കോവിഡ് അഴിമതി: യെദിയൂരപ്പയെ വിചാരണ ചെയ്യണം
Sunday, November 10, 2024 1:03 AM IST
ബംഗളൂരു: കോവിഡ് അഴിമതിയിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയെയും മുൻമന്ത്രി ബി. ശ്രീരാമലുവിനെയും വിചാരണ ചെയ്യാൻ ശിപാർശ ലഭിച്ചതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ട റാവു.
കോവിഡ് കാലത്ത് മരുന്നുകളും അനുബന്ധസാധനങ്ങളും വാങ്ങിയതിൽ 14 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നു കണ്ടെത്തിയ ജസ്റ്റീസ് മൈക്കിൾ ഡി. കുൻഹ കമ്മീഷൻ ഇരുവരേയും വിചാരണ ചെയ്യാൻ ശിപാർശ ചെയ്യുകയായിരുന്നു.
കോവിഡിന്റെ മറവിൽ ബിജെപി സർക്കാർ നടത്തിയ കൊള്ള അന്ന് പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നിരുന്നു. സത്യം പുറത്തുവരാനാണ് അധികാരത്തിലെത്തിയയുടൻ കമ്മീഷനെ നിയമിച്ചതെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
പിപിഇ കിറ്റ് ഇന്ത്യയിൽ ലഭിക്കുമെന്നിരിക്കെ ചൈനയിൽനിന്നും ഹോങ്കോംഗിൽനിന്നും കർണാടകയിലെത്തിച്ചതിലൂടെ നിയമവിരുദ്ധമായ കച്ചവടമാണു നടന്നിട്ടുള്ളതെന്നു കമ്മീഷൻ കണ്ടെത്തി.
13നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രാചാരണങ്ങളിൽനിന്ന് യെദിയൂരപ്പയും ശ്രീരാമലുവും വിട്ടുനിൽക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഓഗസ്റ്റ് 31നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ആറുമാസത്തിനുള്ളിൽ മന്ത്രിസഭാ ഉപസമിതിക്ക് കമ്മീഷൻ രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിക്കും.