറെ കാര്യം. കാരണം, അയാളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ നന്മയും സുഖവും അയാളുടെ നന്മയെയും സുഖത്തെയുംകാൾ ഏറെ പ്രാധാന്യമുള്ളതാണ്.നമ്മുടെ ജീവിതത്തിൽ എന്തിനാണു പ്രാധാന്യം? അതു നമ്മുടെ നന്മയും സൗഭാഗ്യവുംപോലെ മറ്റുവരുടെയും നന്മയും സൗഭാഗ്യവും എപ്പോഴും ഉറപ്പുവരുത്തുന്നതിലാകട്ടെ. അപ്പോൾ നാം ശരിക്കും സ്വർഗം കണ്ടെത്തും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ