ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മോർട്ട് വാക്കർ എന്ന അനുഗൃഹീത കാർട്ടൂണിസ്റ്റ് തുടക്കമിട്ട "ബീറ്റിൽ ബെയ്ലി' എന്ന അമേരിക്കൻ കാർട്ടൂൺ പരന്പര ലോകവ്യാപകമായി രണ്ടായിരം പത്രങ്ങളിൽ ദിനംതോറും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
അമേരിക്കൻ കാർട്ടൂണിസ്റ്റായ ഡിക്ക് ബ്രൗൺ ആരംഭിച്ച കാർട്ടൂൺ പരന്പരയാണ് "ഹേഗാർ ദ ഹൊറിബിൾ'. 1973ൽ ആരംഭിച്ച ഈ പരന്പര 56 രാജ്യങ്ങളിലായി 1,900 പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. മിലിട്ടറി ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ആദ്യത്തെ പരന്പരയെങ്കിൽ രണ്ടാമത്തേതാകട്ടെ എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിൽ വടക്കൻ യൂറോപ്പിലുണ്ടായിരുന്ന വൈക്കിംഗ് പോരാളികളുടെ പശ്ചാത്തലത്തിൽ രൂപകല്പന ചെയ്തിരിക്കുന്നതാണ്.
പുറത്തുകടക്കാൻ
ഈ കാർട്ടൂൺ പരന്പരകൾക്ക് ഏറെ ജനപ്രീതിയുള്ളതുകൊണ്ട്, പല പത്രങ്ങളുടെയും സൺഡേ കോമിക്സ് പുൾഔട്ടിലെ ഒന്നാം പേജിൽത്തന്നെയാണ് ഇവ പ്രത്യക്ഷപ്പെടാറുള്ളത്. 2024 മേയ് 26ന് ഇറങ്ങിയ ഒരു അമേരിക്കൻ പത്രത്തിന്റെ പുൾഔട്ടിൽ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ട ഈ രണ്ടു കാർട്ടൂണുകളിലെയും കഥ ചുരുക്കമായി ഇവിടെ വിവരിക്കട്ടെ.
ആദ്യം "ബീറ്റിൽ ബെയ്ലി'യിലെ കഥ. ഈ കഥയിലെ കഥാപാത്രങ്ങളായി ആദ്യ നാലു പാനലുകളിൽ പ്രത്യക്ഷപ്പെടുന്നത് ബ്രിഗേഡിയർ ജനറൽ ആമോസും അദ്ദേഹത്തിന്റെ ഭാര്യ മർത്തായുമാണ്. ആദ്യത്തെ ചിത്രത്തിൽ ദേഷ്യത്തോടെ മർത്താ ചോദിക്കുന്നു, "നിങ്ങളിപ്പം എവിടേക്കാ പോകുന്നത്?' അപ്പോൾ ആമോസ് പറയുന്നു, "എനിക്ക് ഒരു പ്രധാന മീറ്റിംഗ് ഉണ്ട്.' ഇതേത്തുടർന്ന്, അവരുടെ സംഭാഷണം ഇങ്ങനെ പോകുന്നു, "ആരോടൊപ്പം?' "എന്റെ സ്റ്റാഫിനൊപ്പം.' "എന്തു കാര്യത്തെക്കുറിച്ച്?' "സ്ട്രാറ്റജിക് പ്ലാനിംഗ് സംബന്ധിച്ച്.' "എപ്പോൾ മടങ്ങിവരും?' "കുറേ മണിക്കൂറുകൾ കഴിഞ്ഞ്.'
അടുത്ത പാനലിൽ കാണുന്നത് മീറ്റിംഗ് നടക്കുന്ന രംഗമാണ്. ആമുഖമായി ആമോസ് പറയുന്നു, "ഇപ്പോൾ ഞാൻ ഈ മീറ്റിംഗ് വിളിച്ചുകൂട്ടിയത് എന്തിനാണെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും.' അപ്പോൾ ഒരാൾ പറയുന്നു, "വീട്ടിൽനിന്നു പുറത്തുകടക്കാൻ ഒരുവഴി കണ്ടെത്തിയതാവും!' ഉടൻ മറ്റൊരാൾ പറയുന്നു, "അതേക്കുറിച്ച് സംശയം വേണ്ടാ...' അതായിരുന്നു ശരിയും.കഴിവില്ലാത്ത ഒരു ബ്രിഗേഡിയർ ജനറലാണ് ആമോസ്. മദ്യപിക്കുന്നതിലും ഗോൾഫ് കളിക്കുന്നതിലുമാണ് അയാൾക്കു താത്പര്യം. കാരണം, വീട്ടിലെത്തിയാൽ ഭാര്യ സമാധാനം കൊടുക്കില്ല. ഭാര്യയുടെ മാതൃക കണ്ട് വീട്ടിലെ പൂച്ച പോലും ആമോസിനെ അവഗണിക്കുന്നു.
ഇനി, "ഹേഗാർ ദി ഹൊറിബിളി'ൽ പറയുന്ന കഥ. ആദ്യ പാനലിൽ ഹേഗാർ ഭാര്യയായ ഹെൽഗയോട് പറഞ്ഞു, "ഞാൻ ഇംഗ്ലണ്ടിലെ കൊട്ടാരങ്ങൾ കൊള്ളചെയ്യാൻ പോവുകയാണ്.' അപ്പോൾ ഹെൽഗ പറയുന്നു, "അങ്ങ് പോകണോ? ഇന്നു ഞായറാഴ്ച അല്ലേ? യാത്ര നാളത്തേക്കു മാറ്റിവച്ചുകൂടേ?'അടുത്ത പാനലുകളിൽ അവരുടെ സംഭാഷണം ഇപ്രകാരം തുടരുന്നു, "പക്ഷേ, ഞാൻ ചെയ്യേണ്ട കാര്യം ഞാൻ ചെയ്യേണ്ടേ? അത് എന്റെ ത്യാഗപ്രവൃത്തിയാണ്.' "അങ്ങ് പറയുന്നതു ശരിയാണ്. നമ്മൾ എല്ലാവരും ത്യാഗം സഹിക്കണം.
ഇന്നത്തെ എന്റെ ത്യാഗം, ഞാൻ അത്താഴത്തിനു തയാറാക്കുന്ന ലസാഞ്ഞയും ബ്ലാക്ക് ഫോറസ്റ്റ് കേക്കും എന്റെ പ്രിയ ഭർത്താവിനെക്കൂടാതെ ഞാൻ കഴിക്കണമെന്നാണ്!'ഇതു കേട്ടപ്പോൾ ഹേഗാർ പറയുന്നു, "ഈ ത്യാഗം സഹിക്കാൻ ഞാൻ അനുവദിക്കില്ല. ഇല്ല, ഞാൻ പോകുന്നില്ല.' ഉടനെ ഹെൽഗ പറയുന്നു, "അങ്ങ് എന്നോട് എന്തു സ്നേഹമാണ് കാണിക്കുന്നത്.'
ഈ രണ്ടു കാർട്ടൂൺ കഥകളും ഭാര്യാ-ഭർതൃ ബന്ധത്തയാണ് പരാമർശിക്കുന്നത്. ആദ്യ കഥയിലെ ഭർത്താവായ ആമോസിന്റെ കുടുംബജീവിതം സമാധാനപൂർണമല്ലെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദി ആമോസ് തന്നെയാണ്.
എന്നാൽ, ഭാര്യ വഹിക്കുന്ന റോളും അത്ര അപ്രധാനമല്ല. ആമോസിനെ കുറ്റംപറയാനും കൊച്ചാക്കാനും നിയന്ത്രിക്കാനുമാണ് മർത്താ എപ്പോഴും ശ്രദ്ധിക്കുന്നത്. ഭർത്താവിനോടു സ്നേഹപൂർവം എപ്രകാരമാണ് പെരുമാറേണ്ടതെന്നും കുടുംബജീവിതം എങ്ങനെ മനോഹരമാക്കണമെന്നും മർത്തായ്ക്ക് അറിയില്ല. അതുതന്നെയാണ് അവരുടെ കുടുംബ ജീവിതം ദുരിതപൂർണമാക്കുന്നതും.
പെരുമാറ്റം
എന്നാൽ, ഹെൽഗ എന്ന ഭാര്യ അങ്ങനെയല്ല. അവളുടെ ഭർത്താവ് സാഹസികമായ ഒരു ജീവിതം നയിക്കുന്ന ആളാണ്. തന്മൂലം അയാൾക്കു പലപ്പോഴും യാത്രയാണ്. ഇതു മനസിലാക്കാനുള്ള വിവേകം ആ സ്ത്രീക്കുണ്ട്. എന്നാൽ, അവർക്കു രണ്ടുപേർക്കും ഒരുമിച്ചു സമയം ചെലവഴിക്കാനുള്ള സമയവും ഹെൽഗ കണ്ടെത്താറുണ്ട്. അതിനുള്ള വഴി അയാൾക്ക് ഇഷ്ടമായ ഭക്ഷണം പാകം ചെയ്തുകൊടുക്കുക എന്നതാണ്.
നാം പരാമർശിക്കുന്ന ഈ കഥയിൽ അതാണു ഹെൽഗ ചെയ്യുന്നത്. പാസ്തയും ചീസും മീറ്റും ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണം ഹേഗാറിനു വലിയ ഇഷ്ടമാണ്. അതുപോലെ, കേക്കുകളിൽ കേമനായ ബ്ലാക്ക് ഫോറസ്റ്റും. ഇവ രണ്ടും അത്താഴത്തിനുണ്ടാകുമെന്നു കേട്ടപ്പോൾ ഹേഗാർ തന്റെ യാത്ര അതിവേഗം മാറ്റിവയ്ക്കാൻ തയാറായി. അപ്പോൾ, അതു തന്നോടുള്ള സ്നേഹത്തെപ്രതി ഹേഗാർ ചെയ്യുന്നതാണെന്ന് ഏറ്റുപറയാനുള്ള വിശാലമനസ്കതയും ഹെൽഗ കാണിച്ചു. ഇതുപോലെയുള്ള സ്നേഹപൂർവമായ ഇടപെടലാണ് ഹെൽഗയെ മർത്തായിൽനിന്നു വ്യത്യസ്തയാക്കുന്നത്.
ഈ കാർട്ടൂണുകൾ രണ്ടും ഒരു പത്രത്തിലെ കാർട്ടൂൺ കോമിക്സിന്റെ ഒന്നാം പേജിൽ ഒരേദിവസം പ്രത്യക്ഷപ്പെട്ടത് ആകസ്മികമാകാം. എന്നാൽ, അവ നൽകുന്ന സന്ദേശം കുടുംബജീവിതത്തിലെ വിജയപരാജയങ്ങൾ വരുന്ന വഴികൾ വ്യക്തമാക്കുന്നവയാണ്. കുടുംബജീവിതം നയിക്കുന്നവർ ഈ കഥാപാത്രങ്ങളെ അനുസ്മരിക്കാനിടയായാൽ അതവർക്ക് ഏറെ ഗുണം ചെയ്യും തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ