ഡൽഹി പുകയുന്നു; വെള്ളം തളിച്ച് സർക്കാർ
Sunday, November 10, 2024 2:19 AM IST
ന്യൂഡൽഹി: കനത്ത മലിനീകരണവും പുകമഞ്ഞും അന്തരീക്ഷത്തെ കാർന്നുതിന്നുന്നതിനിടെ മലിനീകരണത്തോത് കുറയ്ക്കാനുള്ള നടപടികളുമായി ഡൽഹി സർക്കാർ.
ഡൽഹിയിൽ മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിലൊന്നായ ആനന്ദ് വിഹാറിൽ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു മലിനീകരണം കുറയ്ക്കാനുള്ള പരീക്ഷണമാണ് ആം ആദ്മി പാർട്ടി സർക്കാർ നടത്തുന്നത്.
തുടർച്ചയായി 400നു മുകളിൽ വായുഗുണനിലവാരസൂചിക (എക്യുഐ) രേഖപ്പെടുത്തുന്ന ആനന്ദ് വിഹാറിൽ ഡ്രോണ്‍ ഉപയോഗിച്ച് നഗരത്തിനു മുകളിൽ വെള്ളം തളിച്ചാണ് പൊടിപടലങ്ങളിൽനിന്ന് താത്കാലിക ആശ്വാസം നൽകാൻ ശ്രമിക്കുന്നത്. സംസ്ഥാന പരിസ്ഥിതിമന്ത്രി ഗോപാൽ റായിയുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം.
പരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളിൽ 15 ലിറ്റർ വെള്ളംവരെ സൂക്ഷിക്കാൻ കഴിയുമെന്ന് ഗോപാൽ റായ് പറഞ്ഞു.
മലിനീകരണനിയന്ത്രണത്തിന് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടുങ്ങിയ സ്ഥലങ്ങളിലെ വായു ശുദ്ധമാക്കാൻ ഡ്രോണുകളിൽനിന്നു തളിക്കുന്ന വെള്ളത്തുള്ളികൾക്കു കഴിയും. ഡ്രോണ്‍ ഉപയോഗിച്ചുള്ള മലിനീകരണനിയന്ത്രണം എത്രത്തോളം ഫലപ്രദമാണെന്ന റിപ്പോർട്ട് പരിസ്ഥിതിവകുപ്പിനും ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിക്കും വിലയിരുത്തലിനായി അയയ്ക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു.
ഡൽഹി സർക്കാരിന്റെ ശൈത്യകാല കർമപരിപാടിയിൽ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രധാനപ്പെട്ട മലിനീകരണ ഹോട്ട്സ്പോട്ടുകളിൽ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശൈത്യകാല മലിനീകരണം തടയാൻ 21 നിർണായക പദ്ധതികളാണ് എഎപി സർക്കാർ കർമപരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഡൽഹിയിലെ 13 ഹോട്ട്സ്പോട്ടുകളിൽ 13 ഏകോപന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
റോഡിലെയും പൊതുസ്ഥലങ്ങളിലെയും പൊടിപടലങ്ങൾ നിയന്ത്രിക്കാൻ 70 നിയമസഭാ മണ്ഡലങ്ങളിലും ഇരുനൂറോളം മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകൾ ഉപയോഗിച്ചു വരികയാണെന്ന് ഗോപാൽ റായ് പറഞ്ഞു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഇത്തരം ഗണ്ണുകൾ നഗരം മുഴുവൻ സഞ്ചരിച്ചു പൊടിപടലങ്ങൾ തടയാൻ വെള്ളം തളിക്കുന്നവയാണ്.
ദീപാവലിക്കുശേഷമുള്ള പതിനൊന്നാം ദിവസവും ഡൽഹിയിലെ വായുനിലവാരം "വളരെ മോശം’ നിലയിലാണ്. 360 എക്യുഐ ആണ് ഇന്നലെ രേഖപ്പെടുത്തിയത്. അടുത്ത രണ്ടു ദിവസങ്ങളിലും ഡൽഹി എക്യുഐ “വളരെ മോശം’’ നിലയിൽ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.