നീതിപീഠത്തിന്റെ ചെങ്കോൽ സഞ്ജീവ് ഖന്നയ്ക്ക്
Sunday, November 10, 2024 1:03 AM IST
സീനോ സാജു
ന്യൂഡൽഹി: രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരുടെ ചരിത്രത്തിലെ അന്‍പതാം അധ്യായത്തിന് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങിയതോടെ വിരാമം.
ചന്ദ്രചൂഡിനു പകരക്കാരനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന 51-ാമത് ചീഫ് ജസ്റ്റീസായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന ആറുമാസക്കാലം നീതിയുടെ പരമോന്നതകോടതിയിൽ ചീഫ് ജസ്റ്റീസ് സ്ഥാനം വഹിക്കും.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു നിയമബിരുദം നേടിയ സഞ്ജീവ് ഖന്ന നിയമത്തിൽ ബിരുദാനന്തരബിരുദം നേടിയത് ഡൽഹി സർവകലാശാലയിലെ കാന്പസ് ലോ സെന്ററിൽനിന്നാണ്.
ഡൽഹിയിലെ ഓരോ മുക്കും മൂലയും പരിചിതമായ സഞ്ജീവ് അഭിഭാഷകജീവിതം ആരംഭിച്ചത് 1983ൽ ബാർ കൗണ്‍സിൽ ഓഫ് ഡൽഹിയിൽനിന്ന്. ഡൽഹി തീസ് ഹസാരിയിലെ ജില്ലാ കോടതികളിലാണ് അദ്ദേഹം അഭിഭാഷകനായി പേരെടുത്തത്.
2005ൽ ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതനായ സഞ്ജീവിനെ 2019ൽ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തി. മുതിർന്ന 32 ഹൈക്കോടതി ജഡ്ജിമാർ ഉണ്ടായിരുന്നിട്ടും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക് ശിപാർശ ചെയ്തത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ഒരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റീസ് പദവി വഹിക്കാതെ നേരിട്ടു സുപ്രീം കോടതി ജഡ്ജിയാകുന്ന ചുരുക്കം ജഡ്ജിമാരിലൊരാളാണു സഞ്ജീവ് ഖന്ന.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ലോക്സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇടക്കാല ജാമ്യം നൽകിയത് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയ നടപടി ശരിവച്ച ഭരണഘടനാബെഞ്ചിലും സഞ്ജീവ് ഖന്ന അംഗമായിരുന്നു.
ഇലക്ടറൽ ബോണ്ട് കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെട്ടിരുന്ന സഞ്ജീവ് ഖന്ന തെരഞ്ഞെടുപ്പ് കടപ്പത്രം ഭരണഘടനാവിരുദ്ധമാണെന്ന വാദത്തോടു യോജിച്ചു. സുപ്രധാനമായ പല കേസുകളും നിയുക്ത ചീഫ് ജസ്റ്റീസായ സഞ്ജീവ് ഖന്നയുടെ പരിഗണനയിലാണ്.
വൈവാഹിക ബലാത്സംഗം, കോൽക്കത്ത ആർജി കർ ബലാത്സംഗം, ടെക് വന്പന്മാരായ ഗൂഗിളിനെതിരേ ഏർപ്പെടുത്തിയ ഭീമൻ പിഴയിലുള്ള ഹർജി തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പുതിയ ചീഫ് ജസ്റ്റീസിന്റെ കാലയളവിലാണ് പരിഗ ണയ്ക്കു വരിക.