ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായിരുന്ന അദ്ദേഹം വിദ്യാർഥികളെ പഠിപ്പിക്കുന്നതോടൊപ്പം സാഹിത്യരചനയ്ക്കും സമയം കണ്ടെത്തിയിരുന്നു. അങ്ങനെയാണ്, "സ്ട്രെയ്ഞ്ച് സ്റ്റോറീസ് ഫ്രം എ ചൈനീസ് സ്റ്റുഡിയോ' എന്ന കഥാസമാഹാരം ഉൾപ്പെടെ പല കൃതികളും അദ്ദേഹം രചിച്ചത്. മുത്തശിക്കഥകളും കണ്ഫ്യൂഷൻ ധാർമികതയ്ക്കുമൊക്കെ ആധാരമാക്കിയാണ് അവയിൽ പലതും രചിക്കപ്പെട്ടത്.
മുകളിൽ സൂചിപ്പിച്ച കഥാസമാഹാരത്തിലെ പ്രധാനപ്പെട്ട ഒരു കഥയാണ് "ബെൻഹെയുടെ രത്നം.' ഈ കഥയിൽ പറയുന്നതനുസരിച്ച്, വിനീതനായ ഒരു മനുഷ്യനായിരുന്നു ബിയൻ ഹെ. എങ്കിലും, പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിനു നല്ല വിവരമുണ്ടായിരുന്നു. ഒരിക്കൽ, ഒരു മലയോരത്തുകൂടി ബെൻഹെ യാത്ര ചെയ്യുന്പോൾ പച്ചനിറത്തിലുള്ള ഒരു രത്നക്കല്ല് അദ്ദേഹത്തിനു ലഭിച്ചു. ഒറ്റ നോട്ടത്തിൽത്തന്നെ അത് ഏറെ വിലപ്പെട്ട ഒരു രത്നക്കല്ലാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. പുറമേ കാണാൻ അത്ര മനോഹരമല്ലായിരുന്നെങ്കിലും അതിന്റെയുള്ളിൽ അമൂല്യമായ ഒരു രത്നം ഒളിഞ്ഞിരിപ്പുണ്ടെന്ന് ബെൻഹെയ്ക്കു തീർച്ചയായിരുന്നു.
സമ്മാനത്തിനു ശിക്ഷ
വിലയേറിയ ആ രത്നക്കല്ല് ചക്രവർത്തിക്കു നൽകാനായി ബെൻഹെ അതു ചക്രവർത്തിയുടെ സമക്ഷം എത്തിച്ചു. എന്നാൽ, ചക്രവർത്തിയുടെ ഉപദേശകർ ആ രത്നക്കല്ല് വെറും സാധാരണ കല്ലാണെന്നു വിലയിരുത്തി. തന്മൂലം, ചക്രവർത്തിയെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അവർ ബെൻഹെയെ ശിക്ഷിച്ചു. ബെൻഹെയുടെ കാലിന്റെ വിരലുകൾ മുറിച്ചുകളഞ്ഞായിരുന്നു അവർ അദ്ദേഹത്തെ ശിക്ഷിച്ചത്.
ചക്രവർത്തി അന്യായമായ രീതിയിൽ ക്രൂരമായി ശിക്ഷിച്ചെങ്കിലും ബെൻഹെ തളർന്നില്ല. തന്റെ കൈവശമുണ്ടായിരുന്ന രത്നക്കല്ലിന്റെ മൂല്യത്തെക്കുറിച്ച് അദ്ദേഹത്തിന് അത്ര മാത്രം ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട്, മറ്റൊരു ചക്രവർത്തി അധികാരമേറ്റെടുത്തപ്പോൾ തന്റെ രത്നക്കല്ല് അദ്ദേഹത്തിനു സമർപ്പിച്ചു. ചക്രവർത്തി ആ രത്നക്കല്ല് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അതിന്റെ ഫലമായി അതിനുള്ളിൽ അമൂല്യമായ ഒരു രത്നം ഒളിഞ്ഞിരിപ്പുണ്ടെന്നു കണ്ടുപിടിക്കപ്പെട്ടു.
തനിക്കു ലഭിച്ചത് ഏറെ അമൂല്യമായ ഒരു രത്നമാണെന്നറിഞ്ഞപ്പോൾ ചക്രവർത്തി ബെൻഹെക്കു നിരവധി സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. എന്നാൽ, സമ്മാനങ്ങൾ ലഭിച്ചതായിരുന്നില്ല അദ്ദേഹത്തെ സന്തോഷിപ്പിച്ചത്. പ്രത്യുത, ആ രത്നക്കല്ലിന്റെ മാഹാത്മ്യം ചക്രവർത്തിയും മറ്റും തിരിച്ചറിഞ്ഞതിലായിരുന്നു.
ബെൻഹെ കണ്ടെത്തിയ രത്നക്കല്ലുപോലെയാണ് നാം കണ്ടുമുട്ടുന്നവരിൽ പലരും. അവരുടെ ജീവിതപശ്ചാത്തലവും പെരുമാറ്റവുമൊക്കെ നാം ശ്രദ്ധിക്കുന്പോൾ അവ അർഹിക്കുന്ന ആദരവും അംഗീകാരവും നാം അവർക്കു കൊടുത്തുവെന്നു വരില്ല. അതിന്റെ കാരണം അവരിൽ കുടികൊള്ളുന്ന നന്മ നാം കാണാതെ പോകുന്നു എന്നതാണ്. അങ്ങനെ മറ്റുള്ളവരിലെ നന്മകൾ കാണാതിരിക്കുന്നതിനും ഒരു കാരണമുണ്ട്. അതു നമ്മുടെ മുൻവിധിയാണ്.
മുൻവിധികൾ മാറ്റിവച്ചു മറ്റുള്ളവരുടെ ഉള്ളിലേക്കു നോക്കി അവരെ ആഴത്തിലറിയാൻ സാധിച്ചാൽ അവരിൽ ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ കണ്ടെത്തുകതന്നെ ചെയ്യും. അവരുടെ സ്വഭാവം പരുക്കനായിരിക്കും. സമൂഹത്തിൽ അവർക്കു സ്ഥാനമൊന്നും കാണുകയില്ലായിരിക്കാം. എങ്കിലും, അവരൊക്കെ ആരുമല്ലെന്നും ഒന്നുമല്ലെന്നും നാം വിലയിരുത്തിക്കൂടാ.
അവർ നമ്മുടെ പ്രതീക്ഷയ്ക്കൊത്തു വളർന്നവരും പ്രവർത്തിക്കുന്നവരുമല്ലായിരിക്കാം. എങ്കിലും, അവരിൽ ഏറെ നന്മകൾ ഒളിഞ്ഞുകിടപ്പുണ്ട് എന്നതു മറന്നുകൂടാ. ചിലപ്പോൾ അവരായിരിക്കും മറ്റൊരാളുടെ പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും വലിയ തുണയായി മാറുക.
മുൻവിധി മാറുന്പോൾ
മുകളിലെ കഥയിലേക്ക് മടങ്ങിവരട്ടെ. അപൂർവമായ ഒരു രത്നക്കല്ല് ചക്രവർത്തിയുടെ ആളുകളെ കാണിച്ചിട്ടും അവർക്ക് അതിന്റെ മാഹാത്മ്യം മനസിലാക്കാൻ സാധിച്ചില്ല. അതിന്റെ ഒരു കാരണം ആ രത്നക്കല്ലിനുള്ളിൽ അതിമനോഹരമായ ഒരു രത്നം മറഞ്ഞുകിടക്കുന്നതു ഭാവന ചെയ്യാൻപോലും അവർക്കു സാധിക്കുമായിരുന്നില്ല എന്നതുതന്നെ. മറ്റൊരു കാരണം, ആ രത്നക്കല്ല് ചെത്തിമിനുക്കി അതിനുള്ളിലെ രത്നത്തെ പുറത്തെടുക്കാനുള്ള അറിവും കഴിവും അവർക്കുണ്ടായിരുന്നില്ല എന്നതും.
ഇതുതന്നെയാണ് നമ്മിൽ പലരുടെയും കാര്യത്തിൽ സംഭവിക്കുന്നത്. ഒന്നാമതായി, മറ്റുള്ളവരിൽ മറഞ്ഞുകിടക്കുന്ന നന്മ നമുക്കു കാണാൻ സാധിക്കുന്നില്ല. രണ്ടാമതായി, അവരിലുള്ള നന്മയും കഴിവുമൊക്കെ നമ്മുടെ സഹായത്തോടെ എങ്ങനെ വികസിപ്പിച്ചെടുക്കാൻ സാധിക്കും എന്ന ധാരണയും നമുക്കില്ല. അതുകൊണ്ടു സംഭവിക്കുന്നതെന്താണെന്നോ? അവരുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കുവേണ്ടി നമുക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ വരുന്നു.
ഈ കഥ അനുസ്മരിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതു നമ്മെക്കുറിച്ചുതന്നെയാണ്. നമ്മുടെ നന്മയും കാര്യപ്രാപ്തിയും പ്രതിബദ്ധതയൊന്നും ഒരുപക്ഷേ മറ്റു ചിലർ അംഗീകരിച്ചു എന്നു വരില്ല. അതിന്റെ കാരണം നമ്മുടെ പോരായ്മയെക്കാളേറെ മറ്റുള്ളവരുടെ പോരായ്മതന്നെയാണ്. അതിനാൽ, ബെൻഹെ തനിക്കു ലഭിച്ച രത്നക്കല്ലിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഉറച്ചു വിശ്വസിച്ചതുപോലെ നമ്മുടെ നന്മയിലും കാര്യപ്രാപ്തിയിലും പ്രതിബദ്ധതയിലുമൊക്കെ ഉറച്ച വിശ്വാസമുണ്ടാകണം. മാത്രമല്ല, അനുദിനം എല്ലാ കാര്യങ്ങളിലും നമ്മെ മെച്ചപ്പെടുത്താനായിരിക്കണം നമ്മുടെ ശ്രമം.
നമ്മുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന രത്നങ്ങളെക്കുറിച്ചു നമുക്കു ബോധ്യമില്ലെങ്കിൽ മറ്റുള്ളവർക്ക് ആ ബോധ്യം എങ്ങനെയുണ്ടാകാനാണ്? നമ്മിലെ നന്മകളെക്കുറിച്ച് നല്ല ബോധ്യവും അവബോധവും ഉണ്ടാകുന്നതോടൊപ്പം അവ നിരന്തരം വളർത്തിയെടുക്കാൻ നാം ആത്മാർഥമായി യത്നിക്കുകയും വേണം. എങ്കിൽ മാത്രമേ, നമ്മിൽ മറഞ്ഞുകിടക്കുന്ന രത്നങ്ങൾ നമ്മുടെ ചുറ്റിലും പ്രഭ വിതറൂ.
അപ്പോൾ നമ്മെക്കുറിച്ചു സാധാരണ കാഴ്ചയ്ക്കപ്പുറം കാണേണ്ട യാഥാർഥ്യം മറ്റുള്ളവർ കാണുകതന്നെ ചെയ്യും. അതുപോലെ, നമ്മുടെ കാഴ്ചയ്ക്കപ്പുറം കാണേണ്ട കാഴ്ചകൾ കാണുന്നതിന് അതു നമ്മെ സഹായിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ