നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചുകൊണ്ടുവരണമെന്നു വീണ്ടും ചെറുമകൻ
Sunday, November 10, 2024 1:03 AM IST
കോൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ചെറുമകൻ ചന്ദ്രകുമാർ ബോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വീണ്ടും ആവശ്യപ്പെട്ടു.
ജപ്പാനിലെ റെനാക്കി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശേഷിപ്പുകൾ നേതാജിയുടെ ജന്മവാർഷികമായ ജനുവരി 23ന് മുൻപ് രാജ്യത്തെത്തിക്കണം.
നേതാജിക്കായി ഡൽഹിയിൽ സ്മാരകം നിർമിക്കണം. നേതാജിയുടെ തിരോധാനം സംബന്ധിക്കുന്ന രേഖകളെല്ലാം പുറത്തുവന്നതോടെ 1945 ഓഗസ്റ്റ് 18ന് മരിച്ചുവെന്നു തീർച്ചയായിക്കഴിഞ്ഞു. അതിനാൽ, ഈ വിഷയത്തിലെ ഊഹാപോഹങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ പ്രസ്താവന നടത്തണമെന്നും ആവശ്യമുണ്ട്.