സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റിക് ആയിരുന്ന അദ്ദേഹം പാക്കിസ്ഥാനിലെ ഹാല എന്ന പ്രദേശത്താണ് ജനിച്ചത്. ബിറ്റായിക്ക് ഇരുപതു വയസുള്ളപ്പോൾ അദ്ദേഹം ഒരു യുവതിയിൽ അനുരക്തനായി. എന്നാൽ, യുവതിയുടെ കുടുംബം ആ ബന്ധത്തെ എതിർത്തു.
അതേത്തുടർന്ന്, ബിറ്റായ് വീടും നാടുംവിട്ട് ദേശാടനത്തിനു പോയി. മൂന്നു വർഷം നീണ്ടുനിന്ന യാത്രയിൽ അദ്ദേഹം പല സൂഫി മിസ്റ്റിക്കുകളുമായി പരിചയപ്പെട്ടു. യാത്രകഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ, തന്റെ പ്രേമഭാജനത്തെ വിവാഹം കഴിക്കാനുള്ള തടസങ്ങൾ മാറിയിരുന്നു. വിവാഹം മംഗളമായി നടന്നെങ്കിലും അധികനാൾ കഴിയുന്നതിനുമുന്പ് അദ്ദേഹത്തിന്റെ ഭാര്യ മൃതിയടഞ്ഞു. പിന്നീട് അദ്ദേഹം വിവാഹം ചെയ്തില്ല. അതിനുപകരം ആധ്യാത്മിക ജീവിതത്തിലേക്കു ശ്രദ്ധ തിരിച്ചു.
ഈ കാലഘട്ടത്തിലാണ് അദ്ദേഹം കവിതകൾ രചിക്കാൻ തുടങ്ങിയത്. അവയിൽ പലതും അധിഷ്ഠിതമായിരിക്കുന്നതു സിന്ധി നാടോടിക്കഥകളിലും ദൈവവിശ്വാസത്തിലുമാണ്. അദ്ദേഹം രചിച്ച കവിതകൾ പിൽക്കാലത്തു ശിഷ്യരാണ് സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.
മരുഭൂമിയിലൂടെ
"ഷാ ജോ റിസാലോ'' എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിലെ ഒരു പ്രധാന കവിത സസൂയി എന്ന ഒരു സുന്ദരിയെക്കുറിച്ചുള്ളതാണ്. ബാംബോർ എന്ന സ്ഥലത്തു ജനിച്ച അവൾ അകലെ ഒരു ദേശത്തുള്ള പുൻഹകണ് എന്ന ഒരു രാജകുമാരനുമായി പ്രണയത്തിലായി. വ്യത്യസ്തമായിരുന്നു അവരുടെ പശ്ചാത്തലങ്ങളെങ്കിലും അവർ പരസ്പരം വിവാഹിതരായി. എന്നാൽ, അധികം താമസിയാതെ രാജകുമാരനു തന്റെ ജന്മദേശത്തേക്കു മടങ്ങേണ്ടിവന്നു.
ഇതേത്തുടർന്ന്, സസൂയി തന്റെ പ്രിയതമനെ തേടിയുള്ള യാത്ര ആരംഭിച്ചു. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽകൂടിയുള്ള യാത്രയിൽ നിരവധി തടസങ്ങൾ അവൾ നേരിട്ടു. എന്നാൽ, ആ തടസങ്ങളെയെല്ലാം അതിജീവിക്കാൻ ശക്തിയുള്ളതാണ് അവളുടെ പ്രിയതമനോടുള്ള സ്നേഹം. ചൂടും തണുപ്പും വിശപ്പും ദാഹവുമൊന്നും അവളെ തളർത്തിയില്ല. തന്റെ ലക്ഷ്യം സാധിക്കാൻ അവൾ മുന്പോട്ടുതന്നെ പോയി. ഈ കവിതയുടെ വിവിധ പരിഭാഷകളനുസരിച്ച്, ഒന്നുകിൽ സസൂയി മണലാരണ്യത്തിൽ മരിച്ചുവീഴുകയോ അല്ലെങ്കിൽ അദ്ഭുതകരമായി ഭൂമിയോട് ഒന്നായിത്തീരുകയോ ആണ് ചെയ്യുന്നത്.
മറികടക്കുന്ന സ്നേഹം
സസൂയിയുടെ കഥ ഒരു സാധാരണ പ്രേമകഥയല്ല. അതു മനുഷ്യാത്മാവ് ദൈവത്തെ അന്വേഷിക്കുന്ന കഥയാണ്. കവിതയിലെ സസൂയി പ്രതിനിധാനം ചെയ്യുന്നത് ദൈവത്തെ തേടുന്ന മനുഷ്യാത്മാവിനെയാണ്. രാജകുമാരൻ പ്രതിനിധാനം ചെയ്യുന്നതു ദൈവത്തെയും.
ബിറ്റായിയുടെ വിവരണമനുസരിച്ച്, ദൈവാന്വേഷകന്റെ യാത്ര ഏറെ ആയാസകരമാണ്. നിരവധി പ്രതിബന്ധങ്ങളാണ് ദൈവാന്വേഷകനു നേരിടാനുള്ളത്. എന്നാൽ, അവയെല്ലാം മറികടക്കാൻ സഹായിക്കുന്ന ഒരു ഘടകമുണ്ട്. അതു സസൂയി പ്രതിനിധാനം ചെയ്യുന്ന ദൈവാന്വേഷകന്റെ സ്നേഹമാണ്. ബിറ്റായിയുടെ കവിതയിൽനിന്നു രണ്ടു വരികൾ ഇവിടെ കുറിക്കട്ടെ: "ഞാൻ എന്തിനു ഭയപ്പെടണം? എന്റെ സ്നേഹം പ്രതിബന്ധങ്ങളെ മറികടക്കും. പർവതങ്ങൾ ഏറെ ഉയരം കൂടിയതാവാം. എന്നാൽ, എന്റെ ഹൃദയം അവയെക്കാൾ ശക്തിയുള്ളതാണ്.''
സസൂയിക്കു തന്റെ പ്രിയതമനോടുള്ള അഗാധ സ്നേഹത്തിലുള്ള വിശ്വാസമാണ് ഈ ഈരടികൾ പ്രതിഫലിപ്പിക്കുന്നത്. മലകളെ മറികടക്കാനും മരുഭൂമികളെയും അതിജീവിക്കാനും ശക്തമാക്കുന്ന സ്നേഹമാണിത്. ബിറ്റായിയെ സംബന്ധിച്ചിടത്തോളം ഈ സ്നേഹം മനുഷ്യനെ ദൈവോന്മുഖമായി നയിക്കുന്ന ദൈവഭക്തിയാണ്. ഈ ദൈവഭക്തിയാണത്രെ മനുഷ്യന്റെ ആധ്യാത്മികയാത്ര വിജയകരമായി മാറ്റുന്നത്. എന്നാൽ, ദൈവത്തിൽ ലയിക്കാനുള്ള ഈ യാത്ര വിജയകരമാകണമെങ്കിൽ പിന്തിരിയാതെ മുന്നോട്ടുതന്നെ പോകണം.
ബിറ്റായിയുടെ കവിതയിൽനിന്നു വീണ്ടും: "മരുഭൂമി അതിവിശാലമാണ്, യാത്ര ദീർഘമേറിയതും. എന്നാൽ, സ്നേഹത്തിന്റെ ദീപം പ്രോജ്വലിക്കുന്നു; ഞാൻ പിന്നോട്ടു പോകില്ല.'' സസൂയിയെപ്പോലെ ദൈവാന്വേഷകനും മുന്നോട്ടുതന്നെ പോകണമെന്ന് ബിറ്റായി ഓർമിപ്പിക്കുന്നു. സസൂയിയുടെ യാത്ര അവളിൽ ഏറെ മാറ്റം വരുത്തി. നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെല്ലാം അവളെ മെച്ചപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാക്കിമാറ്റി. ഇതുതന്നെയാണ്, ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവിനു സംഭവിക്കുന്നതും.
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളുമൊന്നും വെറുതെ സംഭവിക്കുന്നവയല്ല. അവയെല്ലാം ആത്മവിശുദ്ധീകരണത്തിനും ദൈവസ്നേഹത്തിൽ ഏറെ വർധിക്കാനും വേണ്ടി സംഭവിക്കുന്നവയാണെന്നതാണു വാസ്തവം. ജീവിതത്തിലെ പ്രതിബന്ധങ്ങളെ അതിജീവിച്ചും ദുഃഖസമുദ്രത്തിലൂടെ നീന്തിയും മറുകരയെത്തുന്പോൾ എന്താണ് സംഭവിക്കുന്നത്?
ബിറ്റായിയുടെ കവിതയിൽ അതിനുള്ള ഉത്തരമുണ്ട്: "പ്രിയതമനെ കണ്ടുമുട്ടുന്പോൾ ആത്മാവ് സ്വതന്ത്രമാകും.'' അതായത്, ജീവിതത്തിലെ സകല ക്ലേശങ്ങളിലും ദുഃഖദുരിതങ്ങളിലുംനിന്നു നാം പൂർണസ്വതന്ത്രരാകുമെന്നു സാരം. അതോടൊപ്പം, ദൈവത്തോടൊപ്പം നിത്യസൗഭാഗ്യം അനുഭവിക്കുകയും ചെയ്യും.
എന്നാൽ, ഇതു സാധ്യമാകണമെങ്കിൽ എന്തു ചെയ്യണമെന്നു കവി ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നുണ്ട്: "അവനെ കണ്ടെത്താൻ നീയെല്ലാം സമർപ്പിക്കണം.'' അതായത്, നമ്മെയും നമുക്കുള്ളവയെയുമെല്ലാം ദൈവത്തിനു പൂർണമായി സമർപ്പിച്ചുകൊണ്ട് ജീവിക്കണം. അതിനുവേണ്ടത് അഗാധ ദൈവസ്നേഹവും. ആ സ്നേഹം പൂവണിയുന്നത് ആഴമേറിയ ദൈവഭക്തിയിലും. നമുക്കു ദൈവസ്നേഹമുണ്ടെങ്കിൽ ദൈവഭക്തിയുണ്ടാകും. നമുക്കു ശരിയായ ദൈവഭക്തിയുണ്ടെങ്കിൽ ഈ ലോകത്തിലും പരലോകത്തിലും നാം എപ്പോഴും ദൈവത്തോടൊപ്പം ആയിരിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ